OnePlus 7 T

OnePlus 7 T : ആൻഡ്രോയിഡ് ഫോണുകളിലെ ആൾറൗണ്ടർ

ഫോണിന് പൈസ കൂടുംതോറും ഇന്ത്യക്കാരുടെ പ്രതീക്ഷകളും കൂടാറുണ്ട്. അങ്ങനെയൊരു വിപണിയിലേക്കാണ് “നെവർ സെറ്റിൽ ഫോർ ലെസ്സ്” എന്ന മോട്ടോയുമായി വൺപ്ലസ് കടന്നുവരുന്നത്. പിന്നീടിങ്ങോട്ട് പ്രീമിയം സ്മാർട്ഫോൺ വിപണിയിൽ വൺപ്ലസിന്റെ കുതിപ്പാണ് കണ്ടത്. ഈ മേയിൽ (OnePlus 7 T) വൺപ്ലസ്, വണ്‍പ്ലസ് 7 പ്രോ, വണ്‍പ്ലസ് 7 എന്നീ രണ്ട് ഫോണുകൾ പുറത്തിറക്കിയ കമ്പനി ഒട്ടേറെ സവിശേഷതകളുണ്ടെന്നു അവകാശപ്പെട്ടുകൊണ്ട് ഈ വർഷത്തെ രണ്ടാമത്തെ ഫ്ലാഗ്ഷിപ് ഫോണായ വൺപ്ലസ് 7 ടി അവതരിപ്പിച്ചത് കഴിഞ്ഞ മാസമാണ്.

പ്രീമിയം ഫോൺ സങ്കൽപ്പത്തെതന്നെ പൊളിച്ചെഴുതിയ വൺപ്ലസിന്റെ ഏറ്റവും പുതിയ സ്മാർട്ഫോണായ വൺപ്ലസ് 7 ടി യാണ് ഇവിടെ റിവ്യൂ ചെയ്യുന്നത്.

OnePlus 7 T | ഡിസൈൻ

എത്രയൊക്കെ ടെക്നോളജികൾ ഉണ്ടെന്നു പറഞ്ഞാലും ഹാൻഡ്‌സെറ്റിന്റെ ഡിസൈൻ നല്ലതല്ലെങ്കിൽ തീർന്നു. മറ്റൊന്നിനും ആ കുറവ് നികത്താനാവില്ല. ഇത്കൊണ്ട് തന്നെ ഡിസൈനിനു എപ്പോഴും പ്രാധാന്യം കൽപ്പിക്കുന്ന ബ്രാൻഡാണ് വൺപ്ലസ്. മുൻപ് വിപണിയിലിറങ്ങിയ വൺപ്ലസ് 7 മോഡലിനെ ഓർമിപ്പിക്കുന്ന ഡിസൈനാണ് വൺപ്ലസ് 7 ടിയുടേത്. മഴത്തുള്ളിയുടെ ആകൃതിയിലുള്ള നോച്ചും ഫ്ലാറ്റ് സ്ക്രീനും വൺപ്ലസ് 7 റ്റിയിലും ആവർത്തിച്ചിട്ടുണ്ട്. പിൻഭാഗത്തുള്ള വൃത്താകൃതിയിലുള്ള ക്യാമറയാണ് എടുത്തുപറയേണ്ട ഒരു മാറ്റം.

ടി മോഡൽ ഹാൻഡ്‌സെറ്റിൽ വൺപ്ലസ് കൊണ്ടുവന്നിരിക്കുന്ന ഏറ്റവും വലിയ മാറ്റം ഈ ക്യാമറയുടെ പൊസിഷൻ തന്നെയാണ്. മൂന്ന് സെൻസറുകളാണ് ക്യാമറ മോഡ്യൂളിൽ ഉള്ളത്. LED ഫ്ലാഷും കാണാൻ കഴിയും. ഇതിനെല്ലാം താഴെയായി വൺപ്ലസിന്റെ ബ്രാൻഡ് ലോഗോയുമുണ്ട്.

വശങ്ങളിലേക്ക് നോക്കുമ്പോൾ, ഫോണിന്റെ ഇടത് ഭാഗത്താണ് വോളിയം ബട്ടണുകളും പവർ ബട്ടണുകളുമുള്ളത്. താഴെയായി USB-C പോർട്ടും ഡ്യൂവൽ സിം കാർഡ് ട്രേയുമുണ്ട്. എക്സ്പാൻഡബിൾ സ്റ്റോറേജിന്‌ വേണ്ടി ഒരു ഓപ്‌ഷനും വൺപ്ലസ് 7 ടി ഹാൻഡ്‌സെറ്റിൽ ഒരുക്കിയിട്ടില്ല. ഇതൊരു കുറവാണ്‌. കൂടാതെ 3.5 mm ജാക്കും ഫോണിൽ നൽകിയിട്ടില്ല. ഗ്ലേസിയർ ബ്ലൂ, ഫ്രോസ്റ്റഡ് സിൽവർ എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ഫോൺ വരുന്നത്. ഇതിലെ ബ്ലൂ പതിപ്പാണ് ഞങ്ങൾക്ക് റിവ്യൂ ചെയ്യാൻ ലഭിച്ചത്.

OnePlus 7 T | ഡിസ്പ്ലേ

6.55-ഇഞ്ചുള്ള അമോലെഡ് സ്‌ക്രീനാണ് വൺപ്ലസ് 7 ടിയുടേത്. 2400X1080p റസല്യൂഷൻ, ആസ്പെക്ട് അനുപാതം 20:9, 90Hz റീഫ്രഷ് റേറ്റ് എന്നിങ്ങനെയാണ് ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകൾ.

വൺപ്ലസ് 7 നെ അപേക്ഷിച്ച് വൺപ്ലസ് 7 ടിയുടെ നോച്ചും സ്ക്രീനും കുറച്ചു ചെറുതാണ്. പക്ഷെ പിക്സൽ ഡെൻസിറ്റിയിൽ മാറ്റമൊന്നുമില്ല. ഫോണിന്റെ കളർ റീപ്രൊഡക്‌ഷനും കോൺട്രാസ്റ്റ് ലെവലും കിടിലനാണ്. കണ്ണിന് ഹാനികരമായ നീല വെളിച്ചം 40 ശതമാനത്തോളം ഈ ഡിസ്പ്ലേ തടയും. ഡിസ്‌പ്ലേ സെറ്റിങ്സിൽ ബ്രൈറ്റ്നെസ്സ്, നൈറ്റ് മോഡ്, റീഡിങ് മോഡ് എന്നിങ്ങനെ നിങ്ങളുടെ താല്പര്യത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്താനാവും. 1000 nits വ്ന് മുകളിലാണ് ഫോണിന്റെ പരമാവധി ബ്രൈറ്റ്നെസ്സ്.

OnePlus 7 T | പെർഫോമൻസ്

ഏറ്റവും പുതിയ ക്വൽകോം സ്നാപ്ഡ്രാഗൺ പ്രൊസസ്സറുമായാണ് വൺപ്ലസിന്റെ എല്ലാ ഹാൻഡ്സെറ്റുകളും പുറത്തിറങ്ങാറുള്ളത്. വൺപ്ലസ് 7 ടിയിലും ഇത് തുടരുന്നുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 855 പ്ലസ് SoC പ്രൊസസ്സറാണ് ഫോണിന് ശക്തി പകരുന്നത്. ആൻഡ്രോയ്ഡ് ഫോണുകളിൽ കിട്ടാവുന്ന ഏറ്റവും ബെസ്റ്റ് പ്രൊസസ്സറാണ് നിങ്ങൾക്ക് വൺപ്ലസ് 7 ടിയിൽ ലഭിക്കുക.

ഹാൻഡ്‌സെറ്റ് ഉപയോഗിച്ച് നോക്കുമ്പോൾ തീരെ പരാതികളില്ല. ആപ്പുകൾ തുറക്കാനും, ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് പെട്ടന്നു കടക്കാനും, ഇന്റർനെറ്റ് ഉപയോഗിക്കാനും, ആപ്പുകൾ ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിക്കുമ്പോൾ ബ്രൗസ് ചെയ്യാനുമൊന്നും ഒരു തടസ്സവുമില്ല.

സോഫ്റ്റ് വെയറിന്റെ കാര്യത്തിലും “നെവർ സെറ്റിൽ ഫോർ ലെസ്സ്” എന്ന മോട്ടോ കമ്പനി ആവർത്തിച്ചിട്ടുണ്ട്. ആൻഡ്രോയ്ഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തോട് കൂടി വിപണിയിലിറങ്ങിയ ആദ്യത്തെ സ്മാർട്ഫോൺ ആണ് വൺപ്ലസ് 7 ടി. OxygenOS 10 UI കസ്റ്റം ലെയറാണ് ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിലുള്ളത്.

ഡാർക്ക് മോഡ്, ഗൂഗിളിന്റെ ജെസ്റ്റർ കണ്ട്രോൾ തുടങ്ങിയ എല്ലാ ഫീച്ചറുകളും ആൻഡ്രോയിഡ് 10 ൽ നിങ്ങൾക്ക് ലഭിക്കും. തീം, ടെക്സ്റ്റ്, ഐക്കൺ ഷേപ്പ്, ഫോണ്ട് എന്നിവയെല്ലാം മാറ്റാൻ കഴിയുന്ന കസ്റ്റമൈസേഷൻ മെനുവും കാണാം.

ഡിജിറ്റൽ വെൽബിയിംഗ് (Digital Well being) എന്ന OS ന്റെ ഏറ്റവും പുതിയ ഫീച്ചറും ഫോണിലുണ്ട്. നിങ്ങളുടെ വൺപ്ലസ് 7 ടി എത്ര തവണ അൺലോക്ക് ചെയ്‌തെന്നും, സ്ക്രീൻ ടൈമും എല്ലാം ഈ ഫീച്ചർ പറഞ്ഞുതരും. ഹാർഡ് വെയറിലും സോഫ്റ്റ് വെയറിലും പെർഫോമൻസ് പവർ ഹൌസ് തന്നെയാണ് വൺപ്ലസ് 7 ടി. ഓഡിയോയിലും ഗെയിമിംഗിലും ഫോൺ നല്ല പ്രകടനം തന്നെയാണ് കാഴ്ച വെയ്ക്കുന്നത്.

OnePlus 7 T | ക്യാമറ

ക്യാമറയിലും മുൻഗാമികളായ വൺപ്ലസ് 7 ൽ നിന്നും വൺപ്ലസ് 7 പ്രോയിൽ നിന്നും കടമെടുത്ത ഫീച്ചറുകൾ ക്യാമറയിലുമുണ്ട്. പോപ്പ്-അപ്പ് സെറ്റപ്പ് ഒഴിച്ച് നിർത്തിയാൽ വൺപ്ലസ് 7 ടിയുടെ സെൽഫി ക്യാമറ വൺപ്ലസ് 7 , വൺപ്ലസ് 7 പ്രൊ എന്നീ മോഡലുകളുടെ സെൽഫി ക്യാമറയുടെ ആവർത്തനമാണ്.

1.6 um പിക്സൽ സൈസും, 7P ലെൻസ് ഗ്ലാസും, OIS, EIS, f/1.6 അപ്പർച്ചറുമുള്ള 48MP സോണി IMX586 പ്രൈമറി ക്യാമറയാണ് വൺപ്ലസ് 7 ടിയ്ക്കുള്ളത്. വൈഡ് ആംഗിൾ ലെൻസ്, പ്രൈമറി ലെൻസ്, ഒപ്റ്റിക്കൽ സൂം ലെൻസ് എന്നിവയെല്ലാം തമ്മിൽ എളുപ്പത്തിൽ മാറ്റാനും സെലക്ട് ചെയ്യാനും ഫോണിൽ കഴിയുന്നുണ്ട്.

48 എംപി മോഡിൽ ചിത്രങ്ങൾ ക്ലിക്ക് ചെയ്യണമെങ്കിൽ പ്രൊ മോഡിലേക്ക് മാറി ജിപിജി ഫോർമാറ്റ് സെലക്ട് ചെയ്ത് ജിപിജി 48 എംപി സെലക്ട് ചെയ്യണം. ക്വാളിറ്റിയിൽ ഐഫോണിനോളവും പിക്സലിനോളവും വരില്ലെങ്കിലും വൺപ്ലസ് 7 ടിയുടെ ക്യാമറയ്ക്ക് ഒരു കുറവും പറയാനില്ല. പകൽവെളിച്ചത്തിൽ എടുത്ത എല്ലാ ഷോട്ടുകളും നല്ല മിഴിവേറിയ ചിത്രങ്ങളാണ്. ഫോർഗ്രൗണ്ടും ബാക്ഗ്രൗണ്ടും തമ്മിലുള്ള വ്യത്യാസം ടെലിഫോട്ടോ ലൈൻസ് കൃത്യമായി മനസ്സിലാക്കുന്നുണ്ട്.

ഡയനാമിക് റേഞ്ചിൽ ഒരു കുറവും വരുത്താതെയാണ് കുറഞ്ഞ വെളിച്ചത്തിലും പ്രൈമറി ലൈൻസ് പ്രവർത്തിക്കുന്നത്. നൈറ്റ്സ്കേപ്പ് മോഡിനാണ് ഇതിന്റെ ക്രെഡിറ്റ്. ടെലിഫോട്ടോ ലെൻസിന് നൈറ്റ്സ്കേപ്പ് മോഡ് ഫീച്ചറില്ല. അതുകൊണ്ട് തന്നെ ആദ്യത്തെ രണ്ട് ലെൻസുകളും ഉപയോഗിച്ചു കിട്ടുന്ന ചിത്രങ്ങളുടെ അത്ര പോരാ ടെലിഫോട്ടോ ലൈൻസ് വെച്ചെടുക്കുന്ന പടങ്ങൾ. എന്നാലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യാനുള്ള ഭംഗിയും ക്ലാരിറ്റിയുമെല്ലാം ഈ ചിത്രങ്ങൾക്കുണ്ട്.

സൂപ്പർ മാക്രോ മോഡാണ് വൺപ്ലസ് 7 ടിയ്ക്ക് ലഭിച്ചിരിക്കുന്ന പുതിയ ഫീച്ചർ. അൾട്രാ വൈഡ് ക്യാമറ ഉപയോഗിച്ചാണ് സൂപ്പർ മാക്രോ മോഡിൽ ചിത്രങ്ങളെടുക്കുന്നത്. സബ്‌ജെക്ടിൽ നിന്നും 2.5 cm മുതൽ 8 cm വരെ ദൂരത്തു നിന്നുകൊണ്ട് ക്ലിക്ക് ചെയ്യുന്നതാണ് നല്ലത്.

ബാറ്ററി

വൺപ്ലസ് 7 പ്രോയുടെ 3700 mAh ബാറ്ററിയിൽ നിന്നും ചെറിയൊരു അപ്ഗ്രേഡ് വൺപ്ലസ് 7 ടിയുടെ ബാറ്ററിക്ക് നൽകിയിട്ടുണ്ട്. 3800 mAh ആണ് വൺപ്ലസ് 7 ടിയുടെ ബാറ്ററി ശേഷി. വാർപ് ചാർജ് 30 ടിയും വൺപ്ലസ് അവതരിപ്പിച്ചിട്ടുണ്ട്. പൂജ്യത്തിൽ നിന്നും എഴുപത് ശതമാനം ചാർജിലേക്ക് ആകെ അരമണിക്കൂർ സമയം മാത്രമേ എടുക്കുകയുള്ളു എന്നാണ് കമ്പനി ഇതിനെപ്പറ്റി അവകാശപ്പെടുന്നത്. ഞങ്ങൾ ടെസ്റ്റ് ചെയ്തപ്പോഴും 30 മിനിറ്റിനുള്ളിൽ ഫോൺ ഏകദേശം 65 % വരെ ചാർജായി.

ഉപയോഗത്തിനനുസരിച്ചാണ് വൺപ്ലസ് 7 ടിയുടെ ബാറ്ററി ചാർജിന്റെ കാലാവധി. എന്നാലും ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ളത്കൊണ്ട് അഞ്ചു മുതൽ പത്ത് മിനിറ്റ് ചാർജ് ചെയ്താൽ തന്നെ അടുത്ത ഒന്ന് രണ്ടു മണിക്കൂർ നിങ്ങൾക്ക് ഫോൺ ഉപയോഗിക്കാൻ കഴിയും. ഇപ്പോൾ മാർക്കറ്റിൽ ലഭ്യമായിട്ടുള്ളതിൽ വെച്ച് ഏറ്റവും ബെസ്റ്റ് ബാറ്ററി അനുഭവം തന്നെയാണ് വൺപ്ലസ് നൽകുന്നത്.

വിലയുടെ കാര്യം നോക്കുബോൾ വൺപ്ലസിന്റെ മുൻ മോഡലുകളായ വൺപ്ലസ് 7 നും വൺപ്ലസ് 7 പ്രോയ്ക്കും ഇടയിലാണ് വൺപ്ലസ് 7 ടിയുടെ സ്ഥാനം. 32,999 രൂപയാണ് വൺപ്ലസ് 7 ന്റെ വില. വൺപ്ലസ് 7 പ്രോവിനാകട്ടെ മാർക്കറ്റിൽ 48,999 രൂപയാണ് റേറ്റ്. ഇതിനു രണ്ടിനുമിടയ്ക്ക് 37 ,999 എന്ന പ്രൈസ് ടാഗാണ് പുതിയ മോഡലിന് ലഭിച്ചിരിക്കുന്നത്.

90 HZ ഡിസ്‌പ്ലേ, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, മേറ്റ് ഫ്രോസ്റ്റഡ് ബാക്ക് പാനൽ എന്നീ വൺപ്ലസ് 7 പ്രോയുടെ ഫീച്ചറുകൾക്കൊപ്പം ഫ്ലാറ്റ് സ്ക്രീൻ ഡിസൈൻ, ഫുൾ HD +ഡിസ്‌പ്ലേ, സെൽഫി ക്യാമറയ്ക്കായി വാട്ടർ ഡ്രോപ്പ് സൈസ് നോച്ച് എന്നിവയാണ് വൺപ്ലസ് 7 ടിയിലുള്ളത്.

ഒരു പ്രീമിയം ഫോൺ വാങ്ങുമ്പോൾ ഒരുവിധം എല്ലാവരും നോക്കുക പെർഫോമൻസും, നല്ല ക്യാമറയും, വലിയ ഡിസ്‌പ്ലേയും ഡിസൈനും പിന്നെ ഒരു ദിവസം നീണ്ട് നിൽക്കുന്ന ചാർജുമെല്ലാമാണ്. ഈ കാര്യങ്ങളെല്ലാം വൺപ്ലസ് 7 ടിയിലുണ്ട്. ഹാൻഡ്സെറ്റിനെ ഏറ്റവും സ്പെഷ്യലാക്കുന്നത് ഡിസ്‌പ്ലേയും ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമാണ്. പെർഫെക്ഷൻ എന്ന വാക്കിനോട് അടുത്ത് നിൽക്കുന്ന ഒരു ഫോണാണ് വൺപ്ലസ് 7 ടി എന്ന് പറഞ്ഞാൽ ഒട്ടും കൂടുതലാവില്ല.

വൺപ്ലസ് 7 നോ വൺപ്ലസ് 7 പ്രോയോ കയ്യിലുള്ളവർ വൺപ്ലസ് 7 ടി വാങ്ങണമെന്നില്ല. പക്ഷെ ഈ ഫോണുകൾ ഇല്ലാത്തവർ തീർച്ചയായും മിസ് ചെയ്യാൻ പാടില്ലാത്ത ഫോണാണ് വൺപ്ലസ് 7 ടി. ഇപ്പോൾ വാങ്ങിക്കാൻ ഏറ്റവും മികച്ച ഓപ്‌ഷനും ഈ ഹാൻഡ്‌സെറ്റ് തന്നെയാണ്.

 

Similar Posts