Motorola Edge 40 | വെള്ളത്തിനടിയിലും ഫോട്ടോ എടുക്കാം; 29,999 രൂപ വിലയുമായി മോട്ടറോള എഡ്ജ് 40 ഇന്ത്യൻ വിപണിയിലെത്തി
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് മോട്ടറോള പുതിയൊരു ഡിവൈസ് കൂടി അവതരിപ്പിച്ചു. മോട്ടറോള എഡ്ജ് 40 (Motorola Edge 40) എന്ന ഫോണാണ് കമ്പനി പുറത്തിറക്കിയത്. 30000 രൂപ വില വിഭാഗത്തിൽ വരുന്ന ഈ ഡിവൈസ് ഐപി68 റേറ്റിങ്ങുള്ള ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ 5ജി സ്മാർട്ട്‌ഫോണാണ് എന്ന് കമ്പനി അവകാശപ്പെടുന്നു. മീഡിയടെക് ഡൈമെൻസിറ്റി 8020 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ആദ്യത്തെ സ്മാർട്ട്ഫോൺ കൂടിയാണ് ഇത്. ഈ വില വിഭാഗത്തിൽ വയർലെസ് ചാർജിങ് സപ്പോർട്ടുമായി വരുന്ന ആദ്യത്തെ ഫോണും കൂടിയാണ് മോട്ടറോള എഡ്ജ് 40.
Motorola Edge 40 | വില
മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഒരു വേരിയന്റ് മാത്രമാണ് നിലവിൽ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഡിവൈസിന് 29,999 രൂപയാണ് വില. വീഗൻ ലെതർ ഫിനിഷുള്ള റെസെഡ ഗ്രീൻ, എക്ലിപ്സ് ബ്ലാക്ക്, പിഎംഎംഎ (അക്രിലിക് ഗ്ലാസ്) ഫിനിഷുള്ള ലൂണാർ ബ്ലൂ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാകും. മെയ് 30 മുതൽ ഫ്ലിപ്പ്കാർട്ട്, മോട്ടറോള ഇന്ത്യയുടെ റീട്ടെയിൽ ചാനലുകൾ എന്നിവ വഴി ഫോൺ വിൽപ്പനയ്ക്കെത്തും.
ഓഫറുകൾ
റിലയൻസ് ഡിജിറ്റൽ ഉൾപ്പെടെയുള്ള പാർട്ണർ സ്റ്റോറുകളിലും മോട്ടറോള എഡ്ജ് 40 മെയ് 30 മുതൽ ലഭ്യമാകും. ഫ്ലിപ്പ്കാർട്ടിൽ ഈ ഡിവൈസിന്റെ പ്രീ ഓർഡർ ആരംഭിച്ചിട്ടുണ്ട്. മോട്ടറോളയും ജിയോയും സഹകരിച്ച് 3,100 രൂപയുടെ ആനുകൂല്യങ്ങളാണ് ഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്ക് നൽകുന്നത്. ഇതിൽ 1,000 രൂപ വിലമതിക്കുന്ന 100 ജിബി അധിക 5ജി ഡാറ്റയും അജിയോ, ഇക്‌സിഗോ, ഇടി പ്രൈം എന്നിവയിൽ നിന്നുള്ള 1,050 രൂപയുടെ പാർട്ട്ണർ ഓഫറുകളും ഉൾപ്പെടുന്നു.
ഡിസ്പ്ലെ
കർവ്ഡ് ഡിസ്പ്ലെയും പ്രീമിയം ഫിനിഷുമായിട്ടാണ് മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോൺ വരുന്നത്. 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഫുൾ-എച്ച്‌ഡി റെസല്യൂഷനും 144 ഹെർട്‌സ് റിഫ്രഷ് റേറ്റുമുള്ള ഡിസ്പ്ലെയാണ് ഇത്. വെഗൻ ഫിനിഷുള്ള വേരിയന്റുകൾ അൽപ്പം കട്ടി കൂടിയവയാണ്. പിഎംഎംഎ ഫിനിഷുള്ള വേരിയന്റിന് 7.49 എംഎം കനമാണുള്ളത്. എച്ച്ഡിആർ10+, ആമസോൺ എച്ച്ഡിആർ പ്ലേബാക്ക്, നെറ്റ്ഫ്ലിക്സ് എച്ച്ഡിആർ പ്ലേബാക്ക് എന്നിവയും ഡിസ്പ്ലെ സപ്പോർട്ട് ചെയ്യുന്നു.
ക്യാമറകൾ
ഒഐഎസ് സപ്പോർട്ടുള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോണിലുള്ളത്. മാക്രോ വിഷൻ സപ്പോർട്ടുള്ള 13 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും ഇതിലുണ്ട്. ഫോണിന്റെ മുൻവശത്ത് 32 മെഗാപിക്സൽ ക്യാമറയാണുള്ളത്. ഫോണിലുള്ള രണ്ട് പിൻ ക്യാമറകൾക്കും 30fps വേഗതയിൽ 4K വീഡിയോകൾ റെക്കോർഡ് ചെയ്യാൻ കഴിയും. ഫ്രണ്ട് ക്യാമറയ്ക്കും ഈ ക്വാളിറ്റിയിൽ വീഡിയോകൾ റെക്കോർഡ് ചെയ്യാനുള്ള കഴിവുണ്ട്.
പ്രോസസറും ബാറ്ററിയും
മീഡിയടെക് ഡൈമൻസിറ്റി 8020 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോണിൽ 256 ജിബി UFS 3.1 സ്റ്റോറേജും 8ജിബി LPDDR4x റാമുമാണുള്ളത്. 5ജി സപ്പോർട്ടുള്ള സ്മാർട്ട്ഫോൺ രണ്ട് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകൾ നൽകുന്നു. 68W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4400mAh ബാറ്ററിയും മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോണിലുണ്ട്. വിലയും സവിശേഷതകളും പരിഗണിക്കുമ്പോൾ ഇന്ത്യയിൽ ലഭ്യമായതിൽ വച്ച് ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളിലൊന്നാണ് മോട്ടറോള എഡ്ജ് 40