Moto G14

ഫോൺ വാങ്ങുന്നവർ അല്പം കാത്തിരിക്കൂ; കിടിലൻ ഫീച്ചറുകളുമായി Moto G14 ആഗസ്റ്റ് 1ന് ഇന്ത്യയിലെത്തും

ബജറ്റ് സ്മാർട്ട്ഫോണുകളുടെ വിഭാഗം ഇന്ത്യയിൽ വളരെ സജീവമാണ്. കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുള്ള സ്മാർട്ട്ഫോണുകൾ തിരയുന്ന നിരവധി ആളുകൾ രാജ്യത്തുണ്ട്. അതുകൊണ്ട് തന്നെ ബജറ്റ് സ്മാർട്ട്ഫോൺ സെഗ്മെന്റിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് മോട്ടറോള. ബ്രാന്റിന്റെ പുതിയ സ്മാർട്ട്ഫോണായ മോട്ടോ ജി14 (Moto G14) അടുത്തയാഴ്ച ഇന്ത്യയിൽ അവതരിപ്പിക്കും. ഓഗസ്റ്റ് 1ന് മോട്ടോ ജി14 ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടുണ്ട്.

Moto G14 | മോട്ടോ ജി14 വരുന്നു

ഫ്ലിപ്പ്കാർട്ട് ലാൻഡിങ് പേജ് ഇതിനകം തന്നെ മോട്ടോ ജി14 സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ പലതും വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ഫോൺ ലഭ്യമാകുന്ന കളർ ഓപ്ഷനുകളും ഫ്ലിപ്പ്കാർട്ടിലെ ചിത്രങ്ങളിലൂടെ വ്യക്തമാണ്. ഇന്ത്യയിൽ ഈ വർഷമാദ്യം പുറത്തിറങ്ങിയ മോട്ടോ ജി13 എന്ന ഡിവൈസിന്റെ പിൻഗാമിയായിട്ടാണ് മോട്ടോ ജി14 സ്മാർട്ട്ഫോൺ വരുന്നത്. മോട്ടോ ജി13 ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 9,999 രൂപയാണ് വില. മോട്ടോ ജി14യും ഇതേ വില വിഭാഗത്തിലായിരിക്കും വരുന്നത്.

ലോഞ്ചും പ്രീ ബുക്കിങ്ങും

മോട്ടോ ജി14 സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് ഓഗസ്റ്റ് 1ന് നടക്കുമെന്ന് ഫ്ലിപ്പ്കാർട്ട് പേജ് തന്നെയാണ് ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. ഉച്ചയ്ക്ക് 12 മണിക്കാണ് ഡിവൈസിന്റെ ലോഞ്ച് നടക്കുന്നത്. അന്ന് തന്നെ ഈ ഫോണിന്റെ പ്രീ-ഓർഡറുകളും ആരംഭിക്കുമെന്ന് ഫ്ലിപ്പ്കാർട്ട് ലാൻഡിങ് പേജ് വ്യക്തമാക്കുന്നു. മോട്ടോ ജി14 സ്മാർട്ട്ഫോൺ ബ്ലൂ, ഗ്രേ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ലഭിക്കും. രണ്ട് പിൻക്യാമറകളുമായി വരുന്ന മോട്ടോ ജി14 സ്മാർട്ട്ഫോണിന്റെ പിൻവശത്ത് ഗ്ലോസിയായ ഡിസൈൻ ആയിരിക്കും ഉണ്ടാവുക.

ഡിസ്പ്ലെയും പ്രോസസറും

ഫ്ലിപ്പ്കാർട്ടിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് മോട്ടോ ജി14 സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിരിക്കുന്നത്. ഈ ബജറ്റ് ഫോണിൽ 4 ജിബി റാമും 128 ജിബി യുഎഫ്എസ് 2.2 സ്റ്റോറേജും ഉണ്ടായിരിക്കും. ഒക്ടാ കോർ യുണിസോക്ക് ടി616 എസ്ഒസിയുടെ കരുത്തിലായിരിക്കും മോട്ടോ ജി14 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഈ ഹാൻഡ്‌സെറ്റ് ആൻഡ്രോയിഡ് 13 ഔട്ട്-ഓഫ്-ബോക്‌സിൽ പ്രവർത്തിക്കുമെന്നും ഭാവിയിൽ ആൻഡ്രോയിഡ് 14 അപ്ഡേറ്റ് ലഭിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രണ്ട് പിൻക്യാമറകൾ

മോട്ടറോള സാധാരണയായി തങ്ങളുടെ സ്മാർട്ട്ഫോണുകൾക്ക് 3 വർഷം വരെ സുരക്ഷാ അപ്‌ഡേറ്റുകൾ നൽകുന്നുണ്ട്. മോട്ടോ ജി14 സ്മാർട്ട്ഫോണിൽ 50 മെഗാപിക്‌സൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് കമ്പനി നൽകുന്നത്. നൈറ്റ് വിഷൻ, മാക്രോവിഷൻ എന്നീ ഫീച്ചറുകളുള്ള ക്യാമറയായിരിക്കും ഇത്. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായുള്ള ഫ്രണ്ട് ക്യാമറ ഡിസ്പ്ലെയിലെ വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ചിലായിരിക്കും കമ്പനി നൽകുന്നത്. സെൽഫി ക്യാമറ ഏതാണെന്ന് ഇതുവരെ മോട്ടറോള വെളിപ്പെടുത്തിയിട്ടില്ല.

ബാറ്ററിയും ചാർജിങ് സപ്പോർട്ടും

മോട്ടോ ജി14 സ്മാർട്ട്ഫോണിൽ 20W ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയായിരിക്കും നൽകുക. ഈ വലിയ ബാറ്ററി 34 മണിക്കൂർ വരെ കോൾ വിളിക്കാനും 16 മണിക്കൂർ വീഡിയോ സ്ട്രീം ചെയ്യാനും സഹായിക്കും. വാട്ടർ റെസിസ്റ്റൻസിനായി IP52 റേറ്റിങ്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഫേസ് ഡിറ്റക്ഷൻ എന്നിവയും മോട്ടോ ജി14 സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കും. ഡ്യുവൽ സിം 4ജി കണക്റ്റിവിറ്റിയുള്ള സ്മാർട്ട്ഫോണായിരിക്കും ഇത്.

Similar Posts