iPhone 15 Pro

പ്രതീക്ഷകൾ തെറ്റുന്നോ?; iPhone 15 Pro ഈ ഫീച്ചറുകൾ ഉണ്ടായിരിക്കില്ല

ഈ വർഷം സ്മാർട്ട്ഫോൺ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോണുകളാണ് ഐഫോൺ 15 സീരീസിലുള്ളത്. അടുത്തമാസം ഇവ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനൊപ്പം തന്നെ ഫോണുകളുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഈ വർഷം പുറത്തിറങ്ങുന്ന ഐഫോൺ 15 പ്രോ (iPhone 15 Pro) എന്ന മോഡൽ പ്രതീക്ഷകൾ തെറ്റിക്കുമെന്നാണ് സൂചനകൾ. ഈ ഫോണിൽ ക്യാമറ അപ്ഗ്രേഡ് അടക്കം വലിയ മാറ്റങ്ങളാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഐഫോൺ 15 പ്രോ മുൻതലമുറ മോഡലിന് സമാനമായ ഫീച്ചറുകളോടെയാകും വരുന്നത്.

ഐഫോൺ 16 പ്രോ

അടുത്ത വർഷം പുറത്തിറങ്ങാൻ പോകുന്ന ഐഫോൺ 16 പ്രോ മോഡലുകൾക്ക് വേണ്ടി ആപ്പിൾ നിരവധി സവിശേഷകൾ മാറ്റിവയ്ക്കുന്നുണ്ട് എന്നും അതുകൊണ്ട് തന്നെ അടുത്ത മാസം പുറത്തിറങ്ങാൻ സാധ്യതയുള്ള ഐഫോൺ 15 പ്രോയിൽ ഇത്തരത്തിലുള്ള പല സവിശേഷതകളും കമ്പനി ഒഴിവാക്കിയിട്ടുണ്ട് എന്നുമാണ് സൂചനകൾ. ഇതിൽ വലിയ ഡിസ്‌പ്ലേകൾ മുതൽ ഉയർന്ന റെസല്യൂഷനുള്ള പിൻ ക്യാമറകൾ വരെ ഉൾപ്പെടുന്നു. 2024ൽ ആപ്പിൾ ഐഫോണുകൾക്ക് വലിയ അപ്‌ഗ്രേഡുകൾ ലഭിക്കുമെന്നും സൂചനകളുണ്ട്.

iPhone 15 Pro | ഐഫോൺ 15 സീരീസിന്റെ ലോഞ്ച്

ആപ്പിൾ ഐഫോൺ 15 സീരീസ് സെപ്റ്റംബർ 12ന് ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ആപ്പിൾ ലോഞ്ച് ഇവന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇതിനകം ലീക്ക് റിപ്പോർട്ടുകളായി പുറത്ത് വന്നിട്ടുണ്ട്. അനലിസ്റ്റ് ജെഫ് പുവിന്റെ അഭിപ്രായത്തിൽ ഐഫോൺ 16 പ്രോ മോഡൽ പുറത്തിറങ്ങുക നിരവധി പുതിയ ഫീച്ചറുകളുമായിട്ടായിരിക്കും. ഇതിൽ പലതും ഐഫോൺ 15 പ്രോയിൽ പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ ഇവ ഈ വർഷം പുറത്തിങ്ങുന്ന ഐഫോൺ മോഡലിൽ ഉണ്ടായിരിക്കില്ല.

ക്യാമറ

അടുത്ത വർഷം ഐഫോൺ 16 പ്രോ പുറത്തിറങ്ങുക 48 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയുമായിട്ടായിരിക്കും. ഇത് നിലവിലെ 12 മെഗാപിക്സൽ സെൻസറിൽ നിന്നുള്ള വലിയ നവീകരണമായിരിക്കും. വൈഫൈ 7 സപ്പോർട്ട്, ആംപ്ലിഫൈഡ് ബ്ലൂടൂത്ത്, മെച്ചപ്പെടുത്തിയ അൾട്രാ വൈഡ്‌ബാൻഡ് ചിപ്പുകൾ എന്നിവയും ഐഫോൺ 16 പ്രോ മോഡലിൽ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ബ്ലൂടൂത്ത്, അൾട്രാ വൈഡ്ബാൻഡ് സപ്പോർട്ടുകളിലും മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് ലീക്ക് റിപ്പോർട്ടിൽ പറയുന്നത്.

ചിപ്പ്സെറ്റ്

ഐഫോൺ 16 പ്രോ ആപ്പിളിന്റെ എ18 ബയോണിക് ചിപ്പ്സെറ്റുമായിട്ടായിരിക്കും വരുന്നത്. സ്റ്റാൻഡേർഡ് ഐഫോൺ 16യിൽ കമ്പനി എ17 ബയോണിക് ചിപ്പായിരിക്കും നൽകുന്നത്. ഈ എ17 ബയോണിക്ക് ചിപ്പ്സെറ്റിന്റെ കരുത്തിലായിരിക്കും ഈ വർഷത്തെ ഐഫോൺ 15 സീരീസിലെ ഫോണുകളെല്ലാം പ്രവർത്തിക്കുന്നത്. വൈഫൈ 7 സപ്പോർട്ടിലൂടെ 40 ജിബിപിഎസിൽ കൂടുതലുള്ള ഡാറ്റ കൈമാറ്റം ചെയ്യാൻ സാധിക്കുമെന്നാണ് സൂചനകൾ. ഇത് സ്മാർട്ട്ഫോൺ സാങ്കേതികവിദ്യയിലെ തന്നെ വലിയ പുരോഗതിയായിരിക്കും.

വൈഫൈ

വൈഫൈ 6ഇ ഉൾപ്പെടെയുള്ള വൈഫൈ 6നെക്കാൾ നാലിരട്ടി വേഗത്തിലും വൈഫൈ 5നെക്കാൾ ആറിരട്ടി വേഗതയിലും പ്രവർത്തിക്കുന്നതായിരിക്കും വൈഫൈ 7 എന്നാണ് സൂചനകൾ. പുറത്ത് വന്ന ലീക്ക് റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവയ്ക്ക് വലിയ ഡിസ്‌പ്ലേകൾ ഉണ്ടായിരിക്കും. ഇത് യഥാക്രമം 6.4 ഇഞ്ച്, 6.9 ഇഞ്ച് എന്നിങ്ങനെയുള്ള വലുപ്പത്തിലായിരിക്കും വരുന്നത്. ഐഫോൺ 15 പ്രോ വേരിയന്റുകളും സ്റ്റാൻഡേർഡ് മോഡലുകളും പഴയ ഡിസ്പ്ലേകൾ തന്നെയായിരിക്കും ഉണ്ടാവുകയെന്നാണ് സൂചനകൾ.

ഐഫോൺ 15 പ്രോ

ഐഫോൺ 15 പ്രോ സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ ടൈറ്റാനിയം ഡിസൈൻ, പെരിസ്‌കോപ്പ് ലെൻസ്, ചാർജ് ചെയ്യുന്നതിനായി യുഎസ്ബി-സി പോർട്ട് എന്നിവയെല്ലാം ഉണ്ടായിരിക്കും. ഐഫോൺ 15 പ്രോ 8 ജിബി റാമുമായി വരുമെന്നും സൂചനകളുണ്ട്. ആപ്പിൾ എ17 ബയോണിക് ചിപ്‌സെറ്റായിരിക്കും ഐഫോൺ 15 സീരീസിലെ എല്ലാ മോഡലുകൾക്കും കരുത്ത് നൽകുന്നത്. മ്യൂട്ട് സ്വിച്ച് ബട്ടണിലെ മാറ്റം അടുത്തിടെ ഐഒഎസ് 17 ബീറ്റ പതിപ്പിൽ ഇത് കണ്ടെത്തിയിട്ടുണ്ട്. ഈ മാറ്റവും ഐഫോൺ 15 സീരീസിൽ വരും.

Similar Posts