Xiaomi Pad 6 | വിപണി പിടിക്കാൻ ഷവോമി പാഡ് 6 ടാബ്ലറ്റ് എത്തിക്കഴിഞ്ഞു; വിലയും സവിശേഷതകളും അറിയാം
കാത്തിരിപ്പിനൊടുവിൽ ഷവോമി തങ്ങളുടെ പുതിയ ടാബ്ലറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഷവോമി പാഡ് 6 (Xiaomi Pad 6) ആകർഷകമായ സവിശേഷതകളുമായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. ഷവോമി പാഡ് 5ന്റെ പിൻതലമുറ ഡിവൈസ് ആയി വിപണിയിലെത്തിയിരിക്കുന്ന പാഡ് 6 സ്‌മാർട്ട് പെൻ, കീബോർഡ് എന്നിവ സപ്പോർട്ട് ചെയ്യുന്നു. പുതിയ തലമുറ ടാബ്ലറ്റിന്റെ ഡിസൈനിലും പ്രോസസറിലും ഷവോമി ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
Xiaomi Pad 6 | ഷവോമി പാഡ് 6
ഷവോമി പാഡ് 6ൽ സ്‌നാപ്ഡ്രാഗൺ 870 ചിപ്പ്സെറ്റാണുള്ളത്. പാഡ് 5ൽ സ്നാപ്ഡ്രാഗൺ 860 ആയിരുന്നു ഉണ്ടായിരുന്നത്. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഷവോമി പാഡ് 6 അവതരിപ്പിച്ചിരിക്കുന്നത്. ഈ ഡിവൈസ് രണ്ട് മാസം മുമ്പ് ചൈനീസ് വിപണിയിലും അവതരിപ്പിച്ചിരുന്നു. ചൈനയിൽ അവതരിപ്പിച്ച ഷവോമി പാഡ് 6 പ്രോ ഇന്ത്യയിൽ പുറത്തിറക്കിയിട്ടില്ല. ഷവോമി പാഡ് 6ന്റെ വിലയും സവിശേഷതകളും വിശദമായി നോക്കാം.
വിലയും ലഭ്യതയും
ഷവോമി പാഡ് 6ന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന് 26,999 രൂപയാണ് വില. ഈ ഡിവൈസിന്റെ 8 ജിബി റാമും 456 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 28,999 രൂപ വിലയുണ്ട്. ഈ ടാബ്ലറ്റ് വാങ്ങാനായി ഐസിഐസിഐ ബാങ്ക് കാർഡ് ഉപയോഗിക്കുന്നവർക്ക് 3000 രൂപ കിഴിവ് ലഭിക്കും. ആക്‌സസറികളായി ഷവോമി പാഡ് 6നൊപ്പം വരുന്ന കീബോർഡിന് 4999 രൂപയും സ്മാർട്ട് പെന്നിന് 5999 രൂപയും കേസിന് 1499 രൂപയുമാണ് വില. ജൂൺ 21 മുതൽ ഈ ടാബ്ലറ്റ് വിൽപ്പനയ്ക്കെത്തും.
ഡിസ്പ്ലെയും പ്രോസസറും
ഷവോമി പാഡ് 6 ടാബ്ലറ്റിൽ 11 ഇഞ്ച് സ്‌ക്രീനാണുള്ളത്. ഷാർപ്പായ ഡീറ്റൈൽസു മികച്ച കളറുകളും നൽകുന്ന ഡിസ്പ്ലെയാണ് ഇത്. സ്‌ക്രീനിന് 144 ഹെർട്സ് റിഫ്രഷ് റേറ്റാണുള്ളത്. അതുകൊണ്ട് തന്നെ ഗെയിമിങ് അടക്കമുള്ള എല്ലാ കാര്യങ്ങളിലും ഈ സ്ക്രീൻ മികവ് പുലർത്തുന്നു. 550 നിറ്റ്സ് ബ്രൈറ്റ്നസും സ്ക്രീനിനുണ്ട്. ഷവോമി പാഡ് 6ന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 എന്ന ശക്തമായ പ്രോസസറാണ്. ഇത് സുഗമമായും വേഗത്തിലും പ്രവർത്തിക്കാൻ ടാബ്ലറ്റിനെ സഹായിക്കുന്നു. 8 ജിബി വരെ റാമാണ് ഷവോമി പാഡ് 6ൽ ഉള്ളത്.
ക്യാമറയും ബാറ്ററിയും
ഷവോമി പാഡ് 6ന് പിന്നിൽ 13 മെഗാപിക്‌സൽ ക്യാമറയാണുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 8 എംപി ക്യാമറയും നൽകിയിട്ടുണ്ട്. ഈ ടാബ്‌ലെറ്റിൽ ലൈറ്റും മൂവ്മെന്റും തിരിച്ചറിയാനുള്ള സെൻസറുകളും കമ്പനി നൽകിയിട്ടുണ്ട്. ടൈപ്പ് ചെയ്യുന്നത് എളുപ്പമാക്കാനായി കീബോർഡ് അറ്റാച്ച് ചെയ്യാനുള്ള സൌകര്യവും സ്ക്രീനിൽ എഴുതാനോ വരയ്ക്കാനോ പ്രത്യേക പേന ഉപയോഗിക്കാനുള്ള സൌകര്യവും ഈ ടാബ്ലറ്റിൽ നൽകിയിട്ടുണ്ട്. ഒറ്റ ചാർജിൽ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന 8840mAh ബാറ്ററിയാണ് ടാബ്‌ലെറ്റിലുള്ളത്.
മറ്റ് സവിശേഷതകൾ
ആപ്പുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ സ്റ്റോർ ചെയ്യുന്നതിനായി 256 ജിബി വരെ സ്റ്റോറേജും ഷവോമി പാഡ് 6 ടാബ്ലറ്റിൽ കമ്പനി നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 13 ബേസ്ഡ് എംഐയുഐ 14ലാണ് പാഡ് 6 പ്രവർത്തിക്കുന്നത്. ഉയർന്ന നിലവാരമുള്ള ഓഡിയോ നൽകുന്നതിനായി ഡോൾബി അറ്റ്‌മോസ് സാങ്കേതികവിദ്യ സപ്പോർട്ട് ചെയ്യുന്ന നാല് സ്പീക്കറുകളാണ് ഷവോമി പാഡ് 6ൽ ഉള്ളത്. ഇത് ഓഡിയോ കൂടുതൽ മികച്ചതാക്കുന്നു. വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി പോർട്ട് എന്നിങ്ങനെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും ഈ ഡിവൈസിലുണ്ട്.