Samsung Galaxy Watch 6

സ്മാർട്ട് വാച്ച് വിപണിയിൽ സാംസങ് വിപ്ലവം; Samsung Galaxy Watch 6 സീരീസ് വിപണിയിൽ

സാംസങ് ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ വച്ച് പുതിയ സ്മാർട്ട് വാച്ച് സീരീസ് പുറത്തിറക്കി. സാംസങ് ഗാലക്‌സി വാച്ച് 6 സീരീസാണ് (Samsung Galaxy Watch 6 Series) കമ്പനി ലോഞ്ച് ചെയ്തത്. ഗാലക്‌സി വാച്ച് 6, ഗാലക്‌സി വാച്ച് 6 ക്ലാസിക് മോഡലുകളാണ് ഈ സീരീസിൽ ഉൾപ്പെടുന്നത്. 40എംഎം മുതൽ 47എംഎം വരെ വലിപ്പമുള്ള ഡയലുകളുമായിട്ടാണ് ഈ വാച്ചുകൾ വരുന്നത്. എൽടിഇ, ബ്ലൂടൂത്ത് വി5.3 കണക്റ്റിവിറ്റി സപ്പോർട്ടുള്ള ഈ വാച്ചുകളിൽ മികച്ച ഹെൽത്ത്, ഫിറ്റ്നസ് ഫീച്ചറുകളും സാംസങ് നൽകിയിട്ടുണ്ട്. കനം കുറഞ്ഞ ബെസലുകളാണ് പുതിയ തലമുറ വാച്ചുകളുടെ മറ്റൊരു സവിശേഷത.

Samsung Galaxy Watch 6 | വിലയും ലഭ്യതയും

സാംസങ് ഗാലക്‌സി വാച്ച് 6ന്റെ വില 299 ഡോളർ മുതൽ ആരംഭിക്കുന്നു. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 24,500 രൂപയോളമാണ്. സാംസങ് ഗാലക്‌സി വാച്ച് 6 ക്ലാസിക്കിന്റെ വില 399 ഡോളർ മുതലാണ് ആരംഭിക്കുന്നത്. ഇത് ഏകദേശം 32,700 രൂപയോളമാണ്. രണ്ട് മോഡലുകളും ജൂലൈ 26 മുതൽ തിരഞ്ഞെടുത്ത വിപണികളിൽ പ്രീ-ഓർഡറിന് ലഭ്യമാകും. ഓഗസ്റ്റ് 11 മുതലാണ് വാച്ചുകളുടെ വിൽപ്പന ആരംഭിക്കുന്നത്. ബ്ലൂടൂത്ത്, എൽടിഇ വേരിയന്റുകളിലും 40 എംഎം, 44 എംഎം ഡയൽ ഓപ്ഷനിലും ഗാലക്‌സി വാച്ച് 6 ലഭ്യമാകും. ഗാലക്‌സി വാച്ച് 6 ക്ലാസിക് 43 എംഎം, 47 എംഎം ഡയലുകളിലും ബ്ലൂടൂത്ത്, എൽടിഇ മോഡലുകളിലും ലഭ്യമാകും.

സവിശേഷതകൾ

ഗാലക്‌സി വാച്ച് 6 സീരീസ് വാച്ചുകളിൽ 2 ജിബി റാമും 16 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമാണുള്ളത്. സാംസങ്ങിന്റെ സ്വന്തം എക്‌സിനോസ് ഡബ്ല്യു 930 എസ്ഒസിയുടെ കരുത്തിലാണ് ഈ വാച്ചുകൾ പ്രവർത്തിക്കുന്നത്. ഓൾവേയ്സ് ഓൺ-ഡിസ്‌പ്ലേ സവിശേഷതയുള്ള സഫയർ ക്രിസ്റ്റൽ അമോലെഡ് പാനലുകളാണ് രണ്ട് വാച്ചുകളിലും സാംസങ് നൽകിയിരിക്കുന്നത്. 40 എംഎം വാച്ച് 6ന് 1.3 ഇഞ്ച് സ്‌ക്രീനും 44 എംഎം മോഡലിന് 1.5 ഇഞ്ച് ഡിസ്‌പ്ലേയുമാണുള്ളത്. 43 എംഎം ഗാലക്സി വാച്ച് 6 ക്ലാസിക്കിന് 1.3 ഇഞ്ച് സ്‌ക്രീനും 47 എംഎം പതിപ്പിന് 1.5 ഇഞ്ച് പാനലുമുണ്ട്.

ഹെൽത്ത്, ഫിറ്റ്നസ് ഫീച്ചറുകൾ

ഗാലക്‌സി വാച്ച് 6 സീരീസ് സ്മാർട്ട് വാച്ചുകളും ഹാർട്ട്ബീറ്റ്, ഓക്സിജൻ, ഉറക്കം എന്നിവ നിരീക്ഷിക്കാനുള്ള സംവിധാനങ്ങളുമായിട്ടാണ് വരുന്നത്. ഈ വാച്ചുകളിൽ ഫിറ്റ്നസ് ട്രാക്കറുകളുമുണ്ട്. പുതിയ തലമുറ ഗാലക്സി വാച്ചിൽ സാംസങ് സ്ലീപ്പ് കോച്ചിങ് ഫീച്ചർ പോലുള്ള ഫീച്ചറുകളിൽ മെച്ചപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ട്. കസ്റ്റമൈസേഡ് ഫിറ്റ്‌നസ് കോച്ചിങ്ങും ഈ വാച്ചുകൾ നൽകുന്നുണ്ട്. പേഴ്സണലൈസ്ഡ് ഹാർട്ട്ബീറ്റ് സോണുകളും കാൽകുലേറ്റ് ചെയ്യാനും ഗാലക്‌സി വാച്ച് 6 സീരീസ് വാച്ചുകൾക്ക് സാധിക്കും.

ഒഎസ്

ഗാലക്‌സി വാച്ച് 6 സീരീസ് വാച്ചുകളിൽ AFib മോണിറ്ററുകൾ നൽകിയിട്ടുണ്ട്. ഇതിലൂടെ ക്രമരഹിതമായ രീതിയിൽ ഹാർട്ട്ബീറ്റ് ഉണ്ടാകുകയാണെങ്കിൽ അത് ഡിറ്റക്റ്റ് ചെയ്യാൻ സാധിക്കും. ഗാലക്‌സി വാച്ച് 6, ഗാലക്‌സി വാച്ച് 6 ക്ലാസിക്ക് എന്നിവ രക്തസമ്മർദ്ദം അറിയാനും ആർത്തവ സംബന്ധമായ ട്രാക്കിങ്ങുമായിട്ടാണ് വരുന്നത്. ഗൂഗിളിന്റെ വെയർ ഒഎസ് ബേസ്ഡ് വൺ യുഐ 5ലാണ് ഈ രണ്ട് വാച്ചുകളും പ്രവർത്തിക്കുന്നത്.

ബാറ്ററി

ഗാലക്‌സി വാച്ച് 6 40 എംഎം, 44 എംഎം മോഡലുകൾക്ക് യഥാക്രമം 300 എംഎഎച്ച്, 400 എംഎഎച്ച് ബാറ്ററികളുണ്ട്. ഗാലക്‌സി വാച്ച് 6 ക്ലാസിക്കിന്റെ 43 എംഎം, 47 എംഎം മോഡലുകൾക്ക് യഥാക്രമം 300 എംഎഎച്ച്, 400 എംഎഎച്ച് ബാറ്ററികളാണുള്ളത്. എഒഡി ഫീച്ചർ ഓൺ ചെയ്‌താൽ 30 മണിക്കൂർ ബാറ്ററി ലൈഫും എഒഡി ഫീച്ചർ ഓഫായാൽ 40 മണിക്കൂർ വരെ ബാറ്ററി ലൈഫും ഈ വാച്ചുകൾ നൽകുന്നു. WPC ബേസ്ഡ് വയർലെസ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ വാച്ചുകൾക്കുണ്ട്.

Similar Posts