ക്യാമറയിലും കരുത്തിലും കേമൻ; Samsung Galaxy S23 FE വരുന്നു
ആപ്പിൾ ഐഫോണുകളുമായി മത്സരിക്കുന്ന ആൻഡ്രോയിഡ് ഫോണുകളാണ് സാംസങ്ങിന്റെ എസ് സീരീസ് സ്മാർട്ട്ഫോണുകൾ. ഈ വിഭാഗത്തിൽ പുതിയൊരു ഫോൺ കൂടി പുറത്തിറക്കാനൊരുങ്ങുകയാണ് സാംസങ്. ഗാലക്സി എസ്23 സീരീസിൽ ഒരു ഫാൻ എഡിഷൻ ഫോണാണ് കമ്പനി അവതരിപ്പിക്കാൻ പോകുന്നത്. സാംസങ് ഗാലക്സി എസ്23 എഫ്ഇ (Samsung Galaxy S23 FE) എന്ന സ്മാർട്ട്ഫോൺ അടുത്തമാസം പുറത്തിറങ്ങുമെന്നാണ് ലീക്ക് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. സാംസങ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും നൽകിയിട്ടില്ല.
Samsung Galaxy S23 FE | ലോഞ്ച് അടുത്ത മാസം
അടുത്ത മാസമായിരിക്കും സാംസങ് ഗാലക്സി എസ് 23 എഫ്ഇ സ്മാർട്ട്‌ഫോൺ അവതരിപ്പിക്കുകയെന്ന് പ്രശസ്ത ടിപ്‌സ്റ്റർ യോഗേഷ് ബ്രാർ ആണ് സൂചന നൽകുന്നത്. ഈ ലീക്കിലൂടെ ഫോണിന്റെ ചില സവിശേഷതകളും അദ്ദേഹം പുറത്ത് വിട്ടിട്ടുണ്ട്. സാംസങ് ഗാലക്സി എസ് 23 എഫ്ഇ ഇതിനകം ബിഐഎസ് സർട്ടിഫിക്കേഷൻ വെബ്സൈറ്റിൽ കണ്ടെത്തിയിരുന്നു. ഇന്ത്യയുൾപ്പെടെ ആഗോളതലത്തിൽ ആയിരിക്കും ഫോൺ ലോഞ്ച് ചെയ്യുകയെന്നാണ് ലീക്ക് റിപ്പോർട്ടിൽ പറയുന്നത്.
ഡിസ്പ്ലെ
സാംസങ് ഗാലക്സി എസ് 23 എഫ്ഇ സ്മാർട്ട്ഫോണിന്റെ ചില സവിശേഷതകൾ യോഗേഷ് ബ്രാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. 6.4 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയുമായിട്ടായിരിക്കും ഫോൺ പുറത്തിറങ്ങുകയെന്ന് ലീക്ക് റിപ്പോർട്ടിൽ പറയുന്നു. മികച്ച വിഷ്വലുകൾക്കായി 120 ഹെർട്‌സ് റിഫ്രഷ് റേറ്റും ഫോണിൽ ഉണ്ടായിരിക്കും. സാംസങ് ഗാലക്സി എസ് 21 എഫ്ഇയുമായി സാമ്യത പുലർത്തുന്ന ഫോണായിരിക്കും സാംസങ് ഗാലക്സി എസ് 23 എഫ്ഇ എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.
പ്രോസസർ
സാംസങ് ഗാലക്സി എസ് 23 എഫ്ഇ സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്പ്സെറ്റോ സാംസങ്ങിന്റെ തന്നെ എക്സിനോസ് 2200 പ്രോസസറോ ആയിരിക്കുമെന്നും ലീക്ക് റിപ്പോർട്ടിൽ പറയുന്നു. ഓരോ പ്രദേശത്തും വ്യത്യസ്ത ചിപ്പ്സെറ്റുമായിട്ടായിരിക്കും ഈ സ്മാർട്ട്ഫോൺ അവതരിപ്പിക്കുന്നത്. സ്നാപ്ഡ്രാഗൺ 8 ജെൻ 1 അമിതമായി ചൂടാകുന്നുവെന്ന വിമർശനമുള്ളതിനാൽ ഈ ചിപ്പ്സെറ്റ് ഒഴിവാക്കാനുള്ള സാധ്യതയും ഉണ്ട്. ചിലപ്പോൾ ഫോണിൽ സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്പ്സെറ്റ് ഉപയോഗിച്ചേക്കും.
ക്യാമറകൾ
12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജുമായിട്ടായിരിക്കും സാംസങ് ഗാലക്സി എസ് 23 എഫ്ഇ സ്മാർട്ട്ഫോൺ വരുന്നത്. കാര്യക്ഷമമായി മൾട്ടിടാസ്കിങ് നടത്താനും കണ്ടന്റ് സ്ട്രീം ചെയ്യാനും ഗെയിം കളിക്കാനുമെല്ലാം സാധിക്കുന്ന ഫോണായിരിക്കും ഇത്. ഫോണിൽ ഒഐഎസ് ഉള്ള 50 എംപി സെൻസർ, 8 എംപി അൾട്രാ വൈഡ് സെൻസർ, 12 എംപി ടെലിഫോട്ടോ സെൻസർ എന്നിവയും ഫോണിൽ ഉണ്ടായിരിക്കും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിൽ 10 എംപി ക്യാമറയും ഉണ്ടായിരിക്കും.