റിയൽമിക്ക് പണിയാകും; Redmi A2+ സ്മാർട്ട്ഫോണിന്റെ പുതിയ വേരിയന്റ് പുറത്തിറക്കി
ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിപണിയിൽ ഏറ്റവും ജനപ്രിതിയുള്ള ബ്രാന്റാണ് റെഡ്മി (Redmi). കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുള്ള സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചുകൊണ്ടാണ് റെഡ്മി ഈ നേട്ടം സ്വന്തമാക്കിയത്. മറ്റുള്ള ബ്രാന്റുകളെക്കാൾ വിശ്വാസ്യത വളർത്തിയെടുക്കാനും റെഡ്മിക്ക് സാധിച്ചിട്ടുണ്ട്. ബ്രാന്റിന്റെ ബജറ്റ് ഫോണുകളടങ്ങുന്ന എ സീരീസിലെ പുതിയ ഫോണുകളിലൊന്നാണ് റെഡ്മി എ2+ (Redmi A2+). ഈ സ്മാർട്ട്ഫോണിന്റെ ജനപ്രിതി കണക്കിലെടുത്ത് റെഡ്മി പുതിയൊരു വേരിയന്റ് കൂടി അവതരിപ്പിച്ചു.
Redmi A2 | റെഡ്മി എ2+
റെഡ്മി എ2+ സ്മാർട്ട്ഫോണിന്റെ പുതിയ റാമും സ്റ്റോറേജ് ഓപ്ഷനും വിൽപ്പന വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. ഈ വർഷം മാർച്ചിലാണ് റെഡ്മി എ2 സ്മാർട്ട്ഫോണിനൊപ്പം റെഡ്മി എ2+സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. മാർച്ചിൽ ലോഞ്ച് ചെയ്യുമ്പേോൾ ഫോൺ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള കോൺഫിഗറേഷനിൽ മാത്രമേ ലഭ്യമായിരുന്നുള്ളു. ഇപ്പോൾ കൂടുതൽ സ്റ്റോറേജ് ആവശ്യമുള്ളവരെ കൂടി പരിഗണിച്ച് റെഡ്മി എ2+ സ്മാർട്ട്ഫോൺ 128 ജിബി സ്റ്റോറേജ് വേരിയന്റിൽ കൂടി ലഭ്യമാക്കിയിരിക്കുകയാണ് കമ്പനി.
വിലയും ലഭ്യതയും
റെഡ്മി എ2+ സ്മാർട്ട്ഫോണിന്റെ പുതിയ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 8,499 രൂപയാണ് വില. ആമസോൺ, എംഐ.കോം, ഷവോമി റീട്ടെയിൽ പാർട്ട്ണർ സ്റ്റോറുകൾ എന്നിവയിലൂടെയും ഈ സ്മാർട്ട്ഫോൺ വാങ്ങാം. സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് നിലവിൽ 7,999 രൂപയാണ് വില. ഈ സ്മാർട്ട്ഫോൺ ക്ലാസിക് ബ്ലാക്ക്, സീ ഗ്രീൻ, അക്വാ ബ്ലൂ എന്നീ നിറങ്ങളിലാണ് ലഭ്യമാകുന്നത്. ഫോണിന്റെ സവിശേഷതകൾ കൂടി നോക്കാം.
സവിശഷതകൾ
റെഡ്മി എ2+ സ്മാർട്ട്ഫോണിൽ 6.52-ഇഞ്ച് എച്ച്ഡി+ (1600 x 720 പിക്‌സൽ) എൽസിഡി ഡിസ്പ്ലെയാണുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120Hz ടച്ച് സാംപ്ലിങ് റേറ്റുണ്ട്. ഈ ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത് മീഡിയടെക് ഹീലിയോ ജി36 എസ്ഒസിയാണ്. 4 ജിബി വരെ റാമുള്ള ഫോണിൽ ആവശ്യമെങ്കിൽ സ്‌റ്റോറേജിൽ നിന്ന് 3 ജിബി വരെ കടമെടുത്ത് റാം വർധിപ്പിക്കാനുള്ള മെമ്മറി ഫ്യൂഷൻ സാങ്കേതികവിദ്യയും കമ്പനി നൽകിയിട്ടുണ്ട്. ഇതിലൂടെ പെർഫോമൻസ് മെച്ചപ്പെടുത്താൻ സാധിക്കും.
ക്യാമറകൾ
റെഡ്മി എ2+ സ്മാർട്ട്ഫോണിൽ എഐ സപ്പോർട്ടുള്ള ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പാണുള്ളത്. ഈ പിൻ ക്യാമറ സെറ്റപ്പിലെ പ്രൈമറി സെൻസർ 8 മെഗാപിക്‌സലാണ്. ഇതിനൊപ്പം ഒരു ക്യുവിജിഎ ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിന്റെ മുൻവശത്ത് 5 മെഗാപിക്സൽ ക്യാമറയും നൽകിയിട്ടുണ്ട്. വില വിഭാഗത്തിൽ വച്ച് നോക്കുമ്പോൾ മോശമെന്ന് പറയാനാകാത്ത ക്യാമറ സെറ്റപ്പ് തന്നെയാണ് ഈ ഫോണിലുള്ളത്. ഡ്യുവൽ സിം സപ്പോർട്ടുള്ള ഈ ഹാൻഡ്‌സെറ്റ് ആൻഡ്രോയിഡ് 13 ബേസ്ഡ് എംഐയുഐയിലാണ് പ്രവർത്തിക്കുന്നത്.
ബാറ്ററിയും ചാർജറും
5,000mAh ബാറ്ററിയുമായിട്ടാണ് റെഡ്മി എ2+ സ്മാർട്ട്ഫോൺ വരുന്നത്. ഈ ഫോണിനൊപ്പം ചാർജറും ബോക്സിൽ ലഭിക്കും. ഒറ്റ ചാർജിൽ 32 ദിവസം വരെ സ്റ്റാൻഡ്‌ബൈ ടൈമും 32 മണിക്കൂർ കോൾ ടൈമും നൽകാൻ ഈ സ്‌മാർട്ട്‌ഫോണിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 4ജി സ്മാർട്ട്ഫോണുകളിൽ കാണുന്ന എല്ലാ കണക്റ്റിവിറ്റി ഓപ്ഷനുകളും റെഡ്മി എ2+ ഫോണിലും ഉണ്ട്. ഇയർഫോൺ കണക്റ്റ് ചെയ്യാനായി 3.5എംഎം ഓഡിയോ ജാക്കുമായിട്ടാണ് ഫോൺ വരുന്നത്.