Samsung Galaxy S21

അടിമുടി പുതുങ്ങി ജനപ്രിയൻ; Samsung Galaxy S21 FE 5G 2023 പതിപ്പ് പുറത്തിറങ്ങി

സാംസങ് ഗാലക്‌സി എസ്21 എഫ്ഇ 5ജി (Samsung Galaxy S21 FE 5G) എന്ന സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ നേടിയ ജനപ്രിതി വളരെയേറെയാണ്. 2022 ജനുവരിയിൽ പുറത്തിറങ്ങിയ ഈ സ്മാർട്ട്ഫോണിന്റെ ജനപ്രിതി പരിഗണിച്ച് ഇതിനെ പുതുക്കി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. പുതിയ ചിപ്പ്സെറ്റുമായിട്ടാണ് സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി 2023 പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. പ്രോസസർ ഒഴികെയുള്ള മറ്റെല്ലാ സവിശേഷതകളും പഴയ മോഡലിന് സമാനമാണ്.

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി 2023 പതിപ്പ്

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി 2023 പതിപ്പിൽ ക്വാൽകോമിന്റെ ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 888 എസ്ഒസിയാണുള്ളത്. ഈ ഡിവസിൽ 8 ജിബി റാമും 256 ജിബി ഇൻബിൽറ്റ് സ്റ്റോറേജും സാംസങ് നൽകിയിട്ടുണ്ട്. പുതുക്കിയ സാംസങ് ഗാലക്സി എസ്21 എഫ്ഇ ഒരു പുതിയ നിറത്തിൽ കൂടി ലഭ്യമാകും. കമ്പനിയുടെ ഏറ്റവും പുതിയ ‘ഫാൻ എഡിഷൻ’ സ്മാർട്ട്‌ഫോണിൽ 4,500 എംഎഎച്ച് ബാറ്ററിയാണ് നൽകിയിട്ടുള്ളത്. ഗാലക്സി എസ്21 എഫ്ഇ 5ജി 2023 പതിപ്പിന്റെ വിലയും സവിശേഷതകളും നോക്കാം.

Samsung Galaxy S21 | വിലയും ലഭ്യതയും

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി 2023 പതിപ്പിന്റെ ഒരു വേരിയന്റാണ് ലഭ്യമാകുന്നത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 49,999 രൂപയാണ് വില. ഇപ്പോൾ ഫോൺ വാങ്ങുന്നവർക്ക് 5000 രൂപ ബാങ്ക് ഡിസ്കൌണ്ടും സാംസങ് നൽകുന്നുണ്ട്. ഗ്രാഫൈറ്റ്, ലാവെൻഡർ, ഒലിവ്, വൈറ്റ് എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിലാണ് ഈ ഡിവൈസ് നേരത്തെ ലഭ്യമായിരുന്നത്. ഇപ്പോൾ ഈ നിറങ്ങൾക്കൊപ്പം നേവി കളർ വേരിയന്റിനും ഫോൺ ലഭ്യമാകും. സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി 2023 പതിപ്പ് കമ്പനിയുടെ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഡിസ്പ്ലെയും ചിപ്പ്സെറ്റും

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി 2023 പതിപ്പിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് പ്രൊട്ടക്ഷനുള്ള 6.4 ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാമ്പിൾ റേറ്റുമുണ്ട്. നേരത്തെ എക്‌സിനോസ് 2100 എസ്ഒസിയിൽ പ്രവർത്തിച്ചിരുന്ന ഫോണിന്റെ പുതിയ പതിപ്പ് ഇപ്പോൾ 8 ജിബി LPDDR5X റാമുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 ചിപ്‌സെറ്റിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്.

ക്യാമറ സെറ്റപ്പ്

ഡ്യുവൽ സിം (നാനോ) സപ്പോർട്ടുമായി വരുന്ന സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി (2023) സ്മാർട്ട്ഫോണിൽ പഴയ അതേ ക്യാമറസെറ്റപ്പാണുള്ളത്. 12 മെഗാപിക്സൽ പ്രൈമറി ക്യാമറ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 8 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവയാണ് ഈ ക്യാമറ സെറ്റപ്പിലുള്ളത്. വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി 32 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയും സാംസങ് ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

കണക്റ്റിവിറ്റിയും ബാറ്ററിയും

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി (2023) സ്മാർട്ട്ഫോണിൽ 5ജി, 4ജി എൽടിഇ, വൈഫൈ 6, ബ്ലൂടൂത്ത് 5, എൻഎഫ്സി, ജിപിഎസ്/ എ-ജിപിഎസ്, വയർലസ് ഡിഇഎക്സ്, യുഎസ്ബി ടൈപ്പ് സി കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. ആക്‌സിലറോമീറ്റർ, ബാരോമീറ്റർ, ഗൈറോസ്‌കോപ്പ്, ജിയോമാഗ്നറ്റിക് സെൻസർ, ഹാൾ സെൻസർ, ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയാണ് ഓൺബോർഡ് സെൻസറുകൾ. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്കാനറുമായി വരുന്ന ഫോണിൽ റിവേഴ്സ് ചാർജിങ് സപ്പോർട്ടും 25W വയേഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും 15W വയർലെസ് ചാർജിങ് സപ്പോർട്ടുമുള്ള 4,500mAh ബാറ്ററിയാണുള്ളത്.

Similar Posts