WhatsApp fraud | തട്ടിപ്പുകൾ സജീവം; മുന്നറിയിപ്പുമായി വാട്സ്ആപ്പ് തന്നെ രംഗത്ത്
വാട്സ്ആപ്പിലെ തട്ടിപ്പുകൾ (WhatsApp fraud) വർധിച്ച് വരികയാണ്. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്ന ആളുകളുടെ എണ്ണവും വർധിക്കുന്നു. നിലവിൽ സജീവമായിട്ടുള്ള തട്ടിപ്പുകൾ ഇന്റർനാഷണൽ നമ്പരുകളിൽ നിന്നുള്ള മെസേജുകളിലൂടെയാണ് നടക്കുന്നത്. ഇത്തരം തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വാട്സ്ആപ്പ് വഴി നിരവധി തട്ടിപ്പുകൾ നടക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. തട്ടിപ്പിന് ഇരയായവരും തട്ടിപ്പ് മെസേജുകൾ ലഭിച്ചവരും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ രംഗത്തെത്തി.
WhatsApp fraud| വാട്സ്ആപ്പിലെ തട്ടിപ്പ്
അന്താരാഷ്ട്ര നമ്പറുകളിൽ നിന്ന് ആളുകൾക്ക് കോളുകൾ ലഭിക്കുന്നതാണ് ഒരു രീതിയിലുള്ള തട്ടിപ്പ്. മറ്റൊരു രീതിയിലുള്ള തട്ടിപ്പിലൂടെ പാർട്ട് ടൈം ജോലികൾക്കായി സൈൻ അപ്പ് ചെയ്യാനും ധാരാളം പണം സമ്പാദിക്കാനുമുള്ള വഴി എന്ന രീതിയിൽ ആളുകളെ പറ്റിക്കുന്നതാണ്. ഇത്തരം കോളുകളും മെസേജുകളും വരുന്ന നമ്പരുകൾ ബ്ലോക്ക് ചെയ്യാനും റിപ്പോർട്ട് ചെയ്യാനും വാട്സ്ആപ്പ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംശയം ഉണ്ടാക്കുന്ന നമ്പറുകൾ ഇത്രത്തിൽ കണ്ടെത്തിയാൽ കമ്പനിക്ക് അവർക്കെതിരെ ഉചിതമായ നടപടിയെടുക്കാൻ കഴിയുമെന്ന് വാട്സ്ആപ്പ് വക്താവ് അറിയിച്ചു.
തട്ടിപ്പ് നമ്പരുകൾ ഇങ്ങനെ
നിലവിൽ നടക്കുന്ന തട്ടിപ്പിലൂടെ എത്യോപ്യ (+251), മലേഷ്യ (+60), ഇന്തോനേഷ്യ (+62), കെനിയ (+254), വിയറ്റ്നാം (+84) തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി വാട്സ്ആപ്പ് നമ്പരുകളിൽ നിന്നും സ്പാം കോളുകളും മെസേജുകളും വരുന്നുണ്ട്. വാട്സ്ആപ്പ് കോളുകൾക്കായി അന്താരാഷ്ട്ര നമ്പറുകൾ വിൽക്കാൻ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ നമ്പരുകൾ അതാത് നമ്പരിൽ നിന്നുള്ളതാകണം എന്നില്ല.
തട്ടിപ്പ് തടയാനുള്ള സംവിധാനം
വാട്സ്ആപ്പ് ഉപയോക്താക്കളുടെ സുരക്ഷയാണ് കമ്പനിക്ക് പ്രധാനമായിട്ടുള്ളത് എന്നും തട്ടിപ്പുകളിൽ നിന്നും സ്വയം സംരക്ഷിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറുകളും ടൂളുകളും വാട്സ്ആപ്പിൽ ഉണ്ടെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു. എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്ത മെസേജുകൾ നൽകുന്നതിനൊപ്പം ആപ്പ് ദുരുപയോഗിക്കുന്ന ആളുകൾക്കെതിരെ നടപടി എടുക്കുന്നതിൽ കമ്പനി മുന്നിൽ തന്നെയുണ്ടെന്നും വാട്സ്ആപ്പ് വ്യക്തമാക്കി. വർഷങ്ങളായി പ്രൊഡക്റ്റിൽ നിക്ഷേപങ്ങൾ നടത്തുകയും ഉപയോക്താക്കളെ സുരക്ഷിതമാക്കാനുള്ള കാമ്പെയ്നുകൾ നടത്തുകയും ചെയ്യുന്നുണ്ടെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വാട്സ്ആപ്പ് റിപ്പോർട്ട്
വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് സംശയാസ്പദമാണെന്ന് തോന്നുന്ന മെസേജുകളും കോളുകളും ബ്ലോക്ക് ചെയ്യാനും റിപ്പോർട്ടുചെയ്യാനുമുള്ള സൌകര്യം തട്ടിപ്പുകളെ ചെറുക്കുന്നതിനുള്ള ഫലപ്രദമായ വഴിയാണ്. ഉപയോക്താക്കൾക്ക് പരിചയമില്ലാത്ത ഇന്റർനാഷണൽ ഫോൺ നമ്പറുകളിൽ നിന്ന് കോളുകൾ ലഭിച്ചാൽ ഇത്തരം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും റിപ്പോർട്ടുചെയ്യാനുമുള്ള വഴി വാട്സ്ആപ്പ് നൽകുന്നു. ഈ അക്കൗണ്ടുകൾ വാട്സ്ആപ്പിന് റിപ്പോർട്ട് ചെയ്യേണ്ടത് പ്രധാനമാണ്. ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അക്കൌണ്ടുകൾക്കെതിരെ നടപടി എടുക്കുമെന്ന് കമ്പനി അറിയിച്ചു.
സുരക്ഷ
വാട്സ്ആപ്പ് പ്ലാറ്റ്ഫോമിൽ ഉപയോക്താക്കളെ സുരക്ഷിതമാക്കാനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മറ്റ് അത്യാധുനിക സാങ്കേതികവിദ്യ, ഡാറ്റാ സയന്റിസ്റ്റുകൾ, വിദഗ്ധർ, പ്രോസസ്സുകൾ എന്നിവയ്ക്കായി നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഉപയോക്താക്കളുടെ സുരക്ഷ സംബന്ധിച്ച റിപ്പോർട്ട് ഓരോ മാസവും പ്രസിദ്ധീകരിക്കുന്നുണ്ടെന്നും വാട്സ്ആപ്പ് അറിയിച്ചു. ഐടി റൂൾസ് 2021 അനുസരിച്ച് പുറത്ത് വിടുന്ന റിപ്പോർട്ടിൽ വാട്സ്ആപ്പിന് ലഭിച്ച ഉപയോക്താക്കളുടെ പരാതികളുടെയും അനുബന്ധ നടപടികളുടെയും വിശദാംശങ്ങൾ ഉൾപ്പെടുന്നു. മാർച്ച് മാസത്തിൽ മാത്രം വാട്സ്ആപ്പ് 4.7 ദശലക്ഷത്തിലധികം അക്കൗണ്ടുകളാണ് നിരോധിച്ചത്.