iPhone 14 Offers | ഐഫോൺ 14 വൻ വിലക്കിഴിവിൽ; വാങ്ങണോ, അതോ ഐഫോൺ 15 വരാൻ കാത്തിരിക്കണോ?
ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ ആരംഭിച്ചിരിക്കുകയാണ്. ഈ സെയിലിലൂടെ ഏറ്റവും മികച്ച ഡീലുകൾ ലഭിക്കുന്നത് സ്മാർട്ട്ഫോണുകൾക്കാണ്. ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഇതൊരു മികച്ച അവസരം തന്നെ. ഐഫോൺ 14 (iPhone 14 Offers) എന്ന കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോണുകളിലെ ഏറ്റവും വില കുറഞ്ഞ മോഡലിന് മികച്ച ഡിസ്കൌണ്ടുകളാണ് ആമസോൺ നൽകുന്നത്. ബാങ്ക് ഓഫറുകളും മറ്റ് ഡീലുകളും ഈ ഐഫോൺ വാങ്ങുന്നവർക്ക് ലഭിക്കും.
iPhone 14 Offers | ആമസോൺ സെയിൽ
ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ സമയത്ത് ആപ്പിൾ ഐഫോൺ 14 66,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് ഫോണിന്റെ യഥാർത്ഥ വിലയെക്കാൾ വളരെ കുറവാണ്. 79,900 രൂപ വിലയുമായിട്ടാണ് ഐഫോൺ 14 ഇന്ത്യയിലെത്തിയത്. ആമസോൺ ഇപ്പോൾ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത് തന്നെ 12,901 രൂപ കിഴിവിലാണ്. ഇത് കൂടാതെ മറ്റ് ഓഫറുകളും ഫോൺ വാങ്ങുന്നവർക്ക് ലഭിക്കും. എസ്ബിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഐഫോൺ 14 വാങ്ങുന്ന ആളുകൾക്ക് പ്രത്യേകം കിഴിവും ലഭിക്കും.
ഓഫറുകൾ
എസ്ബിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഐഫോൺ 14 വാങ്ങുന്നതോടെ ഫോണിന്റെ വില 66,249 രൂപയായി കുറയുന്നു. ഇതിലൂടെ ഉപഭോക്താവിന് ലഭിക്കുന്ന മൊത്തം കിഴിവ് 13,651 രൂപയാണ്. ഇതിൽ ബാങ്ക് ഡിസ്കൌണ്ടും ഫ്ലാറ്റ് ഡിസ്കൗണ്ട് ഓഫറും ഉൾപ്പെടുന്നു. 128 ജിബി സ്റ്റോറേജ് മോഡലിനാണ് ഈ വില. അടുത്ത മാസം ഐഫോൺ 15 ലോഞ്ച് ചെയ്യാൻ പോവുകയാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ ഐഫോൺ 14 വാങ്ങുന്നത് ലാഭകരമാണോ എന്ന് കൂടി നമുക്ക് നോക്കാം.
ഐഫോൺ 15ക്കായി കാത്തിരിക്കണോ
നിങ്ങൾക്ക് വില ഒരു പ്രശ്നമല്ലെങ്കിലും, ഏറ്റവും പുതിയ സവിശേഷതകളുള്ള ഐഫോൺ തന്നെ വേണമെന്നുണ്ട് എങ്കിലും ആപ്പിൾ ഐഫോൺ 15 ഇന്ത്യയിലും മറ്റ് വിപണികളിലും ലോഞ്ച് ചെയ്യുന്നത് വരെ കാത്തിരിക്കാം. അടുത്ത മാസമായിരിക്കും പുതിയ ഐഫോൺ മോഡലുകളുടെ ലോഞ്ച് നടക്കുന്നത്. വരാനിരിക്കുന്ന ഐഫോൺ 15യിൽ ഐഫോൺ 14യുമായി താരതമ്യപ്പെടുത്തുമ്പോൾ മെച്ചപ്പെട്ട ക്യാമറ, ചിപ്‌സെറ്റ്, ഫ്രണ്ട് ഡിസൈൻ, ബാറ്ററി, ബാക്ക് ഫിനിഷ് എന്നിവ ഉണ്ടായിരിക്കുമെന്നാണ് ലീക്ക് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.
ഐഫോൺ 13യും വാങ്ങാം
നിങ്ങൾക്ക് കുറഞ്ഞ വിലയിൽ ഐഫോൺ വേണം എന്നാണെങ്കിൽ ഐഫോൺ 14ക്ക് പകരം ഐഫോൺ 13 പോലും വാങ്ങാവുന്നതാണ്. ഈ രണ്ട് ഐഫോണുകളിലും ഏതാണ്ട് സമാനമായ സവിശേഷതകളാണുള്ളത്. രണ്ട് ഫോണുകൾക്കും ഒരേ ഡിസൈൻ തന്നെയാണുള്ളത്. ഐഫോൺ 13ൽ ഇല്ലാത്ത ഒരു സാറ്റലൈറ്റ് കണക്റ്റിവിറ്റി ഓപ്ഷൻ മാത്രമാണ് ഐഫോൺ 14യിൽ ഉള്ളത്. ഈ ഫീച്ചർ നിലവിൽ ഇന്ത്യയിൽ ഉപയോഗിക്കാനും സാധിക്കില്ല. ക്യാമറ, ചിപ്‌സെറ്റ്, ഡിസ്‌പ്ലേ, ഡിസൈൻ തുടങ്ങിയ കാര്യങ്ങളിൽ രണ്ട് ഫോണുകളും സമാനമാണ്.
ഐഫോൺ 15
ഇതുവരെയായി ആപ്പിൾ ഐഫോൺ 15യെ സംബന്ധിച്ച യാതൊരു വിവരങ്ങളും കമ്പനി പുറത്ത് വിട്ടിട്ടില്ല. പുതിയ ഐഫോൺ വളരെ വില കൂടിയതായിരിക്കുമെന്ന കാര്യം പ്രത്യേകം പറയേണ്ടതുണ്ട്. ഐഫോൺ 14 മോഡലിനെപ്പോലെ ഐഫോണിന് ഏകദേശം 80,000 രൂപയായിരിക്കും വില. നിങ്ങൾക്ക് ഇത്രയും പണം നൽകാൻ സാധിക്കില്ലെന്നാണ് എങ്കിൽ ഐഫോൺ 15ക്കായി കാത്തിരിക്കുന്നതിൽ കാര്യമില്ല. വില പ്രശ്നമല്ലെന്ന് കരുതുന്നവർ തീർച്ചയായും സെപ്റ്റംബറിൽ നടക്കുന്ന ആപ്പിൾ ലോഞ്ച് ഇവന്റ് വരെ കാത്തിരിക്കുന്നതാകും നല്ലത്.