Xiaomi Smart TV A Series

പല വലിപ്പത്തിൽ പല വിലയിൽ Xiaomi Smart TV A Series ഇന്ത്യൻ വിപണിയിലെത്തി

ഷവോമി ഇന്ത്യൻ വിപണിയിൽ പുതിയ സ്മാർട്ട് ടിവികൾ പുറത്തിറക്കി. ഷവോമി സ്മാർട്ട് ടിവി എ സീരീസ് (Xiaomi Smart TV A Series) ആണ് രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് വലിപ്പങ്ങളിലുള്ള സ്മാർട്ട് ടിവികളാണ് ഈ സീരീസിൽ വരുന്നത്. 32 ഇഞ്ച്, 40 ഇഞ്ച്, 43 ഇഞ്ച് എന്നീ വലിപ്പങ്ങളിലുള്ള ടിവികലാണ് ഷവോമി പുറത്തിറക്കിയത്. ഡോൾബി ഓഡിയോ, ഡിടിഎസ്: വെർച്വൽ എക്‌സ്, വിവിഡ് പിക്ചർ എഞ്ചിൻ എന്നിവയുൾപ്പെടെയുള്ള നിരവധി മികച്ച സവിശേഷതകളും ഈ ടിവികൾക്കുണ്ട്. ഗൂഗിൾ ടിവിയുടെ ഏറ്റവും പുതിയ പതിപ്പിലാമ് ഈ ടിവികൾ പ്രവർത്തിക്കുന്നത്.

Xiaomi Smart TV A Series | വിലയും ലഭ്യതയും

ഷവോമി സ്മാർട്ട് ടിവി എ സീരീസിലുള്ള 32 ഇഞ്ച് വേരിയന്റിന് 14,999 രൂപയാണ് ഇന്ത്യയിൽ വില. 40 ഇഞ്ച് ടിവിക്ക് 22,999 രൂപയും 43 ഇഞ്ച് വേരിയന്റിന് 24,999 രൂപയുമാണ് വില. ഈ പുതിയ സ്മാർട്ട് ടിവി സീരീസിന്റെ വിൽപ്പന ഫ്ലിപ്പ്കാർട്ട്, റീട്ടെയിൽ സ്റ്റോറുകൾ, എംഐ ഹോംസ്, ഷവോമി ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവ വഴി നടക്കും. ജൂലൈ 25 മുതലാണ് ടിവികളുടെ വിൽപ്പന നടക്കുന്നത്. ലോഞ്ച് ഓഫറിന്റെ ഭാഗമായി 32 ഇഞ്ചുള്ള സ്മാർട്ട് ടിവി 32എ നിങ്ങൾക്ക് 13,999 രൂപയ്ക്ക് സ്വന്തമാക്കാം.

സവിശേഷതകൾ

ഷവോമി സ്മാർട്ട് ടിവി എ സീരീസ് സ്മാർട്ട് ടിവികൾ മൂന്നും ബെസൽ-ലെസ് ഡിസ്പ്ലേ ഡിസൈനുമായിട്ടാണ് വരുന്നത്. ഈ ടിവികളിൽ മെറ്റാലിക് ബോഡിയാണുള്ളത്. സീരീസിലുള്ള 32 ഇഞ്ച് വേരിയന്റിന് 1366 x 768 പിക്സൽ റെസലൂഷനുള്ള ഡിസ്പ്ലെയാണുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 60Hz സ്ക്രീൻ റിഫ്രഷ് റേറ്റ്, 178 ഡിഗ്രി വ്യൂവിങ് ആംഗിൾ എന്നിവയുമുണ്ട്. ഇതൊരു എച്ച്ഡി റെഡി ഡിസ്പ്ലേയാണ്. 40 ഇഞ്ച്, 43 ഇഞ്ച് വേരിയന്റുകളിൽ 1920 x 1080 പിക്സൽ റെസല്യൂഷനുള്ള ഫുൾ എച്ച്ഡി ഡിസ്പ്ലേയും വിവിഡ് പിക്ചർ എഞ്ചിൻ സപ്പോർട്ടും ഉണ്ട്.

ഓഡിയോ

ഷവോമി സ്മാർട്ട് ടിവി എ സീരീസിലെ 32 ഇഞ്ച്, 40 ഇഞ്ച്, 43 ഇഞ്ച് ടിവികൾ മൂന്നിലും ഡോൾബി ഓഡിയോ, ഡിടിഎസ്: എച്ച്ഡി എന്നിവ സപ്പോർട്ട് ചെയ്യുന്ന 20W സ്പീക്കറുകളാണ് കമ്പനി നൽകിയിട്ടുള്ളത്. 40 ഇഞ്ച്, 43 ഇഞ്ച് ടിവികളിൽ ഡിടിഎസ് വെർച്വൽ: എക്സ് സപ്പോർട്ടുമുണ്ട്. ഷവോമി സ്മാർട്ട് ടിവി എ സീരീസ് ടിവികളിൽ ക്വാഡ് കോർ കോർടെക്‌സ് എ35 പ്രോസസറാണുള്ളത്. ഇതിനൊപ്പം മാലി ജി 31 എംപി2 ജിപിയുവും 1.5 ജിബി റാമും 8 ജിബി സ്റ്റോറേജ് സ്‌പെയ്‌സും നൽകിയിട്ടുണ്ട്.

ഗൂഗിൾ ടിവി

ഗൂഗിൾ അസിസ്റ്റന്റ്, ബിൽറ്റ്-ഇൻ ക്രോംകാസ്റ്റ്, ഗൂഗിൾ പ്ലേ സ്‌റ്റോറിലേക്കുള്ള ആക്‌സസ് എന്നിവയും ഹേയ് ഗൂഗിൾ വോയിസ് കമാൻഡ് സപ്പോർട്ടുമുള്ള ഗൂഗിൾ ടിവിയാണ് ഷവോമിയുടെ പുതിയ സ്മാർട്ട് ടിവി സീരീസിലെ മൂന്ന് ടിവികളിലുമുള്ളത്. കണ്ടന്റ് സ്ട്രീം ചെയ്യാനായി ഈ സ്‌മാർട്ട് ടിവി സീരീസിലെ മൂന്ന് മോഡലുകളിലും പാച്ച്‌വാളുണ്ട്. ഇതിൽ യൂണിവേഴ്‌സൽ സെർച്ച്, പാരന്റൽ ലോക്ക് ഉള്ള കിഡ്‌സ് മോഡ്, ലാംഗ്വേജ് യൂണിവേഴ്‌സ്, എംഐ ഹോം ഇന്റഗ്രേഷൻ എന്നീ സവിശേഷതകളും ലഭ്യമാണ്.

കണക്റ്റിവിറ്റി

മികച്ച കണക്റ്റിവിറ്റി ഓപ്ഷനുകളുമായിട്ടാണ് ഷവോമി സ്മാർട്ട് ടിവി എ സീരീസ് ടിവികൾ വരുന്നത്. ബ്ലൂട്ടൂത്ത് 5.0, 2.4GHz/5GHz വൈഫൈ 802.11, രണ്ട് എച്ച്ഡിഎംഐ പോർട്ടുകൾ, രണ്ട് യുഎസ്ബി പോർട്ടുകൾ, രണ്ട് ഇഥർനെറ്റ് പോർട്ടുകൾ, ഒരു എവി പോർട്ട്, 3.5mm ജാക്ക് എന്നിവയെല്ലാം ഈ ടിവികളിലുണ്ട്. ഷവോമി ബ്ലൂടൂത്ത് റിമോട്ടുമായിട്ടാണ് സ്മാർട്ട് ടിവികൾ വരുന്നത്.

Similar Posts