അംബാനിയുടെ അടുത്ത ലക്ഷ്യം ലാപ്ടോപ്പ് വിപണി; പുതിയ JioBook ജൂലൈ 31ന് ലോഞ്ച് ചെയ്യും
റിലയൻസ് ജിയോ ഇന്ത്യയിൽ പുതിയ ലാപ്ടോപ്പ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. ജിയോബുക്ക് ലാപ്‌ടോപ്പ് (JioBook) ജൂലൈ 31ന് രാജ്യത്ത് അവതരിപ്പിക്കും. ആമസോണിലെ ടീസറിലാണ് ലാപ്ടോപ്പിന്റെ ലോഞ്ച് തിയ്യതി നൽകിയിട്ടുള്ളത്. കമ്പനി കഴിഞ്ഞ ഒക്ടോബർ മാസത്തിൽ അവതരിപ്പിച്ച ജിയോബുക്ക് ലാപ്ടോപ്പിന്റെ പുതുക്കിയ പതിപ്പായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. അതല്ലെങ്കിൽ പഴയ ജിയോബുക്ക് ലാപ്ടോപ്പ് ആമസോൺ വഴി കൂടി വിൽപ്പന നടത്താൻ തുടങ്ങുന്നതിന്റെ ഭാഗമായിട്ടുള്ള ടീസറായിരിക്കും ഇത്.
JioBook | പുതിയ ലാപ്ടോപ്പ്
2022ൽ പുറത്തിറങ്ങിയ ജിയോബുക്ക് ലാപ്‌ടോപ്പ് നിലവിൽ റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ വഴി മാത്രമാണ് വിൽപ്പന നടത്തുന്നത്. അതുകൊണ്ട് തന്നെ ഇത് ആമസോണിൽ കൂടി വിൽപ്പനയ്ക്ക് എത്തിക്കുന്ന തിയ്യതിയാകുമോ ജൂലൈ 31 എന്നും സംശയങ്ങൾ ഉണ്ട്. എന്നാൽ ഈ മാസം അവസാനം “ഓൾ-ന്യൂ ജിയോബുക്ക്” ലോഞ്ച് ചെയ്യുമെന്നാണ് ആമസോണിൽ നൽകിയിട്ടുള്ളത്. അതുകൊണ്ട് തന്നെ പുതിയ തലമുറ ജിയോബുക്ക് തന്നെയായിരിക്കും ജൂലൈ 31ന് അവതരിപ്പിക്കുന്നതെന്നും കരുതാം. ഇ-കൊമേഴ്‌സ് സൈറ്റിൽ ജിയോബുക്കിന്റെ ചില പ്രധാന സവിശേഷതകൾ വെളിപ്പെടുത്തിയിട്ടുണ്ട്.
ഡിസൈൻ
കഴിഞ്ഞ വർഷം ഒക്ടോബറിൽ ലോഞ്ച് ചെയ്ത ജിയോബുക്കിന് സമാനമായ ഡിസൈനായിരിക്കും പുതിയ ജിയോബുക്ക് ലാപ്‌ടോപ്പിനും ഉണ്ടാവുകയെന്ന് ആമസോണിലെ ടീസറിൽ നിന്നും വ്യക്തമാകുന്നു. കോംപാക്റ്റ് ഫോം ഫാക്‌ടർ ഉള്ള ലാപ്ടോപ്പ് നീല നിറത്തിലാണ് വരുന്നത്. ഈ ലാപ്‌ടോപ്പ് എല്ലാ പ്രായക്കാർക്കും ഉപയോഗിക്കാവുന്നതും പ്രൊഡക്റ്റിവിറ്റി, വിനോദം, ഗെയിം എന്നിവയ്ക്കായി ഡിസൈൻ ചെയ്തിട്ടുള്ളതാണ് എന്നും ടീസറിൽ നൽകിയിട്ടുണ്ട്.
പെർഫോമൻസ് മെച്ചപ്പെടും
4ജി കണക്റ്റിവിറ്റിയുള്ള ജിയോബുക്ക് ലാപ്ടോപ്പിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ പ്രോസസറായിരിക്കും. ഹൈ-ഡെഫനിഷൻ വീഡിയോകൾ സ്ട്രീം ചെയ്യാനുള്ള സ്ക്രീനും ഈ ലാപ്ടോപ്പിൽ കമ്പനി നൽകും. ആപ്പുകളിൽ മൾട്ടിടാസ്കിങ്, വിവിധ സോഫ്‌റ്റ്‌വെയർ എന്നിവയെല്ലാം പുതിയ ജിയോബുക്കിന്റെ സവിശേഷതകളായിരിക്കും. പുതിയ ജിയോ ലാപ്‌ടോപ്പിന് 990 ഗ്രാം മാത്രം ഭാരമുള്ള വളരെ കനംകുറഞ്ഞ ഡിസൈനാണുള്ളതെന്ന് ടീസറിൽ വ്യക്തമാക്കുന്നു. ഒരു ദിവസം മുഴുവൻ ബാക്ക് അപ്പ് നൽകുന്ന ബാറ്ററിയും ജിയോബുക്ക് ലാപ്ടോപ്പിൽ ഉണ്ടായിരിക്കുമെന്നാമ് സൂചനകൾ.
പഴയ ജിയോബുക്ക്
ബ്രൗസിങ്, വിദ്യാഭ്യാസ ആവശ്യങ്ങൾ എന്നിവയ്ക്ക് കുറഞ്ഞ വിലയുള്ള ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നവരെയാണ് 2022 ജിയോബുക്ക് ലക്ഷ്യമിട്ടത്. ഒക്ടോബറിൽ വിപണിയിലെത്തിയ ഈ ജിയോബുക്കിന് 11.6 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണുള്ളത്. വലിയ ബെസലുകളുള്ള ഈ ലാപ്ടോപ്പിൽ വീഡിയോ കോളുകൾക്കായി 2 മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്. അഡ്രിനോ 610 ജിപിയുവുള്ള ലാപ്ടോപ്പിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 665 എസ്ഒസിയാണ്. 2 ജിബി റാം മാത്രമേ ലാപ്ടോപ്പിലുള്ളു. അതുകൊണ്ട് മൾട്ടി ടാസ്‌ക്കിങ് അത്ര സുഗമമല്ല.
മറ്റ് സവിശേഷകൾ
32 ജിബി ഇഎംഎംസി സ്റ്റോറേജാണ് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജിയോബുക്ക് ലാപ്ടോപ്പിലുള്ളത്. 128 ജിബി വരെ എക്സ്പാൻഡ് ചെയ്യാൻ സാധിക്കുന്ന സ്റ്റോറേജാണിത്. ജിയോ ലാപ്‌ടോപ്പ് ജിയോഒഎസിലാണ് പ്രവർത്തിക്കുന്നു. മറ്റ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനായി ജിയോസ്റ്റോർ ഉപയോഗിക്കാനുള്ള സൌകര്യവും ഈ ലാപ്ടോപ്പിലുണ്ട്. 5,000mAh ബാറ്ററിയാണ് ലാപ്ടോപ്പിലുള്ളത്. ഒറ്റ ചാർജിൽ 8 മണിക്കൂർ വരെ ബാറ്ററി ലൈഫ് നൽകാൻ ഇതിന് കഴിയുമെന്ന് ജിയോ അവകാശപ്പെടുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 3.5 എംഎം ഓഡിയോ ജാക്ക്, ബ്ലൂടൂത്ത് 5.0, എച്ച്ഡിഎംഐ മിനി, വൈഫൈ, ജിയോ 4ജി എൽടിഇ കണക്റ്റിവിറ്റി എന്നിവയുണ്ട്.