Realme Power Bank 2023 : സ്മാർട്ഫോൺ മാത്രമല്ല ലാപ്ടോപ്പും മാക്ബുക്കും ഇനി ചാർജ് ചെയ്യാം
വിപണിയിലുള്ള നൂറു കണക്കിന് പവര്‍ ബാങ്കുകളിൽ നിന്നും വ്യത്യസ്തമായി എന്നാൽ പോക്കറ്റിലൊതുങ്ങുന്ന വിലയിലാണ് റിയൽമി തങ്ങളുടെ പവർ ബാങ്ക്(Realme Power Bank) പുറത്തിറക്കിയിരിക്കുന്നത്. ഓപ്പോയുടെ ഉപബ്രാൻഡായി ഇന്ത്യയിലെത്തിയ ചൈനീസ് സ്മാർട്ഫോൺ കമ്പനി റിയൽമി അവതരിപ്പിക്കുന്ന ആദ്യത്തെ പവർ ബാങ്കാണിത്. 1,299 രൂപ വിലയുള്ള 10,000 mAh റിയൽമി പവർ ബാങ്കിന്റെ ഏറ്റവും വലിയ പ്രത്യേകത, സാധാരണ പവർ ബാങ്കുകൾ പോലെ ഇതിൽ സ്മാർട്ഫോൺ മാത്രമല്ല ലാപ്ടോപ്പും ചാർജ് ചെയ്യാൻ കഴിയും.
Realme Power Bank
ലാപ്ടോപ്പ് ചാർജ് ചെയ്യാൻ കഴിയുന്ന പവർ ബാങ്ക് ഒരു പുതിയ കണ്ടുപിടിത്തം തന്നെയാണ്. പക്ഷെ എല്ലാ ലാപ്ടോപ്പും ഈ പവർ ബാങ്കിൽ ചാർജ് ചെയ്യാൻ സാധിക്കില്ല. USB ടൈപ്പ്-സി ഇൻപുട് ചാർജിങ് സാധ്യമായിട്ടുള്ള ഏറ്റവും പുതിയ ലാപ്‌ടോപ്പുകൾ മാത്രമേ റിയൽമിയുടെ പവർ ബാങ്കിലൂടെ ചാർജ് ചെയ്യാനാവൂ. പുതിയ ആപ്പിൾ മാക് ബുക്ക് എയറോ പ്രോയോ അല്ലെങ്കിൽ ഏതെങ്കിലും പുതിയ വിൻഡോസ് ലാപ്ടോപ്പോ ആണ് നിങ്ങളുടെ കയ്യിലുള്ളതെങ്കിൽ പേടിക്കാനില്ല. അവയെല്ലാം ഈ പവർ ബാങ്കിൽ പ്രവർത്തിക്കും.
റിയൽമി പവർ ബാങ്ക് ഉപയോഗിച്ച് ഞങ്ങൾ ഏറ്റവും പുതിയ മാക് ബുക്ക് ചാർജ് ചെയ്തപ്പോൾ നല്ല പ്രതികരണമാണ് ലഭിച്ചത്. പവർ ബാങ്കിന്റെ പരമാവധി ഔട്ട്പുട്ട് പവർ 18 W ആണ് എന്നാൽ മാക് ബുക്കിന്റെ അഡാപ്‌റ്റർ 30 W ആണ്. അതുകൊണ്ട് തന്നെ ലാപ്ടോപ്പ് ചാർജ് ചെയ്യാൻ കുറച്ചധികം സമയം ആവശ്യമായി വന്നു. ലാപ്ടോപ്പ് ചാർജ് ചെയ്യാനുള്ള പവർ ബാങ്കുകൾ വളരെ കുറവായത് കൊണ്ട് തന്നെ റിയൽമി പവർ ബാങ്ക് അടിയന്തര സാഹചര്യങ്ങളിൽ ഉപകരിക്കും.
രണ്ട് അറ്റത്തും ടൈപ്പ്-സി ജാക്കുള്ള കേബിൾ ഉണ്ടെങ്കിൽ മാത്രമേ ലാപ്ടോപ്പ് ചാർജ് ചെയ്യാൻ കഴിയൂ. ടൈപ്പ്-സി പോർട്ടുമായാണ് റിയൽമിയുടെ പവർ ബാങ്ക് വരുന്നത്. ഈ പോർട്ട് കേബിളിന്റെ അറ്റത്ത് കണക്ട് ചെയ്തതിന് ശേഷം ചാർജ് ചെയ്യാനായി കേബിളിന്റെ മറ്റേ അറ്റം നിങ്ങളുടെ ലാപ്ടോപ്പിന്റെ ടൈപ്പ്-സി പോർട്ടിലേക്ക് കണക്ട് ചെയ്താൽ മതി.
USB ടൈപ്പ്-സിയിലൂടെ 18 W ന്റെ ടു-വേ ഫാസ്റ്റ് ചാർജിങ് ആണ് റിയൽമി പവർ ബാങ്ക് നൽകുന്നത്. അതായത് നിങ്ങളുടെ ഫോൺ വളരെ പെട്ടന്ന് തന്നെ ചാർജ് ചെയ്യാം, കൂടാതെ ആ പോർട്ട് ഉപയോഗിച്ച് പവർ ബാങ്കും വളരെ വേഗത്തിൽ താനെ ചാർജ് ചെയ്യാൻ കഴിയും.
ലിഥിയം-പോളിമർ ബാറ്ററി കൂടാതെ 18W ഔട്പുട്ട് കപ്പാസിറ്റിയുള്ള ഒരു സ്റ്റാൻഡേർഡ് USB ടൈപ്പ്-A പോർട്ടും, ടൈപ്പ് സി-പോർട്ടും പവർ ബാങ്കിലുണ്ട്. ഓവർ ചാർജിങ്ങിനും ഡിസ്ചാർജിങ്ങിനുമായി 12 സുരക്ഷാ ലേയറുകൾ പവർ ബാങ്കിനുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സാധാരണ 10 W ചാർജറാണ് പവർ ബാങ്ക് ചാർജ് ചെയ്യാനായി ഉപയോഗിക്കുന്നതെങ്കിൽ ഏകദേശം ആറ് മണിക്കൂറാണ് മുഴുവൻ ചാർജ് ആവാനെടുക്കുന്ന സമയം. അതല്ല 18 W ചാർജറാണ് ഉപയോഗിക്കുന്നതെങ്കിൽ മൂന്നു മണിക്കൂറോളം സമയം വേണ്ടി വരും.
ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന സ്മാർട്ഫോണുകളാണെങ്കിൽ ഒരു മണിക്കൂറിലേറെ സമയമെടുക്കും മുഴുവനായും ചാർജാവാൻ. ലാപ്ടോപ്പ് ചാർജ് ചെയ്യാനായി മറ്റൊരു മാർഗവും ഇല്ലെങ്കിൽ മാത്രം പവർ ബാങ്ക് ഉപയോഗിക്കുന്നതാണ് നല്ലത്.