Oppo Reno 10 5G

Oppo Reno 10 5G ഇന്ത്യയിലെ വില പ്രഖ്യാപിച്ചു, ഒപ്പം ആകർഷകമായ ഓഫറുകളും

ജൂലൈ 10ന് ഇന്ത്യൻ വിപണിയിലെത്തിയ ഓപ്പോ റെനോ 10 സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡലായ ഓപ്പോ റെനോ 10 5ജി (Oppo Reno 10 5G) സ്മാർട്ട്ഫോണിന്റെ വില ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ സീരീസിൽ ഓപ്പോ റെനോ 10 5ജി, റെനോ 10 പ്രോ 5ജി, റെനോ 10 പ്രോ പ്ലസ് 5ജി എന്നീ മൂന്ന് സ്മാർട്ട്ഫോണുകളാണുള്ളത്. ഇതിൽ പ്രോ മോഡലുകളുടെ വില ലോഞ്ച് ചെയ്തപ്പോൾ തന്നെ പ്രഖ്യാപിച്ചിരുന്നു. സ്റ്റാൻഡേർഡ് മോഡൽ ഓപ്പോ റെനോ 10 5ജിയുടെ വില കഴിഞ്ഞ ദിവസമാണ് കമ്പനി വെളിപ്പെടുത്തിയത്.

Oppo Reno 10 5G | ഓപ്പോ റെനോ 10 5ജിയുടെ വില

ഓപ്പോ റെനോ 10 5ജിയുടെ വില 32,999 രൂപയാണ്. ഈ സ്മാർട്ട്ഫോൺ വാങ്ങാനായി തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് 3,000 രൂപയുടെ അധിക കിഴിവും ലഭിക്കും. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഫോണിന്റെ വിൽപ്പന നടക്കുന്നത്. ബാങ്ക് ഓഫർ ചേരുന്നതോടെ ഓപ്പോ റെനോ 10 5ജി സ്മാർട്ട്ഫോൺ 29,999 രൂപയ്ക്ക് സ്വന്തമാക്കാം. ഓപ്പോ റെനോ 10 പ്രോ 5ജി, റെനോ 10 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണുകളുടെ വിൽപ്പന നേരത്തെ തന്നെ ഫ്ലിപ്പ്കാർട്ടിൽ ആരംഭിച്ചിരുന്നു.

പ്രീ ഓർഡർ ആരംഭിച്ചു

ഓപ്പോ റെനോ 10 5ജി സ്മാർട്ട്ഫോണിന്റെ പ്രീ ഓർഡറുകൾ ഫ്ലിപ്പ്കാർട്ടിൽ ആരംഭിച്ചിട്ടുണ്ട്. ഈ ഡിവൈസ് ഐസ് ബ്ലൂ, സിൽവറി ഗ്രേ കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ഈ ഡിവൈസ് എപ്പോഴാണ് വിൽപ്പനയ്ക്ക് എത്തുക എന്ന കാര്യത്തിൽ വ്യക്തതയില്ല. ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും ഫോൺ ലഭ്യമാകുമെന്നാണ് സൂചനകൾ. നിരവധി മികച്ച സ്മാർട്ട്ഫോണുകളുള്ള 30,000 രൂപ വില വിഭാഗത്തിലേക്കാണ് ഓപ്പോ റെനോ 10 5ജി പുറത്തിറക്കിയിരിക്കുന്നത്. ഐകൂ നിയോ 7, മോട്ടറോള എഡ്ജ് 40 തുടങ്ങിയ ഫോണുകളാണ് ഈ വിഭാഗത്തിലുള്ളത്.

ഓപ്പോ റെനോ 10 സീരീസ്

ഓപ്പോ റെനോ 10 5ജിക്കൊപ്പം ലോഞ്ച് ചെയ്ത റെനോ 10 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ വില 39,999 രൂപ മുതലാണ് ആരംഭിക്കുന്നത്. റെനോ 10 പ്രോ പ്ലസ് 5ജി സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത് 54,999 രൂപ മുതലാണ്. ഈ രണ്ട് മോഡലുകളും ഫ്ലിപ്പ്കാർട്ടിലും ഓപ്പോ ഇന്ത്യയുടെ ഓൺലൈൻ സ്റ്റോറിലും രാജ്യത്തുടനീളമുള്ള പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഇതിനകം തന്നെ വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്. ഓപ്പോ റെനോ 10 5ജി വിലയ്ക്ക് യോജിച്ച സവിശേഷതകളുമായിട്ടാണ് വരുന്നത്. ഈ ഫോണിന്റെ സവിശേഷതകൾ നോക്കാം.

റെനോ 10 5ജിയുടെ സവിശേഷതകൾ

ഓപ്പോ റെനോ 10 5ജി സ്മാർട്ട്ഫോണിൽ 120Hz വരെ റിഫ്രഷ് റേറ്റും 240Hz വരെ ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.7-ഇഞ്ച് ഫുൾ-എച്ച്‌ഡി + OLED 3D കർവ്ഡ് ഡിസ്‌പ്ലേയാണുള്ളത്. 8 ജിബി റാമുമായി വരുന്ന ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ-കോർ 6nm മീഡിയടെക് ഡൈമെൻസിറ്റി 7050 ചിപ്‌സെറ്റാണ്. ആൻഡ്രോയിഡ് 13 ഒഎസിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 14 അപ്ഡേറ്റും വൈകാതെ ഓപ്പോ റെനോ 10 5ജിക്ക് ലഭിക്കും.

ക്യാമറ സെറ്റപ്പ്

ഓപ്പോ റെനോ 10 5ജിയിൽ മൂന്ന് പിൻ ക്യാമറകളാണുള്ളത്. 64 മെഗാപിക്സൽ പ്രൈമറി സെൻസറിനൊപ്പമുള്ള എഫ്/1.7 ലെൻസ് ഓട്ടോഫോക്കസുമായി വരുന്നു. ഒഐഎസ് സപ്പോർട്ടും ഈ പ്രൈമറി ക്യാമറയ്ക്കുണ്ട്. 32 മെഗാപിക്സൽ ടെലിഫോട്ടോ സെൻസറാണ് ഈ ഡിവൈസിലെ സെക്കന്ററി ക്യാമറ. 8 മെഗാപിക്സൽ സെൻസറാണ് മൂന്നാമത്തെ ക്യാമറ. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ക്യാമറ സെൻസറും ഓപ്പോ നൽകിയിട്ടുണ്ട്.

Similar Posts