മോട്ടറോളയുടെ ഈ അടിപൊളി സ്മാർട്ട്ഫോൺ ഇപ്പോൾ വാങ്ങാം; Moto G84 5Gയുടെ വിൽപ്പന ആരംഭിച്ചു
മോട്ടറോള അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ മോട്ടോ ജി84 5ജി (Moto G84 5G) എന്ന സ്മാർട്ട്ഫോൺ അവതരിപ്പിച്ചത്. ഈ ഫോണിന്റെ രണ്ടാമത്തെ വിൽപ്പന ആരംഭിച്ചു. 20,000 രൂപയിൽ താഴെ വിലയിൽ ആകർഷകമായ സവിശേഷതകളുമായിട്ടാണ് മോട്ടോ ജി84 5ജി സ്മാർട്ട്ഫോൺ വരുന്നത്. സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റ്, ഒഎൽഇഡി ഡിസ്‌പ്ലേ, ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട്, ഡ്യുവൽ ക്യാമറ സെറ്റപ്പ്, സ്റ്റോക്ക് ആൻഡ്രോയിഡ് സോഫ്‌റ്റ്‌വെയർ എന്നിവയുള്ള മിഡ് റേഞ്ച് സ്‌മാർട്ട്‌ഫോണാണിത്.
ഇത് രണ്ടാം വിൽപ്പന
മോട്ടോ ജി84 5ജി സ്മാർട്ട്ഫോൺ സെപ്റ്റംബർ 8ന് ആദ്യം വിൽപ്പനയ്ക്കെത്തിയിരുന്നു. രണ്ടാം വിൽപ്പന ആരംഭിച്ചുവെങ്കിലും ആദ്യ വിൽപ്പനയിൽ ലഭിച്ചിരുന്ന പല ഓഫറുകളും ഇപ്പോൾ ലഭിക്കണമെന്നില്ല. ഫോൺ വാങ്ങാനായി ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 1,000 രൂപ കിഴിവ് ലഭിക്കും. ഫ്ലിപ്പ്കാർട്ട് എക്‌സ്‌ചേഞ്ച് ഓഫറിലൂടെ 1,000 രൂപ കിഴിവും നേരത്തെ ലഭിച്ചിരുന്നു. ഇപ്പോൾ ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ 5 ശതമാനം കിഴിവ് ലഭിക്കും.
Moto G84 5G | വിലയും ലഭ്യതയും
മോട്ടോ ജി84 5ജി സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ആരംഭിച്ചത്. ഫ്ലിപ്പ്കാർട്ട്, മോട്ടറോളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവ വഴിയാണ് ഫോണിന്റെ വിൽപ്പന നടക്കുന്നത്. ഈ ഡിവൈസ് ഒരു വേരിയന്റിൽ മാത്രമേ ലഭ്യമാവുകയുള്ളു. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോട്ടോ ജി84 5ജി സ്മാർട്ട്ഫോണിന് 19,999 രൂപയാണ് ഇന്ത്യയിൽ വില. വിവ മജന്ത, മാർഷ്മാലോ ബ്ലൂ നിറങ്ങളിൽ വീഗൺ ലെതറുമായി വരുന്ന ഫോണിന്റെ മിഡ്‌നൈറ്റ് ബ്ലൂ മോഡലിൽ ഗ്ലാസ് ബാക്ക് പാനലാണുള്ളത്.
ഡിസ്പ്ലെ
6.55-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (2400 x 1080 പിക്‌സൽസ്) പോൾഇഡി ഡിസ്‌പ്ലേയുമായിട്ടാണ് മോട്ടോ ജി84 5ജി സ്മാർട്ട്ഫോൺ വരുന്നത്. 120Hz റിഫ്രഷ് റേറ്റും 1300 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസുമുള്ള മികച്ചൊരു ഡിസ്പ്ലെയാണിത്. മോട്ടറോളയുടെ ഈ മിഡ്റേഞ്ച് സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 എസ്ഒസിയാണ്. 12 ജിബി റാമും 256 ജിബി ഇൻബിൽറ്റ് സ്റ്റോറേജും മോട്ടോ ജി84 5ജിയിലുണ്ട്. ആൻഡ്രോയിഡ് 13 ഒഎസിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഒരു വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും മൂന്ന് വർഷത്തെ സുരക്ഷാ പാച്ചുകളും ഫോണിന് ലഭിക്കും.
50എംപി ക്യാമറ
മോട്ടോ ജി84 5ജി സ്മാർട്ട്ഫോണിൽ ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പാണുള്ളത്. ഈ പിൻ ക്യാമറ സെറ്റപ്പിലെ പ്രൈമറി ക്യാമറ 50 മെഗാപിക്സൽ സെൻസറാണ്. ഇതിനൊപ്പം നൽകിയിട്ടുള്ളത് 8 മെഗാപിക്സൽ സെൻസറുമാണ്. ഫോണിന്റെ മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറയും മോട്ടറോള നൽകിയിട്ടുണ്ട്. മറ്റ് മോട്ടറോള സ്മാർട്ട്ഫോണുകളിൽ കാണുന്ന എല്ലാ ക്യാമറ ഫീച്ചറുകളും ഈ ഡിവൈസിൽ കമ്പനി നൽകിയിട്ടുണ്ട്.
ഫാസ്റ്റ് ചാർജിങ്ങും ബാറ്ററിയും
5,000mAh ബാറ്ററിയാണ് മോട്ടോ ജി84 5ജി സ്മാർട്ട്ഫോണിലുള്ളത്. ഈ വലിയ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനുള്ള ഐപി54 റേറ്റിങ്ങുമായി വരുന്ന സ്മാർട്ട്ഫണിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, 5ജി, ജിപിഎസ്, ബ്ലൂടൂത്ത്, എൻഎഫ്സി, യുഎസ്ബി ടൈപ്പ് സി കണക്റ്റിവിറ്റി എന്നിവയെല്ലാമുണ്ട്. വിലയും സവിശേഷതകളും നോക്കുമ്പോൾ മികച്ച ഡീലാണ് മോട്ടോ ജി84 5ജി.