Honor Smartphones | ഹോണർ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു, പുതിയ സ്മാർട്ട്‌ഫോണുകൾ ഉടൻ വരും
ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഹോണർ (Honor Smartphones) ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യൻ വിപണിയിലേക്കുള്ള തിരിച്ചുവരവ് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്തെ സ്മാർട്ട്‌ഫോൺ വിതരണത്തിനായി നോയിഡയുടെ പിഎസ്‌എവി ഗ്ലോബലുമായി ഉണ്ടായിരുന്ന മൂന്ന് വർഷത്തെ പങ്കാളിത്തത്തിന് ശേഷമാണ് ഹോണർ നേരിട്ട് ഫോണുകൾ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കാൻ ഒരുങ്ങുന്നത്. ഈ വർഷം ആദ്യം ചൈനയിൽ അവതരിപ്പിച്ച മോഡലുകൾ ഇന്ത്യയിലേക്കും എത്തിക്കാനാണ് ഹോണർ പദ്ധതിയിടുന്നത്.
Honor Smartphones | പുതിയ ഫോണുമായി വരുന്നു
ഹോണറിന്റെ വരാനിരിക്കുന്ന സ്മാർട്ട്ഫോണുകളിൽ ഹോണർ 90 ഉൾപ്പെടെയുള്ളവയുണ്ട്. കഴിഞ്ഞ ജൂൺ മാസം വരെ റിയൽമിയുടെ ബിസിനസ്, കോർപ്പറേറ്റ് സ്ട്രാറ്റജിയുടെ വൈസ് പ്രസിഡന്റായിരുന്ന മാധവ് ഷെത്ത് ഹോണറിന്റെ ഇന്ത്യയിലേക്കുള്ള തിരിച്ച് വരവ് സംബന്ധിച്ച സൂചനകൾ നൽകിയിരുന്നു. ഇന്ത്യയിൽ പുതിയ ഹോണർ സ്മാർട്ട്‌ഫോണുകൾ അവതരിപ്പിക്കുന്നതിനെക്കുറിച്ചും ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചും അദ്ദേഹം എക്സിൽ കുറിച്ചു.
തിരിച്ചു വരവ്
ഹോണറിന്റെ ഏത് മോഡലാണ് ഇന്ത്യയിൽ ആദ്യം ലോഞ്ച് എന്നതിനെക്കുറിച്ചുള്ള സൂചനകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ഇത് ഹോണർ 90 എന്ന ഡിവൈസ് ആയിരിക്കാനാണ് സാധ്യത കൂടുതൽ. സെപ്റ്റംബറിൽ ഹോണറിന്റെ തിരിച്ച് വരവിന് കളമൊരുക്കുന്നത് മികച്ചൊരു ഫോൺ തന്നെയായിരിക്കും. ഹോണർ 90 ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നു. ഈ സ്മാർട്ട്ഫോൺ ഇതിനകം ചൈനയിൽ ലഭ്യമാണ്. ഹോണർ 90, 90 പ്രോ എന്നിവ ഈ വർഷം ആദ്യമാണ് ചൈനയിൽ അവതരിപ്പിച്ചത്.
ഹോണർ 90
ഹോണർ 90 സ്മാർട്ട്ഫോണിൽ 1200 x 2664 പിക്സൽസ്, 6.7 ഇഞ്ച് ഫുൾ-എച്ച്‌ഡി + കർവ്ഡ് ഒലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 1,600 നിറ്റ് പീക്ക് ബ്രൈറ്റ്നസും 120Hz റിഫ്രഷ് റേറ്റുമുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 1 എസ്ഒസിയുടെ കരുത്തിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. 16 ജിബി വരെ റാമുമായി വരുന്ന ഫോണിൽ 512 ജിബി വരെ ഇൻബിൽറ്റ് സ്റ്റോറേജുമുണ്ട്. ആൻഡ്രോയിഡ് 13 ബേസ്ഡ് മാജിക് ഒഎസ് 7. 1 ഔട്ട്-ഓഫ്-ദി-ബോക്‌സിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.
മറ്റ് സവിശേഷതകൾ
66W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഹോണർ 90 സ്മാർട്ട്ഫോണിലുള്ളത്. 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമടങ്ങുന്ന പിൻ ക്യാമറ സെറ്റപ്പിൽ 200 മെഗാപിക്സൽ പ്രൈമറി ക്യാമറയും ഹോണർ നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 50 മെഗാപിക്സൽ ക്യാമറയാണുള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളായി ഹോണർ 90 സ്മാർട്ട്ഫോണിൽ 5ജി, 4ജി എൽടിഇ, വൈഫൈ 6, ബ്ലൂട്ടൂത്ത് 5. 2, എൻഎഫ്സി, യുഎസ്ബി ടൈപ്പ് സി പോർട്ട് എന്നിവ ഉൾപ്പെടുന്നു.
ഇന്ത്യയിൽ നിരോധനമില്ല
ഹോണർ ഒരിക്കലും ഇന്ത്യൻ വിപണിയിൽ നിന്ന് പൂർണ്ണമായും പിന്മാറിയിട്ടില്ലായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഏതാനും വർഷങ്ങളായി ഇന്ത്യയിൽ തങ്ങളുടെ സ്‌മാർട്ട്‌ഫോൺ വിൽപ്പന താല്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു ഹോണർ. രാജ്യത്തിനകത്ത് ഹോണറിന് ജീവനക്കാരും ഉണ്ടായിരുന്നു. സ്‌മാർട്ട്‌ഫോൺ വിൽപ്പന നിർത്തിയത് ഔദ്യോഗികമായ നിരോധനങ്ങൾ കാരണമല്ലായിരുന്നു. ഹോണറിന്റെ മാതൃ കമ്പനിയായ ഹുവാവേയും ഇന്ത്യയിൽ ഫോണുകളുടെ വിൽപ്പന അവസാനിപ്പിച്ചിരുന്നു.