Apple Vision Pro

Apple Vision Pro | സാങ്കേതികവിദ്യ രംഗത്ത് വീണ്ടും ആപ്പിൾ വിപ്ലവം; വിഷൻ പ്രോ വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റ് പുറത്തിറങ്ങി 2023

സാങ്കേതികവിദ്യയുടെ രംഗത്ത് ആപ്പിളിനെ പോലെ അത്ഭുതങ്ങൾ കാട്ടിയ മറ്റൊരു കമ്പനി ഉണ്ടാകില്ല. ടച്ച് സ്‌ക്രീൻ യുഗത്തിന് തുടക്കമിട്ട ഐഫോൺ അവതരിപ്പിച്ചതടക്കം ടെക്നോളജിയുടെയും ഗാഡ്ജറ്റുകളുടെയും പുതിയ രൂപത്തിലേക്കുള്ള പരിണാമം കമ്പനിയുടെ കൂടി ചരിത്രമാണ്. എന്നാൽ അടുത്ത കാലത്തായി പുതുതായി എന്താണ് ആപ്പിൾ ചെയ്യുന്നത് എന്ന ചോദ്യം ഉണ്ടാകുന്നുണ്ട്. മെച്ചപ്പെടുത്തിയ ഐഫോണുകളും മാക്ബുക്കുകളും മാത്രം പുറത്തിറക്കുന്നതിൽ മാത്രമാണ് കമ്പനിയുടെ ശ്രദ്ധ എന്ന വിമർശനവും ഉണ്ടാകുന്നു. ഇതിനുള്ള മറുപടിയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആപ്പിൾ വിഷൻ പ്രോ (Apple Vision Pro).

ആപ്പിൾ വിഷൻ പ്രോ

വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റുകളുടെ വിപണിയിൽ ഫേസ്ബുക്ക് അടക്കമുള്ള ടെക് ഭീമന്മാർ ചുവടുവച്ചിട്ടുണ്ട് എങ്കിലും ആപ്പിൾ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിഷൻ പ്രോ എന്ന ഡിവൈസ് വെർച്വൽ റിയാലിറ്റിയുടെ സാധ്യതകളെ മറ്റൊരു ദിശയിലേക്ക് തിരിക്കുന്ന ഒന്നാണ്. വിഷൻ പ്രോ ഒരു പുതിയ കമ്പ്യൂട്ടിങ് യുഗത്തിന്റെ തുടക്കമാണെന്നും കമ്പനി നേരത്തെ പുറത്തിറക്കിയിട്ടുള്ള മാക്, ഐപോഡ്, ഐഫോൺ എന്നിവ പോലെ വിഷൻ പ്രോ ലോകത്തെ മാറ്റുമെന്നും ആപ്പിൾ അഭിപ്രായപ്പെട്ടു.

സ്പേഷ്യൽ കമ്പ്യൂട്ടിങ്ങിന്റെ തുടക്കം

വെർച്വൽ ഇടങ്ങളിലേക്ക് ആളുകൾക്ക് കൂടുതൽ മികച്ച രീതിയിൽ ആക്സസ് ലഭിക്കുന്ന വിധത്തിലാണ് ആപ്പിൾ വിഷൻ പ്രോ നിർമ്മിച്ചിരിക്കുന്നത്. ഇതിനെ സാധാരണ വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റായി കണക്കാക്കാനാകില്ല. സ്പേഷ്യൽ കമ്പ്യൂട്ടിങ്ങിന്റെ തുടക്കം എന്നാണ് ഡിവൈസിനെ കമ്പനി വിളിക്കുന്നത്. ഈ കമ്പ്യൂട്ടിങ് ഉപയോക്താക്കളുടെ കൈകൾക്കും കണ്ണുകൾക്കും ചുറ്റും സ്വാഭാവികമായി തോന്നുന്ന ഒരു ഇന്റർഫേസ് ക്രിയേറ്റ് ചെയ്യുന്നുവെന്നാണ് ആപ്പിൾ വ്യക്തമാക്കുന്നത്.

Apple Vision Pro | ഡിസൈൻ

എല്ലാ വെർച്വൽ-റിയാലിറ്റി ഹെഡ്‌സെറ്റുകളും പോലെയുള്ള ഡിസൈനാണ് ആപ്പിൾ വിഷൻ പ്രോയിലുമുള്ളത്. ഇത് ധരിച്ചാൽ യാതൊരു അലോസരവും ഉണ്ടാകില്ല എന്നുറപ്പാക്കുന്ന രീതിയിലുള്ള ഡിസൈനാണ് ആപ്പിൾ ഡിവൈസിന് നൽകിയിട്ടുള്ളത്. ഹെഡ്‌സെറ്റിന്റെ ഡിസൈൻ മെച്ചപ്പെടുത്തുന്നതിലൂടെയും നിരവധി പ്രധാന സവിശേഷതകൾ ചേർക്കുന്നതിലൂടെയും വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റ് എന്ന ഇതുവരെ ഉണ്ടായിരുന്ന ആശയത്തെ മറ്റൊരു തലത്തിൽ ഉയർത്തുകയാണ് ആപ്പിൾ ചെയ്യുന്നത്. വെർച്വലായ ഇടങ്ങൾ കാണാൻ മാത്രമല്ല, ചുറ്റുപാടുകൾ നിരീക്ഷിക്കാനും ഈ ഹെഡ്സെറ്റ് സഹായിക്കുന്നു.

വെർച്വൽ സ്പേസ്

വിഷൻ പ്രോ പോലുള്ള പുതിയ ഗാഡ്‌ജെറ്റിന്റെ ഉപയോഗ രീതിയും സവിശേഷതകളും സാധ്യതകളും അനുദിനം വളരുന്ന ഒന്നാണ്. വിഷൻ പ്രോ ഒരു വിനോദ, ആശയവിനിമയ ഉപകരണമായി ഉപയോഗിക്കാമെന്നാണ് ആപ്പിൾ വ്യക്തമാക്കുന്നത്. ഇത് ഉപയോഗിച്ച് ആളുകൾക്ക് ഒരു 3ഡി വെർച്വൽ ഇടത്തിൽ സിനിമകൾ കാണാനും ഗെയിമുകൾ കളിക്കാനും ഫോട്ടോകളും വീഡിയോകളും സ്ക്രോൾ ചെയ്ത് കാണാനും സാധിക്കും. ഡിസ്നി പ്ലസ് ആപ്പിൾ വിഷൻ പ്രോയിൽ ലഭ്യമാക്കുന്നുണ്ട് എന്നും ഒടിടി പ്ലാറ്റ്ഫോമിലെ കണ്ടന്റുകൾ വെർച്വൽ സ്‌പെയ്‌സുകളിൽ കാണാൻ സാധിക്കുമെന്നും ആപ്പിൾ അധികൃതർ വ്യക്തമാക്കി.

ആശയവിനിമയത്തിനും ഉപയോഗിക്കാം

ആശയവിനിമയത്തിനുള്ള മികച്ചൊരു ഡിവൈസ് കൂടിയാണ് വിഷൻ പ്രോ. വെർച്വൽ റൂമുകളിൽ വീഡിയോ കോളുകൾ ചെയ്യാനുള്ള കഴിവാണ് ഇതിൽ ഏറ്റവും പ്രധാനം. വിഷൻ പ്രോയുടെ മറ്റൊരു സവിശേഷത നിങ്ങളുടെ ചുറ്റുപാടിനെ ഒഴിവാക്കുന്നില്ല എന്നതാണ്. സാധാരണ വെർച്വൽ ഹെഡ്‌സെറ്റുകൾ ഉപയോഗിക്കുമ്പോൾ ചുറ്റുപാടുകളിൽ നിന്ന് പൂർണമായും മാറുന്നുണ്ട്. ഇത് ഒഴിവാക്കാൻ ആപ്പിൾ വിഷൻ പ്രോയിൽ ഐ സൈറ്റ് എന്ന ഫീച്ചർ കമ്പനി നൽകിയിട്ടുണ്ട്. ഈ ഹെഡ്സെറ്റ് ഉപയോഗിക്കുമ്പോൾ പോലും ഉപയോക്താക്കൾക്ക് ചുറ്റുപാടുകൾ കാണാൻ സാധിക്കും. ഇതിനായി വ്യത്യസ്ത ക്യാമറകളും സെൻസറുകളുമാണ് വിഷൻ പ്രോ ഉപയോഗിക്കുന്നത്.

സവിശേഷതകൾ

വിഷൻ പ്രോ കർവ്ഡ് ഗ്ലാസ് കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഈ ഡിവൈസിനുള്ളിൽ ആപ്പിൾ പ്രത്യേകമായി ഉണ്ടാക്കിയ ഹാർഡ്‌വെയറാണുള്ളത്. ആർ1 സിലിക്കൺ ചിപ്പും ഇതിൽ ഉൾപ്പെടുന്നു. ഓഡിയോയെ ചെവിയിലേക്ക് നേരിട്ട് എത്തിക്കുന്നതിന് പകരമുള്ള പുതിയ ഓഡിയോ സംവിധാനം, 2 മണിക്കൂർ നേരത്തേക്ക് പ്രവർത്തിക്കുന്ന ബാറ്ററി എന്നിവയും വിഷൻ പ്രോയിലുണ്ട്. ഈ ഡിവൈസ് ലോക്ക് ചെയ്യാനും അൺലോക്കുചെയ്യാനും ഉപയോക്താവിന്റെ റെറ്റിന സ്കാൻ ചെയ്യുന്ന ഒപ്റ്റിക് ഐഡി ഉപയോഗിക്കുന്നു. വിഷൻ ഒഎസിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്. ഇത് ആപ്പിൾ തന്നെ നിർമ്മിച്ച പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമാണ്.

 

Similar Posts