ഐകൂ 12 5ജി സ്മാർട്ട്ഫോൺ ഡിസംബർ 12ന് ഇന്ത്യൻ വിപണിയിലെത്തും; വിലയും സവിശേഷതകളും
iQOO 12 5G | ഐകൂ 12 5ജി സ്മാർട്ട്ഫോൺ നവംബർ 7നാണ് ആഗോള വിപണിയിൽ അവതരിപ്പിച്ചത്. ഈ ഫ്ലാഗ്ഷിപ്പ് ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് ഡിസംബർ 12ന് നടക്കും. ആമസോൺ വഴി ഫോൺ വിൽപ്പനയ്ക്കെത്തും.
ഐകൂ 12 5ജി (iQOO 12 5G), ഐകൂ 12 5ജി പ്രോ സ്മാർട്ട്ഫോണുകൾ അടങ്ങുന്ന ഐകൂ 12 സീരീസ് നവംബർ 7നാണ് ആഗോള വിപണിയിൽ അവതരിപ്പിച്ചത്. ഇതിലുള്ള ഐകൂ 12 5ജി സ്മാർട്ട്ഫോൺ കമ്പനി ഇന്ത്യൻ വിപണിയിലെത്തിക്കുകയാണ്. ഡിസംബർ 12ന് ഈ ഡിവൈസ് രാജ്യത്ത് ലോഞ്ച് ചെയ്യുമെന്ന് വിവോയുടെ സബ് ബ്രാന്റായ ഐകൂ വ്യക്തമാക്കിയിട്ടുണ്ട്. ആകർഷകമായ സവിശേഷതകളുമായിട്ടാണ് ഐകൂ 12 5ജി സ്മാർട്ട്ഫോൺ രാജ്യത്ത് ലോഞ്ച് ചെയ്യാൻ പോകുന്നത്.
ഐകൂ 12 5ജി
ഐകൂ 12 5ജി സ്മാർട്ട്ഫോൺ ഡിസംബറിൽ ലോഞ്ച് ചെയ്യുന്നതിന് പിന്നാലെ ആമസോൺ വഴി വിൽപ്പന ആരംഭിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിൽ ബേണിംഗ് വേ, ലെജൻഡ് എഡിഷൻ, ട്രാക്ക് എഡിഷൻ എന്നീ നിറങ്ങളിലാണ് ഐകൂ 12 5ജി സ്മാർട്ട്ഫോൺ അവതരിപ്പിച്ചത്. ഇതിൽ ട്രാക്ക് എഡിഷൻ എന്ന കളർ വേരിയന്റ് ബിഎംഡബ്ല്യു മോട്ടോർസ്‌പോർട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഈ കളർ വേരിയന്റുകൾ നിലനിർത്തിയാകും ഐകൂ 12 5ജി ഇന്ത്യയിലെത്തുന്നത്.
വിൽപ്പന ആമസോണിലൂടെ
ഐകൂ 12 5ജി സ്മാർട്ട്ഫോൺ ആമസോണിൽ ലഭ്യമാകുമെന്ന സൂചനകൾ നൽകികൊണ്ട് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ മോഡലിന്റെ ഒരു മൈക്രോസൈറ്റ് ലൈവായിട്ടുണ്ട്. ചൈനയിൽ ഐകൂ 12 5ജിയുടെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 3,999 യുവാൻ ആണ് വില. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 45,000 രൂപയോളമാണ്. 16 ജിബി + 512 ജിബി, 16 ജിബി + 1 ടിബി വേരിയന്റുകളുടെ വില യഥാക്രമം 4,299 യുവാൻ (ഏകദേശം 50 രൂപ), 4,699 യുവാൻ (ഏകദേശം 53,000 രൂപ) എന്നിങ്ങനെയാണ്.
ഡിസ്പ്ലെയും പ്രോസസറും
ഐകൂ 12 5ജി സ്മാർട്ട്ഫോണിൽ 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 1.5K (1,260×2,800 പിക്‌സൽ) റസലൂഷനാണുള്ളത്. 144Hz വരെ റിഫ്രഷ് റേറ്റും HDR10+ സപ്പോർട്ടുമായി വരുന്ന ഡിസ്പ്ലെയ്ക്ക് 20:9 ആസ്പക്റ്റ് റേഷിയോവും ഉണ്ട്. അഡ്രിനോ 750 ജിപിയുവിനൊപ്പം ഒക്ടാ-കോർ 4nm സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 എസ്ഒസിയാണ് ഈ ഡിവൈസിന് കരുത്ത് നൽകുന്നത്. ഇത് ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ചിപ്പ്സെറ്റാണ്. ആൻഡ്രോയിഡ് 14 ബേസ്ഡ് ഒക്സിജൻ ഒഎസ് 4ലാണ് ഫോൺ പ്രവർത്തിക്കുന്നത്.
ക്യാമറകൾ
മറ്റ് ഐകൂ സ്മാർട്ട്ഫോണുകളെ പോലെ മികച്ച ക്യാമറ യൂണിറ്റുമായിട്ടാണ് ഐകൂ 12 5ജി സ്മാർട്ട്ഫോണും വരുന്നത്. മൂന്ന് പിൻ ക്യാമറകളായിരിക്കും ഈ ഫോണിലുണ്ടാവുക. ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റലെ പ്രൈമറി ക്യാമറ 50-മെഗാപിക്സൽ 1/1.3-ഇഞ്ച് സെൻസറാണ്. 100X ഡിജിറ്റൽ സൂമോടുകൂടിയ 64-മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, അൾട്രാ വൈഡ് ഉള്ള 50-മെഗാപിക്സൽ വെഡ് ആംഗിൾ ക്യാമറ എന്നിവയും ഫോണിലുണ്ട്. ഹാൻഡ്‌സെറ്റിന്റെ ഫ്രണ്ട് ക്യാമറ 16 മെഗാപിക്‌സൽ സെൻസറാണ്.
ബാറ്ററി
ഐകൂ 12 5ജി സ്മാർട്ട്ഫോണിൽ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള വലിയ ബാറ്ററിയാണുള്ളത്. 120W ഫാസ്റ്റ് ചാർജിങ്ങാണ് ഫോണിലുള്ളത്. 5,000mAh ബാറ്ററി പായ്ക്ക് ധാരാളം സമയം ബാക്ക് അപ്പ് നൽകുന്നു. സുരക്ഷയ്ക്കായി ഐകൂ 12 5ജി സ്മാർട്ട്ഫോണിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ നൽകിയിട്ടുണ്ട്. ഈ ഡിവൈസിന് 203 ഗ്രാം ഭാരമാണുള്ളത്. മികച്ച കണക്റ്റവിറ്റി ഓപ്ഷനുകളാണ് ഐകൂ 12 5ജി സ്മാർട്ട്ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത.