Ishaan Dev

Ishaan Dev | നന്മയുള്ള ലോകത്തിന് വയസ്സ് അഞ്ച്; ആ സംഗീതത്തിന്റെ ഉടമ ഇഷാൻ ദേവ് നാല് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിൽ 2023

Ishaan Dev: ‘നന്മയുള്ള ലോകമേ’ കേരളത്തിന്റെ ഓരോ കോണിലും ഉയർന്നു കേൾക്കാൻ ആരംഭിച്ചിട്ട് അഞ്ചു വർഷങ്ങൾ പിന്നിടുന്നു. പക്ഷേ നാല് വർഷങ്ങളായി ആ സംഗീതത്തിന്റെ ഉടമ ഇഷാൻ ദേവ് (Ishaan Dev) മലയാള സിനിമയിലില്ല എന്ന് ആരെല്ലാം ശ്രദ്ധിച്ചിരിക്കും? ഇഷാൻ മലയാള ചലച്ചിത്ര ഗാനസംവിധാന രംഗത്തിൽ ‘പുലിമട’ എന്ന സിനിമയിലൂടെ  മടങ്ങിവരവ് നടത്തിക്കഴിഞ്ഞു. പുതിയ സിനിമയുടെയും സംഗീത ജീവിതത്തിന്റെയും വിശേഷങ്ങൾ ഇഷാൻ പങ്കിടുന്നു.

Ishaan Dev | പുലിമടയിലൂടെ മടങ്ങിവരവ്

ബുഡാപെസ്റ്റ് ഓർക്കസ്ട്രയുമായി കൊളാബറേറ്റ് ചെയ്താണ് ഓർക്കസ്‌ട്രേഷൻ വായിച്ചത്. ഇളയരാജ, റഹ്മാൻ സാർ തുടങ്ങിയവർ ചെയ്യുന്ന രീതിയാണത്. മലയാളത്തിൽ ബജറ്റ് നോക്കിയേ സാധാരണഗതിയിൽ ഇത്രയുമെല്ലാം പറ്റൂ. ‘പുലിമട’ കാരണം പതിനഞ്ചോളം വർഷത്തെ സ്വപ്നം സാക്ഷാത്കരിച്ചു.

ഒ.ടി.ടി. വന്നതില്പിന്നെ എല്ലായിടത്തും സിനിമയ്ക്ക് സ്വീകാര്യത വന്നു കഴിഞ്ഞു. ജോജു ചേട്ടൻ ഒരു നല്ല സംഗീതാസ്വാദകനായത് കൊണ്ട് ഇത്രയും ചെയ്യാൻ സാധിച്ചു. ഒരുവർഷം മുൻപ് വീഡിയോ കോൺഫറൻസ് വഴി വർക്ക് ആരംഭിച്ചു.

സാധാരണ ഒരു സിറ്റുവേഷൻ പറഞ്ഞു കമ്പോസ് ചെയ്യുന്നതാണ് പതിവ്. ഇവിടെ ഒരാളുടെ കുടുംബ പശ്ചാത്തലം, അയാൾ നേരിടുന്ന ജീവിത സാഹചര്യങ്ങൾ, അയാളുടെ  പശ്ചാത്തലം, സുഹൃത്തുക്കൾ എന്നൊരു വലിയ സീക്വൻസ് കാണിച്ച ശേഷമാണ് സംഗീതം ആരംഭിച്ചത്. സ്ഥിരം ബാക്ഗ്രൗണ്ട് ചെയ്താൽ പടം മൂന്നു മണിക്കൂർ കടക്കും. പാട്ടിന്റെ കാര്യമില്ല എന്നും ചിലയിടങ്ങളിൽ വിമർശനമുണ്ടായി. ബാക്ഗ്രൗണ്ട് മ്യൂസിക് ആയി ചെയ്ത് ബോർ അടിപ്പിക്കാതെ കൈകാര്യം ചെയ്യലായിരുന്നു ജോജു ചേട്ടനും ഞങ്ങളുടെ ടീമും ആഗ്രഹിച്ചത്. മൂന്നു പാട്ടും അങ്ങനെയാണ് ഉണ്ടായത്.

ഒരു പാട്ട് പാടിയത് ചിത്ര ചേച്ചിയാണ്. അതിന് ബാക്ഗ്രൗണ്ട് സ്കോർ ഇല്ല. അതിലെ കുഞ്ഞ് നിൽക്കുന്ന പശ്ചാത്തലമാണ് ഉപയോഗിച്ചിട്ടുള്ളത്. സ്ക്രിപ്റ്റിനെ ആസ്പദമാക്കി നിരവധി പരീക്ഷണങ്ങൾക്ക് സാധിച്ചു. ഏഴോളം മാസങ്ങൾ എടുത്താണ് മുഴുവനും പൂർത്തിയാക്കിയത്.

നാല് വർഷക്കാലം എവിടെപ്പോയി?

2014ൽ എന്റെ ഇഷ്‌ടനാടായ ചെന്നൈയിലേക്ക് ചേക്കേറി, അവിടെ ജോലിത്തിരക്കുകളായി. അഞ്ചു പടത്തോളം തമിഴിൽ ചെയ്‌തു. പഠനത്തിന്റെ ഭാഗം കൂടിയായിരുന്നു അത്. കഴിഞ്ഞ ആറോ ഏഴോ വർഷങ്ങൾ മലയാള സിനിമ മൊത്തത്തിൽ മാറിയ കാലമാണ്. എല്ലാം പുതിയ ആൾക്കാരാണ്. ഈ പുതിയ സീനിൽ ഞാനില്ല.

പുതുതലമുറയ്ക്ക് ഞാൻ ‘യൂട്യൂബിൽ പാട്ട് പാടുന്ന ചേട്ടനാണ്’. പല കവർ സോംഗുകളും ഹിറ്റായി. കൊറോണ സമയത്ത് ആയിരുന്നു അത്. ഈ കാലഘട്ടത്തിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആൾക്കാരാണല്ലോ ഇതിന്റെയെല്ലാം വക്താക്കൾ. അവിടെ നന്മയുള്ള ലോകവും കവർ സോങ്ങുകളുമായാണ് എന്റെ എൻട്രി. നന്മയുള്ള ലോകമേ… കേൾക്കുമ്പോൾ പോലും എന്റെ സിനിമാ ലോകത്തെ പാട്ടുകളെക്കുറിച്ച് പലർക്കും അറിയില്ല.

അന്നും ഇന്നും

22-ാം വയസിൽ സംഗീതം തുടങ്ങുമ്പോൾ ഞങ്ങളെ ജനങ്ങൾക്കിടയിൽ എത്തിക്കാനുള്ള മാർഗം കുറവായിരുന്നു. വാട്സാപ്പ് പോലുമില്ലാത്ത കാലം. അഞ്ചു പടങ്ങൾ കഴിഞ്ഞതില്പിന്നെയാണ് എന്റെ പേര് ഗൂഗിളിൽ തെളിയുന്നത്. 2005ൽ പടം ചെയ്ത് 2010വരെ ആ കാത്തിരിപ്പ് തുടർന്നു. ഇഷാൻ ദേവ് ആയതില്പിന്നെയാണ് എന്റെ പേര് ഗൂഗിളിൽ തെളിയുന്നത്. കന്നഡയിൽ ബെസ്റ്റ് സിംഗറായതില്പിന്നെ ഷാൻ എന്ന പേര് ഇഷാൻ ദേവായി. പഴയ ആൾ എന്ന് ഞാൻ സ്വയം പറഞ്ഞാലും ‘നന്മയുള്ള ലോകമേ’ ഇവിടെയുണ്ടാകും.

ചാനലുകൾ തോറും കയറിയിറങ്ങിയ കാലം

ബാലഭാസ്കറിനൊപ്പം കൺഫ്യൂഷൻ എന്ന ബോയ് ബാൻഡിലെ ഗായകനായിരുന്നു ഞാൻ. അന്ന് ചാനലുകളിൽ കയറിയിറങ്ങി സി.ഡി. കൊടുത്തിരുന്നു ഞങ്ങൾ. ചില പ്ളേ ചെയ്യും, ചിലർ ഇല്ല. അന്നും ചിലർ ഞങ്ങളെ കണ്ടിരുന്നു. പിന്നെ ലജ്ജാവതിയെയിലെ ഹമ്മിങ് പാടി. ‘ദി ടൈഗർ’, ‘ചിന്താമണി കൊലക്കേസ്’ ചിത്രങ്ങളിൽ സ്വതന്ത്ര സംഗീത സംവിധായകനായി. അതെല്ലാം കേട്ടിരുന്ന ആൾക്കാർക്കെല്ലാം എന്നെ അറിയാം. ഇപ്പോൾ എന്നെ എങ്ങനെ ആൾക്കാർ അറിയുന്നുവോ അതുപോലെ ഇരിക്കട്ടെ.

സംഗീത ജീവിതത്തിലെ ഭാവി സ്വപ്‌നങ്ങൾ

സംഗീതം എനിക്ക് തൊഴിലിനേക്കാൾ ജീവിതമാണ്. അതിൽ എന്ത് കിട്ടിയാലും 150 ശതമാനം ഹാപ്പിയാണ്. കവർ സോംഗുകൾ ചെയ്യുന്നു, യൂട്യൂബിൽ നിന്നും വരുമാനം വരുന്നു, നന്മയുള്ള ലോകമേ കേൾക്കുന്നിടങ്ങളിൽ നിന്നുള്ള റോയൽറ്റി കിട്ടുന്നു.

നാട്ടിൽ വന്ന ശേഷം സ്റ്റേജ് ഷോകളും സ്വന്തം ബാൻഡുമായി തിരക്കിലാണ്. അന്താരാഷ്ട്ര പ്രോജക്ടുകളിൽ കൂടുതൽ സജീവമാകാനാണ് ആഗ്രഹം.

 

Similar Posts