iPhone 15

വില കേട്ടാൽ പേടിക്കുമോ?; iPhone 15 സീരീസിന്റെ വില വിവരങ്ങൾ പുറത്ത്

സ്മാർട്ട്ഫോൺ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോണാണ് ആപ്പിൾ ഐഫോൺ 15 സീരീസിൽ (iPhone 15 Series) ഉള്ളത്. നിലവിൽ വിൽപ്പനയിലുള്ള ഐഫോൺ 14 മോഡലുകളിൽ നിന്നും നിരവധി മെച്ചപ്പെടുത്തലുകളോടെയാകും പുതിയ തലമുറ ഐഫോണുകൾ പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഇപ്പോഴിതാ ഈ സീരീസിലെ ഫോണുകളുടെ വില വിവരങ്ങൾ ലീക്കായിരിക്കുകയാണ്. മുൻതലമുറ മോഡലുകളെക്കാൾ വില കൂടിയവയായിരിക്കും ഐഫോൺ 15 സീരീസ് എന്നാണ് ലീക്ക് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

iPhone 15 | വില ലീക്കായി

ബാർക്ലേസിന്റെ അനലിസ്റ്റ് ടിം ലോങ് നടത്തിയ പുതിയ അവകാശവാദം അനുസരിച്ച് ഐഫോൺ 14 സീരീസിലെക്കാൾ വില കൂടിയ ഫോണുകളായിരിക്കും ഐഫോൺ 15 സീരീസിൽ ഉണ്ടാകുന്നത്. കുറച്ച് മാസങ്ങളായി നിരവധി വിശകലന വിദഗ്ധരും ടിപ്പ്സ്റ്ററുകളും ഇത്തരത്തിലുള്ള സൂചനകൾ നൽകുന്നുണ്ട്. ഏഷ്യയിലെ സപ്ലൈ ചെയിൻ കമ്പനികളിൽ നിന്നും ലഭിച്ച വിവരങ്ങൾ അനുസരിച്ച് ഐഫോൺ 15 പ്രോയും ഐഫോൺ 15 പ്രോ മാക്സും കഴിഞ്ഞ വർഷത്തെ പ്രോ മോഡലുകളേക്കാൾ വില കൂടിയതായിരിക്കും എന്നാണ് ടിം ലോങ് അവകാശപ്പെടുന്നത്.

ഐഫോൺ 15, 15 പ്ലസ്

ആപ്പിൾ ഐഫോൺ 15, ഐഫോൺ 15 പ്ലസ് മോഡലുകളുടെ വിലയിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടാകില്ലെന്നും ഇത് മുൻതലമുറ മോഡലുകളായ ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവയ്ക്ക് സമാനമായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഐഫോൺ 14 സ്റ്റാൻഡേർഡ് മോഡലിന് യുഎസിൽ 799 ഡോളറും ഇന്ത്യയിൽ 79,900 രൂപയുമാണ് വില. ഐഫോൺ 15യും ഇതേ വിലയിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഐഫോൺ 13, 14 മോഡലുകളുടെ ലോഞ്ച് വിലയും സമാനമായിരുന്നു. ഐഫോൺ 15 പ്ലസിന്റെ വില 899 ഡോളറോ 89,900 രൂപയോ ആയിരിക്കും.

പ്രോ മോഡലുകൾ

ആപ്പിൾ ഐഫോൺ 15 പ്രോ, പ്രോ മാക്സ് മോഡലുകൾക്ക് വൻതോതിലുള്ള വിലവർദ്ധന ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഐഫോൺ 15 പ്രോയുടെ വില 1,099 ഡോളർ ആയിരിക്കും. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പ്രോ മോഡലിന് 999 ഡോളറായിരുന്നു വില. ഇന്ത്യയിൽ യുഎസ് വിപണിയെ അപേക്ഷിച്ച് 300 ഡോളർ വർധനവോടെയാണ് ഐഫോൺ 14 പ്രോ അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ ഐഫോൺ 14 പ്രോയുടെ വില 99,900 രൂപയ്ക്ക് പകരം 1,29,900 രൂപയായിരുന്നു.

ഐഫോൺ 15 പ്രോയുടെ വില

ആപ്പിൾ ഐഫോൺ 15 പ്രോയ്ക്ക് 99 ഡോളർ വിലവർധനവായിരിക്കും ഉണ്ടാവുകയെല്ലാണ് പുറത്ത് വന്ന റിപ്പോർട്ടുകളിൽ പറയുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയിലെ വില 10,000 രൂപ വരെ വർധിച്ചേക്കും. ഐഫോൺ പ്രോ മോഡൽ 1,39,900 രൂപയ്ക്കായിരിക്കും ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഐഫോൺ 15 പ്രോ മാക്സിനും ഇത്തവണ വില വർധിക്കുമെന്നാണ് സൂചനകൾ. ഐഫോൺ 14 പ്രോ മാക്സിന്റെ വില 1,099 ഡോളറായിരുന്നു. ഈ വർഷം ഐഫോൺ 15 പ്രോ മാക്സ് 1,299 ഡോളർ വരെ വിലയ്ക്കായിരിക്കും പുറത്തിറങ്ങുക എന്നാണ് സൂചനകൾ.

ഐഫോൺ 15 പ്രോ മാക്സിന്റെ ഇന്ത്യയിലെ വില

കഴിഞ്ഞ വർഷം ഐഫോൺ 14 പ്രോ മാക്സ് ഇന്ത്യയിലെത്തിയത് അമേരിക്കയെക്കാൾ 300 ഡോളർ അധിക വിലയുമായിട്ടായിരുന്നു. ഇന്ത്യയിൽ ഈ ഫോണിന്റെ വില 1,39,900 രൂപയായിരുന്നു. പുതിയ ലീക്ക് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ അനുസരിച്ച് ഐഫോൺ 15 പ്രോ മാക്സിന് 200 ഡോളർ വരെ ഉയർന്നേക്കും. ഇതിലൂടെ ഇന്ത്യയിലെ വില 20,000 രൂപ വർധിച്ച് 1,59,900 രൂപ വരെയായേക്കും. ഈ വില വിവരങ്ങളെല്ലാം തന്നെ ലീക്ക് റിപ്പോർട്ടുകളാണ്. കമ്പനി ഇത് സംബന്ധിച്ച സൂചനകളൊന്നും നൽകിയിട്ടില്ല.

Similar Posts