മോട്ടറോള ഞെട്ടിക്കുമോ; Motorola Edge 40 ഇന്ത്യയിലെത്തുക 30,000 രൂപയിൽ താഴെ വിലയുമായി
മോട്ടറോള എഡ്ജ് 40 (Motorola Edge 40) സ്മാർട്ട്ഫോൺ വൈകാത ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും, 144Hz റിഫ്രഷ് റേറ്റുള്ള OLED ഡിസ്‌പ്ലേയുമായിട്ടായിരിക്കും ഈ 5ജി എനേബിൾഡ് സ്മാർട്ട്ഫോൺ പുറത്തിറങ്ങുന്നത്. മീഡിയടെക് ഡൈമൻസിറ്റി 8020 എസ്ഒസിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിൽ 8 ജിബി റാമും ഉണ്ടായിരിക്കും. മോട്ടറോളയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളടങ്ങുന്ന സീരീസിൽ നിന്നും ഇന്ത്യയിലെത്തുന്ന ആദ്യത്തെ ഡിവൈസ് കൂടിയായിരിക്കും മോട്ടറോള എഡ്ജ് 40.
Motorola Edge 40 | മോട്ടറോള എഡ്ജ് 40യുടെ ലോഞ്ച്
മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോണിന്റെ ലോഞ്ച് തിയ്യതി മെയ് 23 ആയിരിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. ലീക്ക് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ അനുസരിച്ച് സ്മാർട്ട്ഫോൺ മെയ് 23 മുതൽ പ്രീ ഓർഡറിനും ലഭ്യമാകും എന്നാണ്. ലീക്കായ ഫ്ലിപ്പ്കാർട്ട് ലിസ്റ്റിങ് പേജിലാണ് പ്രീബുക്കിങ് തിയ്യതി നൽകിയിട്ടുള്ളത്. ഈ സ്മാർട്ട്ഫോണിന്റെ വിലയും ലീക്ക് റിപ്പോർട്ടിലൂടെ പുറത്ത് വന്നിട്ടുണ്ട്. ഇന്ത്യയിൽ 27,999 രൂപ മുതലായിരിക്കും ഫോണിന്റെ വില എന്നാണ് സൂചനകൾ.
ഫോണിന്റെ വില
27,999 രൂപ എന്ന വില ഫോൺ പ്രീബുക്ക് ചെയ്യുന്ന ആളുകൾക്ക് മാത്രം ലഭിക്കുന്ന പ്രത്യേക വിലയായിരിക്കും. ഫോണിന്റെ യഥാർത്ഥ വില ഇതിനെക്കാൾ കൂടുതലായിരിക്കുമെന്ന് ഉറപ്പാണ്. മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോൺ ഫ്ലാഗ്ഷിപ്പ് ലെവൽ ഫീച്ചറുകളുമായി വരും എന്നതിനാൽ ഈ വിലയിൽ പുറത്തിറങ്ങിയാൽ അത് വലിയ വിജയം നേടുമെന്ന് ഉറപ്പാണ്. ലീക്കായ ഫ്ലിപ്പ്കാർട്ട് പരസ്യ ബാനറിൽ മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോൺ പ്രീ ബുക്ക് ചെയ്യുന്നവർക്ക് എക്സ്ചേഞ്ച് ബോണസായി 2,000 രൂപ കിഴിവ് ലഭിക്കുമെന്നും നൽകിയിട്ടുണ്ട്.
ഓഫറുകൾ
മോട്ടറോള എഡ്ജ് 40 വാങ്ങുമ്പോൾ 9,500 രൂപ വിലയുള്ള പാക്കേജ് നേടാനുള്ള അവസരവും ഫ്ലിപ്പ്കാർട്ടിലൂടെ ലഭിക്കും. പ്രീ-ഓർഡറുകളിൽ ഈ പാക്കേജ് സൗജന്യമായിട്ടാണോ കുറഞ്ഞ വിലയിലാണോ നൽകുന്നത് എന്ന കാര്യം വ്യക്തമല്ല. ഈ ഡിവൈസ് ഫ്ലിപ്പ്കാർട്ടിലൂടെ മാത്രമായിട്ടായിരിക്കില്ല വിൽപ്പന നടത്തുന്നത്. മോട്ടറോളയുടെ ഇ-ഷോപ്പ് വഴിയും സ്മാർട്ട്‌ഫോൺ ലഭ്യമാകും. 8 ജിബി LPDDR4x റാമും 256 ജിബി UFS 3.1 സ്റ്റോറേജുമടക്കമുള്ള ഫീച്ചറുകൾ ഈ ഡിവൈസിൽ ഉണ്ടായിരിക്കും.
ഡിസ്പ്ലെയും പ്രോസസറും
കർവ്ഡ് എഡ്ജുകളുള്ള 6.55 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഒഎൽഇഡി ഡിസ്‌പ്ലേയായിരിക്കും മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുക. 1080p ഡിസ്‌പ്ലേയ്ക്ക് 144Hz വരെ റിഫ്രഷ് റേറ്റും 1200 നിറ്റ്‌സ് പീക്ക് ബ്രൈറ്റനസും ഉണ്ടായിരിക്കും. ഈ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 8020 എസ്ഒയി ആയിരിക്കുമെന്നും സൂചനകളുണ്ട്. 5ജി എനേബിൾഡ് ചിപ്പ്സെറ്റാണ് ഇത്. ഏറ്റവും മെലിഞ്ഞ 5ജി സ്മാർട്ട്ഫോൺ ആയിരിക്കും ഇതെന്നാണ് സൂചനകൾ. ആൻഡ്രോയിഡ് 13 ബേസ്ഡ് മൈയുഎക്സ് 5ൽ ഈ ഫോൺ പ്രവർത്തിക്കും.
ക്യാമറകൾ
മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോണിന് പിന്നിൽ ഡ്യുവൽ ക്യാമറ സെറ്റപ്പായിരിക്കും ഉണ്ടാവുക. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ചെയ്യുന്ന 50 എംപി പ്രൈമറി ക്യാമറയും എഫ്/1.4 അപ്പേർച്ചറുമായിരിക്കും ഇതിൽ ഉണ്ടാകുന്നത്. മാക്രോ ഫോട്ടോകൾ ഷൂട്ട് ചെയ്യാൻ കഴിയുന്ന 13 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഫോണിലുണ്ടാകും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32എംപി ഫ്രണ്ട് ഫേസിങ് ക്യാമറയും പുതിയ ഫോണിൽ മോട്ടറോള നൽകും. 68W ടർബോപവർ വയർഡ് ഫാസ്റ്റ് ചാർജിങ്, 15W വയർലെസ് ചാർജിങ് സപ്പോർട്ടുള്ള 4400mAh ബാറ്ററിയും ഈ ഫോണിൽ ഉണ്ടായിരിക്കും.