Oppo A58 4G സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും
ഓപ്പോ എ58 4ജി (Oppo A58 4G) സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഓപ്പോ എ58 സീരീസിൽ നിന്നും ഇന്ത്യയിലെത്തുന്ന ആദ്യത്തെ സ്മാർട്ട്ഫോൺ കൂടിയാണ് ഇത്. 4ജി നെറ്റ്വർക്ക് മാത്രം സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്ഫോണാണ് ഇത്. നെറ്റ്വർക്കിന്റെ കാര്യത്തിൽ പിന്നിലാണ് എങ്കിലും കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായിട്ടാണ് ഓപ്പോ എ58 4ജി സ്മാർട്ട്ഫോൺ വരുന്നത്. 15,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ചോയിസായിരിക്കും ഈ ഡിവൈസ്.
Oppo A58 4G | ഓപ്പോ എ58 4ജി
ഓപ്പോ എ58 4ജി സ്മാർട്ട്ഫോൺ ഫുൾ HD+ 90Hz ഡിസ്‌പ്ലേയുമായി വരുന്നു. 2.8D കർവ്ഡ് ഡിസ്പ്ലെയ്ക്കൊപ്പം 50 എംപി ക്യാമറയുള്ള ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പുമുണ്ട്. മീഡിയടെക് പ്രോസസറിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ഫോണിൽ 5000mAh ബാറ്ററിയാണുള്ളത്. 33W സൂപ്പർവൂക്ക് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ട്. ആകർഷകമായ ഡിസൈനാണ് ഓപ്പോ എ58 സ്മാർട്ട്ഫോണിന്റെ മറ്റൊരു സവിശേഷത. ഈ സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതകളും വിശദമായി നോക്കാം.
വിലയും ലഭ്യതയും
ഓപ്പോ എ58 4ജി സ്മാർട്ട്ഫോൺ ഒരു വേരിയന്റിൽ മാത്രമാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ വേരിയന്റിന് 14,999 രൂപയാണ് വില. ഫ്ലിപ്പ്കാർട്ടിലൂടെയും ഓപ്പോയുടെ വെബ്സൈറ്റിലൂടെയും ഓപ്പോ എ58 4ജി സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തും. ഗ്ലോവിംഗ് ബ്ലാക്ക്, ഡാസ്‌ലിംഗ് ഗ്രീൻ എന്നീ നിറങ്ങളിലാണ് ഫോൺ ലഭ്യമാകുന്നത്. ഈ ഡിവൈസ് വാങ്ങുന്നവർക്ക് ബാങ്ക് ഓഫറുകളും ലഭിക്കും. 1,500 രൂപ കിഴിവാണ് ബാങ്ക് ഓഫറിലൂടെ ലഭിക്കുന്നത്. ഇതോടെ ഫോണിന്റെ വില 13,499 രൂപയാണ് വില.
ഡിസ്പ്ലെയും പ്രോസസറും
ഓപ്പോ എ58 4ജി സ്മാർട്ട്ഫോണിൽ 2400 × 1080 പിക്സൽ റെസല്യൂഷനുള്ള 6.72 ഇഞ്ച് ഫുൾ എച്ച്‌ഡി+ എൽസിഡി സ്‌ക്രീനാണുള്ളത്. 90Hz റിഫ്രഷ് റേറ്റും ഫോണിലുണ്ട്. ഈ 1080p ഡിസ്‌പ്ലേ 100% sRGB / DCI-P3 കളർ ഗാമറ്റ് സപ്പോർട്ടും 680 നിറ്റ്സ് പീക്ക് ബ്രൈറ്റനസുമായിട്ടാണ് വരുന്നത്. എആർഎം മാലി-G52 2EEMC2 ജിപിയുവുള്ള ഫോണിൽ 128 ജിബി eMMC 5.1 സ്റ്റോറേജ്, 6 ജിബി LPDDR4X റാം എന്നിവയുണ്ട്. ഒക്ടാ-കോർ 12nm മീഡിയടെക് ഹെലിയോ ജി85 എസ്ഒസിയുടെ കരുത്തിലാണ് ഓപ്പോ എ58 4ജി പ്രവർത്തിക്കുന്നത്.
ക്യാമറകൾ
രണ്ട് പിൻക്യാമറകളുമായിട്ടാണ് ഓപ്പോ എ58 4ജി സ്മാർട്ട്ഫോൺ വരുന്നത്. എഫ്/1.8 അപ്പേർച്ചറുള്ള 50 എംപി പ്രൈമറി ക്യാമറ, എഫ്/2.4 അപ്പേർച്ചറുള്ള 2 എംപി പോർട്രെയ്റ്റ് ക്യാമറ എന്നിവയടങ്ങുന്ന ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പാണ് ഇത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി എഫ്/2.0 അപ്പേർച്ചറുള്ള 8 എംപി ഫ്രണ്ട് ക്യാമറയും ഓപ്പോ എ58 4ജി സ്മാർട്ട്ഫോണിലുണ്ട്. 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനുള്ള മൈക്രോ എസ്ഡി കാർഡ് സ്ലോട്ടുമായിട്ടാണ് ഈ ഫോൺ വരുന്നത്.
ബാറ്ററിയും ചാർജിങ് സപ്പോർട്ടും
ഓപ്പോ എ58 4ജി സ്മാർട്ട്ഫോണിൽ 5000mAh ബാറ്ററിയാണുള്ളത്. ഈ വലിയ ബാറ്ററി ചാർജ് ചെയ്യാൻ 33W സൂപ്പർവൂക്ക് വയർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 3.5 എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഈ ഫോണിലുണ്ട്. ആൻഡ്രോയിഡ് 13 ബേസ്ഡ് കളർ ഒഎസ് 13.1ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ഡ്യുവൽ 4ജി വോൾട്ടി, വൈഫൈ 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോണിലുണ്ട്.