വിപണി പിടിക്കാൻ സാംസങ് ഗാലക്സി എ25 സ്മാർട്ട്ഫോൺ വരുന്നു, ഫീച്ചറുകൾ കേമം
Samsung Galaxy A25 Price | സാംസങ് ഗാലക്സി എ25 സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിലായിരിക്കും ഇന്ത്യയിലെത്തുക. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് അടക്കമുള്ള ഫീച്ചറുകൾ ഈ ഡിവൈസിൽ ഉണ്ടായിരിക്കും.
സാംസങ് തങ്ങളുടെ എ സീരീസിലേക്ക് പുതിയൊരു സ്മാർട്ട്ഫോൺ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. സാംസങ് ഗാലക്സി എ25 (Samsung Galaxy A25) എന്ന ഡിവൈസാണ് കമ്പനി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. സർട്ടിഫിക്കേഷൻ പ്ലാറ്റ്‌ഫോമുകളിൽ ഇതിനകം ഈ ഡിവൈസ് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ലിസ്റ്റിങ്ങുകൾ ഫോണിന്റെ പ്രധാന സവിശേഷതകളും ഡിസൈൻ വിശദാംശങ്ങളും വെളിപ്പെടുത്തുന്നു. ഈ വർഷം ഏപ്രിലിൽ പുറത്തിറങ്ങിയ ഗാലക്സി എ24 സ്മാർട്ട്ഫോണിന്റെ പിൻഗാമിയായിട്ടായിരിക്കും ഗാലക്സി എ25 വിപണിയിലെത്തുന്നത്.
സാംസങ് ഗാലക്സി എ25
അടുത്ത വർഷം ആദ്യം തന്നെ സാംസങ് ഗാലക്സി എ25 വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഇക്കാര്യം സാംസങ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്തായാലും വൈകാതെ തന്നെ ഫോൺ പുറത്തിറങ്ങുമെന്ന് ഉറപ്പാണ്. ഇതിനകം തന്നെ ഫോണിന്റെ സവിശേഷതകളുമായി ബന്ധപ്പെട്ട നിരവധി ലീക്ക് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഏറ്റവും പുതിയ ലീക്ക് റിപ്പോർട്ടുകളിലൂടെ സാംസങ് ഗാലക്സി എ25 സ്മാർട്ട്ഫോണിന്റെ വിലയും വേരിയന്റുകളും പുറത്ത് വന്നു.
വിലയും വേരിയന്റുകളും
പ്രശസ്ത ടിപ്സ്റ്റർ സുധാൻഷു അംബോർ പുറത്ത് വിന്ന അപ്പുവൽസ് റിപ്പോർട്ടിലെ കണക്കുകൾ അനുസരിച്ച് സാംസങ് ഗാലക്സി എ25 സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ പുറത്തിറങ്ങും. ഫോണിന് 6 ജിബി റാമും + 128 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റും 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹൈഎൻഡ് വേരിയന്റും ആയിരിക്കും ഉണ്ടായിരിക്കുക. 6 ജിബി വേരിയന്റിന് 300 യൂറോ (ഏകദേശം 26,800 രൂപ) ആയിരിക്കും വിലയെന്നും 8 ജിബി റാമുള്ള വേരിയന്റിന് 400 യൂറോ (ഏകദേശം 35,700 രൂപ) വിലയുണ്ടാകുമെന്നാണ് സൂചനകൾ.
ഡിസ്പ്ലെയും പ്രോസസറും
സാംസങ് ഗാലക്സി എ25 സ്മാർട്ട്ഫോൺ ബ്ലാക്ക്, ബ്ലൂ, സിൽവർ, യെല്ലോ എന്നീ നിറങ്ങളിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. 90Hz റിഫ്രഷ് റേറ്റുള്ള 6.5-ഇഞ്ച് ഫുൾ-എച്ച്‌ഡി + അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ ഉണ്ടായിരിക്കുകയെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ആൻഡ്രോയിഡ് 14 ബേസ്ഡ് വൺ യുഐയിൽ ആയിരിക്കും ഈ ഡിവൈസ് പ്രവർത്തിക്കുക എന്നും സൂചനകളുണ്ട്. നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഗാലക്സി എ25 സ്മാർട്ട്ഫോണിൽ മാലി G68 ജിപിയു, സാംസങ് എക്സിനോസ് 1280 എസ്ഒസി എന്നിവ ഉണ്ടായിരിക്കും.
ക്യാമറകൾ
മൂന്ന് പിൻക്യാമറകളുമായിട്ടായിരിക്കും സാംസങ് ഗാലക്സി എ25 സ്മാർട്ട്ഫോൺ വരുന്നത്. 50 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയായിരിക്കും ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ ഉണ്ടാവുക. ഡിസ്‌പ്ലേയുടെ മുകളിൽ യു ആകൃതിയിലുള്ള സ്ലോട്ടിനുള്ളിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സാംസങ് 13 മെഗാപിക്‌സൽ ക്യാമറ നൽകുമെന്നും സൂചനകളുണ്ട്.
ബാറ്ററിയും ചാർജറും
5,000mAh ബാറ്ററിയായിരിക്കും സാംസങ് ഗാലക്സി എ25 സ്മാർട്ട്ഫോണിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമായിട്ടായിരിക്കും ഫോൺ വരുന്നത്. ലീക്ക് റിപ്പോർട്ടുകൾ അനുസരിച്ച് നേർത്ത ബെസലുകളും ഫ്രണ്ട് പാനലിൽ മുകളിൽ നടുഭാഗത്തായി വാട്ടർഡ്രോപ്പ് നോച്ചുമുള്ള ഡിസൈൻ ഫോണിനുണ്ടായിരിക്കും. വലത് ഭാഗത്തായി പവർ ബട്ടണും അതിൽ തന്നെ ഫിംഗർപ്രിന്റ് സെൻസറും നൽകും. ഫോണിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട വിവരങ്ങൾ വൈകാതെ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നു.