Nokia G42 5G

Nokia G42 5G സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ജനപ്രിയ സ്മാർട്ട്ഫോൺ ബ്രാന്റായ നോക്കിയ തങ്ങളുടെ 5ജി ഫോണുകളുടെ നിരയിലേക്ക് പുതിയൊരു ഡിവൈസ് കൂടി അവതരിപ്പിച്ചു. നോക്കിയ ജി42 5ജി (Nokia G42 5G) എന്ന ഡിവൈസാണ് കമ്പനി പുറത്തിറക്കിയത്. നോക്കിയയുടെ ലൈനപ്പിലെ കരുത്തുള്ള പ്രോസസറുമായി വരുന്ന സ്മാർട്ട്ഫോണാണ് ഇത്. ഒരു സ്റ്റോറേജ് വേരിയന്റിലും രണ്ട് കളർ ഓപ്ഷനുകളിലും നോക്കിയ ജി42 5ജി സ്മാർട്ട്ഫോൺ ലഭ്യമാകും. ഈ വർഷം ജൂണിൽ തന്നെ സ്മാർട്ട്ഫോൺ തിരഞ്ഞെടുത്ത വിപണികളിലെത്തിയിരുന്നു.

Nokia G42 5G | നോക്കിയ ജി42 5ജി

നോക്കിയ ജി42 5ജി സ്മാർട്ട്ഫോൺ ക്വാൽകോം സ്നാപ്ഡ്രാഗൺ 480+ എസ്ഒസി, 6 ജിബി റാം, 128 ജിബി ഓൺബോർഡ് സ്റ്റോറേജ്, ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ്, 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 5,000mAh ബാറ്ററി എന്നിങ്ങനെയുള്ള മികച്ച ഫീച്ചറുകളുമായിട്ടാണ് വരുന്നത്. ഈ 5ജി ഫോണിന്റെ വിൽപ്പന ഈ ആഴ്ച അവസാനം നടക്കും. മറ്റ് നോക്കിയ സ്മാർട്ട്ഫോണുകളെ പോലെ ആകർഷകമായ ഡിസൈനുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. നോക്കിയ ജി42 5ജിയുടെ വിലയും സവിശേഷതകളും നോക്കാം.

വിലയും ലഭ്യതയും

മുകളിൽ സൂചിപ്പിച്ചത് പോലെ നോക്കിയ ജി42 5ജി സ്മാർട്ട്ഫോണിന്റെ ഒരു വേരിയന്റ് മാത്രമേ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളു. ഈ ഡിവൈസിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 12,599 രൂപയാണ് വില. സോ ഗ്രേ, സോ പർപ്പിൾ കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. സെപ്റ്റംബർ 15 മുതൽ സ്മാർട്ട്ഫഓൺ ആമസോൺ വഴി വിൽപ്പനയ്‌ക്കെത്തും. യൂറോപ്പിൽ ഈ ഡിവൈസ് 199 യൂറോയ്ക്കാണ് ലോഞ്ച് ചെയ്തത്. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 20,800 രൂപയോളമാണ്.

സവിശേഷതകൾ

നോക്കിയ ജി42 5ജി സ്മാർട്ട്ഫോൺ 6.56 ഇഞ്ച് എച്ച്ഡി+ (720 x 1,612 പിക്‌സൽ) എൽസിഡി ഡിസ്‌പ്ലേയുമായിട്ടാണ് വരുന്നത്. ഈ ഡിസ്പ്ലെയ്ക്ക് 90Hz റിഫ്രഷ് റേറ്റും 560 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുണ്ട്. ഈ ഡിസ്‌പ്ലെയുടെ സുരക്ഷയ്ക്കായി കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും നോക്കിയ നൽകിയിട്ടുണ്ട്. 6 ജിബി വരെ റാമുള്ള ഈ സ്മാർട്ട്‌ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 480+ എസ്ഒസിയാണ്. ഉപയോഗിക്കാത്ത സ്റ്റോറേജ് 11 ജിബി വരെ റാമാക്കി മാറ്റാനുള്ള സംവിധാനവും നോക്കിയ ജി42 5ജി സ്മാർട്ട്ഫോണിലുണ്ട്.

ക്യാമറകൾ

മൂന്ന് പിൻക്യാമറകളുമായിട്ടാണ് നോക്കിയ ജി42 5ജി സ്മാർട്ട്ഫോൺ വരുന്നത്. 50 എംപി പ്രൈമറി ക്യാമറയും രണ്ട് 2എംപി സെൻസറുകളുമാണ് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ഫ്രണ്ട് ക്യാമറയും ഈ ഡിവൈസിലുണ്ട്. ആൻഡ്രോയിഡ് 13 ഒഎസിൽ പ്രവർത്തിക്കുന്ന ഫോൺ രണ്ട് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡും മൂന്ന് വർഷത്തേക്ക് പ്രതിമാസ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.

കണക്റ്റിവിറ്റി

5ജി, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ബ്ലൂടൂത്ത് 5.1, വൈഫൈ 802.11 a/b/g/n/ac/ax എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളുമായിട്ടാണ് നോക്കിയ ജി42 5ജി സ്മാർട്ട്ഫോൺ വരുന്നത്. ഒരു ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, പ്രോക്സിമിറ്റി സെൻസർ എന്നിവയും ഈ ഡിവൈസിലുണ്ട്. ഫോണിൽ ഓതന്റിക്കേഷനായി ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസറും കമ്പനി നൽകിയിട്ടുണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കാൻ ഐപി52 റേറ്റിങ്ങും ഈ ഫോണിലുണ്ട്.

ബാറ്ററി

നോക്കിയ ജി42 5ജി സ്മാർട്ട്ഫോണിൽ 5,000mAh ബാറ്ററിയാണുള്ളത്. ഈ വലിയ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 20W വയേഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിൽ നൽകിയിട്ടുണ്ട്. ഒറ്റ ചാർജിൽ മൂന്ന് ദിവസം വരെ പ്ലേബാക്ക് ടൈം നൽകാൻ ഈ ബാറ്ററിക്ക് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായി വരുന്ന സ്മാർട്ട്ഫോണാണ് നോക്കിയ ജി42 5ജി.

Similar Posts