Coolpad Cool 3 Plus : പോക്കറ്റിലൊതുങ്ങുന്ന വിലക്ക് ഒരു സ്റ്റൈലൻ ഫോൺ
ദിനംപ്രതി മാറുന്നതാണ് സ്മാര്‍ട്ട് ഫോണ്‍ വിപണി. ഓരോ ആഴ്ചയും നിരവധി പുതിയ മോഡലുകളാണ് വിപണിയിലെത്തുന്നത്. എന്നാൽ റിലയൻസ് ജിയോ, ഷവോമി, നോക്കിയ എന്നിവയല്ലാതെ 6,000 രൂപ നിലവാരത്തിൽ സാധാരണക്കാരുടെ പോക്കറ്റിന് കുടുതല്‍ ഭാരമാവാത്ത പാക്കേജുകൾ അവതരിപ്പിക്കുന്ന ഫോണുകൾ വളരെ കുറവാണ്.
അധികം സ്മാർട്ഫോൺ നിർമാതാക്കൾ കടന്നു ചെല്ലാത്ത ഈ വിപണിയിലേക്കാണ് ചൈനീസ് മൊബൈൽ കമ്പനിയായ കൂൾപാഡ് എൻട്രി ലെവൽ ഹാൻഡ്‌സെറ്റായ കൂൾപാഡ് കൂൾ 3 പ്ലസ് (Coolpad Cool 3 Plus) അവതരിപ്പിക്കുന്നത്. ശ്രദ്ധിച്ചൊന്നു നോക്കിയാൽ ഈ വർഷം ആദ്യം കമ്പനി ഇറക്കിയ കൂൾപാഡ് കൂൾ 3 യുടെ ഒരു നവീകരിച്ച രൂപം തന്നെയാണ് കൂൾപാഡ് കൂൾ 3 പ്ലസിന്റേത്. ബേസിക് 2GB RAM + 16GB സ്റ്റോറേജ് മോഡലിന് 5 ,999 രൂപയും, 3GB RAM+ 32GB സ്റ്റോറേജ് മോഡലിന് 6499 രൂപയുമാണ്.
ഗ്ലാസ് ഫിനിഷുള്ള ബാക് ഡിസൈനും വികസിപ്പിക്കാവുന്ന സ്റ്റോറേജും, മുഖം കൊണ്ട് ഫോൺ തുറക്കാവുന്ന ഫേസ് അൺലോക്ക് സിസ്റ്റവും, എട്ട് മെഗാ പിക്സൽ സെൽഫി ക്യാമറയുമാണ് ഫോണിനുള്ളത്.
ഷവോമി രാജാവായി വിലസുന്ന ഈ സെഗ്മെന്റിൽ കൂൾപാഡ് ജയിക്കുമോ എന്ന് കാത്തിരുന്നു കാണണം.
Coolpad Cool 3 Plus | കൂൾപാഡ് കൂൾ 3 പ്ലസ് റിവ്യൂ: ഡിസൈൻ, ഡിസ്പ്ലേ
ഒതുക്കമുള്ള ആകർഷകമായ ഡിസൈനാണ് കൂൾപാഡ് കൂൾ 3 പ്ലസിന്റേത്. കണ്ണാടിയിലെന്ന പോലെ ഫോണിന്റെ പിന് ഭാഗത്തുള്ള പ്ലാസ്റ്റിക് ഫ്രെയിമിൽ നിങ്ങൾക് നിങ്ങളുടെ മുഖം കാണാം. ഇതിനെ “Gradual Mirror Technology ” എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. നല്ല ഗ്രിപ് കിട്ടുന്ന ചെറുതായി വളഞ്ഞ ലൈറ്റ് വെയിറ്റ് ഡിസൈനാണ് കൂൾപാഡ് കൂൾ 3 പ്ലസിന്റേത്.
ഫോണിന്റെ വലതു വശത്തായി വോളിയം ബട്ടണും പവർ ബട്ടണും ഇടം പിടിക്കുന്നു. സിം ട്രേ ഇടത് വശത്തായാണ് ക്രമീകരിച്ചിരിക്കുന്നത് . ഹെഡ്‍ഫോൺ ജാക്ക് ഫ്രെമിന്റെ ഏറ്റവും മുകളിലായാണുള്ളത്, USB ചാർജിങ് പോയിന്റും സ്‌പീക്കറുകളും ഫോണിന്റെ താഴ്ഭാഗത്താണുള്ളത്. കൈകാര്യം ചെയ്യാൻ എളുപ്പമുള്ള ഡിസൈനാണ് കൂൾപാഡ് കൂൾ 3 പ്ലസിന്റേതെന്നു മാത്രമല്ല ഒറ്റ കൈയിൽ ഉപയോഗിക്കാനുമാവും.
കൂൾപാഡ് കൂൾ 3 പ്ലസിന്റെ നല്ല തിളക്കമുള്ള ഓഷ്യൻ ബ്ലൂ കളർ മോഡലാണ് റിവ്യൂ ചെയ്യാൻ ഞങ്ങൾക്ക് ലഭിച്ചത്. അത്ര പകിട്ടുള്ള ഡിവൈസ് വേണ്ടെങ്കിൽ ഫോണിന്റെ ചെറി ബ്ലാക്ക് നിറത്തിലുള്ള വേരിയന്റ് തിരഞ്ഞെടുക്കാം.
കൂൾപാഡ് കൂൾ 3 ൽ കണ്ടത് പോലെ 5.71-inch HD+ IPS LCD ഡിസ്‌പ്ലേയാണ് പുതിയ ഫോണിന്റെയും. കട്ടിയുള്ള ബേസലുള്ള സ്ക്രീനിനു നേരിയ ബോർഡറുകളുമുണ്ട്. ഇതിന്റെ റസല്യൂഷൻ 720X1520 പിക്സലുകളാണ്. പിക്സൽ ഡെന്സിറ്റി 295ppi യും ആസ്പെക്ട് അനുപാതം 19:9 വുമാണ്.
വീടിനകത്തോ മറ്റ് അടച്ചിട്ട സ്ഥലങ്ങളിലോ ഉപയോഗിക്കുമ്പോൾ ഡിസ്‌പ്ലേയിൽ ആകർഷകമായ നിറങ്ങളാണ് പ്രതിഫലിക്കുന്നത്, പക്ഷെ സൂര്യപ്രകാശത്തിൽ വർണങ്ങൾ കുറവാണ്. നല്ല പ്രകാശമുള്ള സ്ഥലത്തു നിന്നും താരതമ്യേന വെളിച്ചം കുറഞ്ഞ ഇടത്തേക്ക് മാറുമ്പോൾ ഓട്ടോ ബ്രൈറ്റ് മോഡ് ക്രമീകരിക്കുന്നുണ്ട്. രാത്രി ഫോൺ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന കണ്ണുകളിലെ ആയാസം കുറയ്ക്കാനായി നൈറ്റ് ലൈറ്റുകൾ ഉപയോഗിക്കാം.
കൂൾപാഡ് കൂൾ 3 പ്ലസ് റിവ്യൂ: സോഫ്റ്റ് വെയറും പെർഫോമൻസും
ആൻഡ്രോയിഡ് 9 Pie ഓപ്പറേറ്റിംഗ് സിസ്റ്റമാണ് കൂൾപാഡ് കൂൾ 3 പ്ലസിനുള്ളത്. MediaTek Helio A22 ക്വാഡ് കോർ പ്രോസസറാണ് ഫോണിന് ശക്തിയേകുന്നത്. ഫോണിന്റെ ഇന്റേണൽ മെമ്മറി മൈക്രോ എസ്ഡി കാർഡുപയോഗിച്ച് 128 GB വരെയാക്കാനും സാധിക്കും.
ആപ്പുകൾ തുറക്കാൻ ഫോൺ കുറച്ച് സമയമെടുക്കുന്നുണ്ട്. മൾട്ടി ടാസ്കിങ് നടത്താൻ ഫോണിന് സാധിക്കുന്നതുകൊണ്ട് ഇതത്ര വലിയ പ്രശ്നമൊന്നുമില്ല. ഒന്നിലധികം ആപ്പുകൾ ഒരേ സമയം ഫോണിൽ ഉപയോഗിക്കാൻ ശ്രമിച്ചപ്പോൾ കൂൾപാഡ് കൂൾ 3 പ്ലസ് ഞങ്ങളെ നിരാശരാക്കിയില്ല. വേണ്ട കാര്യങ്ങൾ പെട്ടന്നുതന്നെ ലോഡ് ആവുകയും അത്യാവശ്യം സമയബന്ധിതമായി കാര്യങ്ങൾ ചെയ്യാനും കഴിയുന്നുണ്ട്.
ചെറിയ ബ്രൗസിംഗ്, ദൈനം ദിന ഫോൺ കോളുകൾ, ടെക്സ്റ്റിംഗ് എന്നിവയിലെല്ലാം ഫോണിന്റെ പ്രകടനം തൃപ്തികരമാണ്. ഫോൺ കോളുകൾ കൈകാര്യം ചെയ്യുന്നതിലുള്ള പ്രകടനം എടുത്ത് പറയേണ്ടതാണ്. സിഗ്നൽ കരുത്ത് കുറഞ്ഞ ഇടങ്ങളിലും നെറ്റ്‌വർക്ക് പെട്ടെന്ന് തന്നെ കൂൾപാഡ് കൂൾ പ്ലസ് 3 തിരിച്ചറിയുന്നുണ്ട്.
മറ്റു ഫോണുകളെ പോലെ ഗൂഗിൾ ആപ്പുകളും ഒപേറാ ന്യൂസ്, ഹെൽത്ത് ഗാർഡ്, യുസി ബ്രൌസർ, ക്ലോൺ ആപ്പുകൾ എന്നിവയൊക്കെ ഇൻസ്റ്റാൾ ചെയ്താണ് ഫോൺ നിങ്ങളുടെ കയ്യിലെക്കെത്തുക. ഫോണിൽ ഗെയിം കളിക്കുമ്പോൾ ഡിവൈസിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള സംവിധാനമാണ് മറ്റൊരു പ്രത്യേകത. എന്ന് കരുതി കൂൾപാഡ് കൂൾ 3 പ്ലസ് കിടിലൻ ഗ്രാഫിക് ഗെയിമുകളൊന്നും സപ്പോർട് ചെയ്യുമെന്ന് വിചാരിക്കരുത്. ഓവർഹീറ്റിംഗ് പ്രശ്നങ്ങളില്ലാതെ ബേസിക് ഗെയിമുകൾ ഡിവൈസ് സപ്പോർട്ട് ചെയ്യുമെന്ന് മാത്രം.
കൂടാതെ, നന്നായി പ്രവർത്തിക്കുന്ന ഒരു ഫിംഗർപ്രിന്റ് സ്കാനറും മുഖം തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റവും കൂൾപാഡ് കൂൾ 3 പ്ലസിലുണ്ട്. കൂടുതൽ പ്രീമിയം ഫോണുകളുമായി താരതമ്യം ചെയ്യാനോ സ്പീഡോ പ്രതീക്ഷിക്കരുത്.
കൂൾപാഡ് കൂൾ 3 പ്ലസ് റിവ്യൂ: ക്യാമറ
ബ്രോക്കൻ മോഡ്, ടൈംലാപ്സ്, പോർട്രൈറ് മോഡ്, ഫേസ് കട്ട്, എന്നിങ്ങനെയുള്ള 6 തരത്തിലുള്ള ബ്യൂട്ടി മോഡുകളുള്ളതാണ് കൂൾപാഡ് കൂൾ 3 പ്ലസിന്റെ സിംഗിൾ 13 മെഗാപിക്സൽ പ്രൈമറി റിയർ സെൻസർ. Rs 5999 രൂപയ്ക്കാണ് കൂൾപാഡ് ഈ ഫീച്ചറുകളെല്ലാം അവതരിപ്പിക്കുന്നതെന്ന് അംഗീകരിച്ചേ മതിയാവൂ.
വിലയനുസരിച്ച് നോക്കുമ്പോൾ പിക്ചർ ക്വാളിറ്റി നല്ലതാണ്. ഒരു ശരാശരി യൂസറിനെ കൂൾപാഡ് കൂൾ 3 പ്ലസ് നിരാശരാക്കില്ല. പക്ഷെ വിപണിയിലുള്ള മറ്റ് എതിരാളികളായ റെഡ്മി ഗോ പോലുള്ള മോഡലുകൾ പരിശോധിക്കുമ്പോൾ ഷാർപ് ഇമേജുകൾ നൽകാൻ കൂൾപാഡ് കൂൾ 3 പ്ലസ് കുറച്ച് പിന്നോട്ടാണ്.
നൈറ്റ് മോഡിലെ ഫോണിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. ഇരുണ്ട സ്ഥലങ്ങളിൽ നിന്നെടുത്ത ഫോട്ടോകൾ പോലും വളരെ സ്വാഭാവികമായി തോന്നിപ്പിച്ചു. എട്ട് മെഗാപിക്സലുള്ള സെൽഫി ഷൂട്ടറും ഫോണിനുണ്ട്. റിയർ ക്യാമറയെ അപേക്ഷിച്ച് കുറച്ച് പതിയെയാണ് സെൽഫി ക്യാമറ പ്രവർത്തിക്കുന്നത്. സെൽഫിയെടുത്ത് ഫോട്ടോ രജിസ്റ്റർ ചെയ്ത് അത് ഡിസ്പ്ലേ ചെയ്യാൻ കുറച്ച് സമയമെടുക്കുന്നുണ്ടെങ്കിലും ക്വാളിറ്റിയിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല.
കൂൾപാഡ് കൂൾ 3 പ്ലസ് റിവ്യൂ: ബാറ്ററി
കാൾ ചെയ്താലും മെസ്സേജ് ചെയ്താലും ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന 3000 mAh ലിഥിയം പോളിമർ ബാറ്ററി കപ്പാസിറ്റിയാണ് കൂൾപാഡ് കൂൾ 3 പ്ലസിനുള്ളത്. ചാർജ് തീർന്നാലും വീണ്ടും ബാറ്ററി നിറയാൻ ഒരു മണിക്കൂർ മാത്രം മതി. ഈ ഒരു മണിക്കൂർ ചാർജ് ചെയ്ത അത് ദിവസം മുഴുവൻ നീണ്ടു നിൽക്കുകയും ചെയ്യും.
കോൾപാഡ് കൂൾ 3 പ്ലസ് റിവ്യൂ: റേറ്റിംഗ്
ഡിസൈൻ: 7/10
ഡിസ്പ്ലേ: 7/10
പെർഫോമൻസ്: 7/10
ക്യാമറ: 6/10
ബാറ്ററി: 8/10
ഫൈനൽ: 7/10
കൂൾപാഡ് കൂൾ 3 പ്ലസ് റിവ്യൂ
5999 രൂപക്ക് അതിലും വില കൂടിയ മറ്റ് ഫോണുകൾ നല്കുന്നതിനെക്കാം ഒരുപിടി ഫീച്ചറുകൾ കൂൾപാഡ് കൂൾ 3 പ്ലസ് നൽകുന്നുണ്ട്. ഡിസൈൻ, ബാറ്ററി, പെർഫോമൻസ് എന്നീ കാര്യങ്ങളാണ് ഡിവൈസിന്റെ പ്രധാന മേന്മകൾ. ഈ വിലയിൽ ഏറ്റവും മികവേറിയ ക്യാമറയൊന്നും നൽകാൻ കഴിയില്ലെങ്കിലും അത്യാവശ്യം നിങ്ങളുടെ ഫേസ്ബുക് അക്കൗണ്ടിലെല്ലാം പോസ്റ്റ് ചെയ്യാൻ കഴിയുന്ന നല്ല ചിത്രങ്ങൾ കൂൾപാഡ് കൂൾ 3 പ്ലസ് നൽകും. എന്തായാലും കൂൾപാഡ് കൂൾ 3 പ്ലസ് നിങ്ങളെ നിരാശരാക്കില്ല.
പെർഫോമൻസ് | MediaTek Helio A22 |
സ്റ്റോറേജ് | 16 GB |
ക്യാമറ | 13 MP |
ബാറ്ററി | 3000 mAh |
ഡിസ്പ്ലേ | 5.71″ (14.5 cm) |
റാം | 2 GB |