Nothing Phone 2

Nothing Phone 2 | നത്തിങ് ഫോൺ (2) വരുന്നു; ഇത്തവണയും ഡിസൈനിൽ പരീക്ഷണം ഉണ്ടാകുമോ?

സ്മാർട്ട്ഫോൺ വിപണിയിൽ തങ്ങളുടെ ആദ്യ സ്മാർട്ട്ഫോണിലൂടെ തരംഗമായി മാറിയ നത്തിങ് രണ്ടാമത്തെ ഫോൺ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. നത്തിങ് ഫോൺ (1) എന്ന ഡിവൈസിന് ശേഷം കമ്പനി പുറത്തിറക്കുന്ന ഫോണിന്റെ പേര് നത്തിങ് ഫോൺ (2) (Nothing Phone 2) എന്നാണ്. ഈ ഡിവൈസ് ജൂലൈ മാസത്തിൽ ലോഞ്ച് ചെയ്യും. സിഇഒ കാൾ പേ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഡിസൈനിൽ പുതിയ പരീക്ഷണവുമായി എത്തിയ നത്തിങ് ഫോണിന്റെ പിൻഗാമിയിൽ നിന്നും വിപണി പ്രതീക്ഷിക്കുന്നത് ഏറെയാണ്.

Nothing Phone 2 | നത്തിങ് ഫോൺ (2)

നത്തിങ് ഫോൺ (2) ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 എസ്ഒസിയുടെ കരുത്തിലായിരിക്കും പ്രവർത്തിക്കുക എന്ന് കാൾ പേയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്തുകൊണ്ട് സ്നാപ്ഡ്രാഗൺ 8 ജെൻ 2 എന്ന പുതിയ ചിപ്പസെറ്റ് ഉപയോഗിക്കുന്നില്ല എന്ന ചോദ്യത്തിനുള്ള മറുപടിയായി സ്നാപ്ഡ്രാഗൺ 8+ ജെൻ 1 പെർഫോമൻസിന്റെ കാര്യത്തിൽ മികവ് തെളിയിച്ച ചിപ്‌സെറ്റാണെന്നും ഒരു വർഷം മുമ്പ് ലോഞ്ച് ചെയ്തതിന് ശേഷം ഇത് തുടർച്ചയായി ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ടെന്നും നത്തിങ് സിഇഒ പറഞ്ഞു.

വലിയ ബാറ്ററി

നത്തിങ് ഫോൺ (1)ൽ ഉള്ള 4,500mAh ബാറ്ററിയേക്കാൾ വലിയ ബാറ്ററിയായിരിക്കും നത്തിങ് ഫോൺ (2)ൽ ഉണ്ടാവുക. 4,700mAh ആയിരിക്കും പുതിയ നത്തിങ് ഫോണിന്റെ ബാറ്ററി കപ്പാസിറ്റി എന്ന് കാൾ പേ അറിയിച്ചിട്ടുണ്ട്. ഈ ബാറ്ററി ആപ്പിൾ ഐഫോൺ 14 പ്രോ (3,200mAh), ഐഫോൺ 14 പ്രോ മാക്സ് (4,323mAh) എന്നിവയുടെ ബാറ്ററിയേക്കാൾ വലുതാണ്. ആൻഡ്രോയിഡ് ഫോണുകളിൽ വേഗത്തിലുള്ള ചാർജിങ്ങിനായി 4,500mAh ബാറ്ററിയാണ് സാധാരണ നൽകാറുള്ളത്. 4,700mAh എന്നത് വളരെ മികച്ച ബാറ്റിയാണ്.

ഡിസൈൻ

നത്തിങ് ഫോൺ (2) സ്മാർട്ട്ഫോണിന്റെ ഡിസൈൻ വിവരങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പുതിയ തലമുറ നത്തിങ് ഫോണിൽ നിന്നും ആളുകൾ പ്രതീക്ഷിക്കുന്നതും പുതിയതും വ്യത്യസ്തവുമായ ഡിസൈനാണ്. ഒന്നാം തലമുറ നത്തിങ് സ്മാർട്ട്‌ഫോണിന്റെ ലോഞ്ച് സമയത്ത് ഫോണുകളുടെ ഡിസൈൻ രീതിയെ പുതുക്കുകയാണ് കമ്പനി വ്യക്തമാക്കിയിരുന്നു. നത്തിങ് ഫോൺ (1) മിക്ക സ്‌മാർട്ട്‌ഫോണുകളെയും പോലെ ഒരു ബോക്‌സി ഡിസൈനുമായി വരുന്നതാണ് എങ്കിലും ഇതിൽ ട്യൂൺ ചെയ്ത ഇൻ-ബിൽറ്റ് എൽഇഡി ലൈറ്റുകളാണുള്ളത്.

ഗ്ലിഫ് മൊഡ്യൂൾ

നത്തിങ് ഫോൺ (1)ന്റെ ഡിസൈനിന് ഗ്ലിഫ് മൊഡ്യൂൾ എന്നാണ് പേരിട്ടിരിക്കുന്നത്. നത്തിങ് ഇയർ (2) എന്ന അടുത്തിടെ പുറത്തിറങ്ങിയ ഇയർബഡ്സിന്റെ ഡിസൈൻ പഴയ മോഡലായ ഇയർ (1) പോലെ തന്നെയാണുള്ളത്. അതുകൊണ്ട് തന്നെ നത്തിങ് ഫോൺ (2) സ്മാർട്ട്ഫോണിൽ കമ്പനി വലിയ പരീക്ഷണങ്ങൾ നടത്താൻ സാധ്യത കുറവാണ്. എന്നാൽ കാര്യമായ നവീകരണങ്ങൾ ഫോണിന്റെ ഡിസൈനിൽ വരുത്താൻ സാധ്യതയുണ്ട്. പുതിയ ഫോണിന്റെ ക്യാമറകളും വലിയ രീതിയിൽ മെച്ചപ്പെടുത്താൻ സാധ്യതയില്ല.

ക്യാമറ

4കെ വീഡിയോകൾ എടുക്കാൻ കഴിയുന്ന രണ്ട് ക്യാമറകളാണ് നത്തിങ് ഫോൺ (1)ൽ ഉള്ളത്. സാംസങ്ങിനെയും ആപ്പിളിനെയും അപേക്ഷിച്ച് കമ്പനിയുടെ ഇമേജ് പ്രോസസ്സിംഗ് സാങ്കേതികവിദ്യ വളരെ പരിമിതമാണെന്ന് കാൾ പേ നിരവധി വീഡിയോകളിൽ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ വർഷം പുതിയ ക്യാമറ സെൻസർ അവതരിപ്പിക്കാൻ സാധ്യതയില്ല. ഒരു ഹൈ-എൻഡ് ചിപ്പ് ഉപയോഗിക്കുന്നതിനാൽ തന്നെ നത്തിങ് ഫോൺ (2)ന്റെ വില ഫോൺ (1)നെക്കാൾ കൂടുതലായിരിക്കും എന്നതാണ്.എങ്കിലും 40,000 രൂപയിൽ താഴെ വിലയിൽ ഈ ഡിവൈസ് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

 

Similar Posts