Vivo U10

Vivo U10: നൽകുന്ന വിലയ്ക്കൊത്ത മൂല്യം

ബജറ്റ് സെഗ്മെന്റിൽ ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ വിവോ അവതരിപ്പിച്ച ഏറ്റവും പുതിയ ഫോണാണ് വിവോ U10. 8,990 രൂപ മുതൽ വിലയാരംഭിക്കുന്ന Vivo U10 ഏറ്റവും കൂടുതൽ പുത്തൻ ഹാൻഡ്‌സെറ്റുകൾ അനുദിനമെന്നോണം വിപണിയിലെത്തുന്ന പതിനായിരം രൂപയ്ക്ക് താഴെയുള്ള പ്രൈസ് സെഗ്മെന്റിലേക്കാണ് എത്തുന്നത്. പുതിയ ഫീച്ചറുകളുമായെത്തിയ വിവോ U10 സ്മാർട്ഫോൺ പ്രേമികളെ ആകർഷിക്കുമോ?

ഡിസ്പ്ലേ

ഹൈ റസല്യൂഷനിലുള്ള വീഡിയോകൾ കാണാൻ സാധിക്കുന്ന 6.5 ഇഞ്ചുള്ള വലിയ സ്‌ക്രീനാണ് വിവോ 10-ന്റേത്. ഗെയിം കളിക്കുമ്പോഴും IPS പാനലും 720 സ് 1544 പിക്സൽ റസല്യൂഷനുള്ള ഫോൺ കയ്യിലൊതുങ്ങും. ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് തുടങ്ങിയവയെല്ലാം പോപ്പുലറായി വരുന്ന ഈ സമയത്ത് ബജറ്റ് സ്മാർട്ഫോൺ പ്രേമികളുടെ വീഡിയോ ആവശ്യങ്ങൾക്കുതകുന്ന രീതിയിലാണ് വിവോ 10-ന്റെ ഡിസ്‌പ്ലേ സെറ്റിംഗ്സ്. സ്ക്രാച്ച് വരാത്ത ഡിസൈനൊന്നുമല്ല ഹാൻഡ്സെറ്റിന്റേത്. അതുകൊണ്ടുതന്നെ ഫോൺ വാങ്ങിയ ഉടനെ ഒരു സ്ക്രീൻകാർഡ് ഇടുന്നതാണ് നല്ലത്.

Vivo U10 | പെർഫോമൻസ്

4 ജിബി റാമുള്ള ക്വൽകോം സ്നാപ്ഡ്രാഗൺ 665 പ്രോസസറിലാണ് വിവോ 10 പ്രവർത്തിക്കുന്നത്. പബ്ജി, ഫ്രീ ഫയർ (Free Fire) തുടങ്ങിയ ഗെയിമുകൾ ഫോണിൽ എളുപ്പത്തിൽ കളിക്കാം. ഗെയിമുകൾ ലോഡ് ആവാനും സ്റ്റാർട്ട് ചെയ്യാനും കുറച്ചധികം സമയമെടുക്കുമെങ്കിലും ഫോൺ ഹാങ്ങ് ആവുന്നില്ല. ഗെയിം ബാക്ഗ്രൗണ്ടിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ വീഡിയോ കാണാൻ ശ്രമിച്ചപ്പോഴും നല്ല പെർഫോമൻസാണ് ഹാൻഡ്‌സെറ്റ് കാഴ്ചവെച്ചത്. ഹാങ്ങാവുന്ന ഈ പ്രൈസ് റേഞ്ചിലെ ഫോണുകൾക്കിടയിൽ വിവോയുടെ പുതിയ ഹാൻഡ്‌സെറ്റ് അത്യാവശ്യം ഒരു സ്റ്റാർ തന്നെയാണ്.

ശബ്ദം

ഹാൻഡ്‌സെറ്റിന് താഴെ ചാർജിങ് സ്ലോട്ടിന്റെയും ഇയർഫോണിന്റെയും അടുത്തയാണ് സ്പീക്കറുകൾ നൽകിയിട്ടുള്ളത്. ശബ്ദവിന്യാസം നല്ലതാണെങ്കിലും പാർട്ടികൾക്കോ മറ്റു ചടങ്ങുകൾക്കോ കൂടുതൽ ശബ്ദത്തിനുവേണ്ടി ഒരു സ്പീക്കറോ ആംപ്ലിഫയറോ ഉപയോഗിക്കേണ്ടി വരും. ഇയർഫോണിനൊപ്പവും വിവോ 10 സുഗമമായി പ്രവർത്തിക്കും. പക്ഷെ ഫോൺ വാങ്ങിക്കുമ്പോൾ ബോക്‌സിനൊപ്പം ഇയർഫോൺ ലഭിക്കില്ല, ഇതിനായി അധികം പൈസ ചിലവാക്കിയേ തീരൂ.

മറ്റ് ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകളിലേത് പോലെയല്ല ഈ ഫോണിലെ സ്ക്രീൻ ഷോർട് കട്ടുകൾ. പക്ഷെ ഒന്നോ രണ്ടോ വട്ടം ഉപയോഗിക്കുമ്പോഴേക്കും ഇതെല്ലം പരിചിതമാവും. രാത്രിയിലും ഇരുട്ടത്തുമെല്ലാം കണ്ണിന് പ്രയാസമില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ ഐ പ്രൊട്ടക്ഷനും ഡാർക്ക് മോഡും വിവോ മെനുവിൽ നൽകിയിട്ടുണ്ട്.

സ്പീഡ് അപ്പ് (Speed Up), അൾട്രാ ഗെയിം മോഡ് (Ultra Game Mode) എന്നിവ ക്യാഷെ ഡാറ്റ ഡിലീറ്റ് ചെയ്യാനും അപ്ലിക്കേഷനുകൾ വേഗത്തിൽ പ്രവർത്തിക്കാനും സഹായിക്കുന്നുണ്ട്. നീണ്ട മെനുവിൽ നിന്നും ആവശ്യമുള്ള ഫീച്ചറുകൾ സെലക്ട് ചെയ്യാൻ കുറച്ചധികം സമയമെടുക്കും. പക്ഷെ ഫോൺ ഉപയോക്താവിന് സ്ഥിരമായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകൾക്ക് ഷോർട് കട്ട് സൃഷ്ടിച്ചാൽ ഈ പ്രശ്നത്തിന് പരിഹാരമാവും.

ക്യാമറ

മൂന്നു ക്യാമറകളുമായാണ് വിവോ U10 വരുന്നത്. 13-മെഗാപിക്സൽ പ്രൈമറി ക്യാമറ + 2 -മെഗാപിക്സൽ + 2-മെഗാപിക്സൽ ഡെപ്ത് സെൻസർ ക്യാമറ എന്നിവയാണ് പിറകിലുള്ളത്. സെൽഫികൾക്കായി മുൻഭാഗത്ത് 8-മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്. പകൽ വെളിച്ചത്തിൽ 2X സൂമിലും സുഗമമായി പ്രവർത്തിക്കുന്ന ക്യാമറ കുറഞ്ഞ വെളിച്ചത്തിൽ ഫോക്കസ് ചെയ്യാൻ കുറച്ചു സമയം കൂടുതലെടുക്കുന്നുണ്ട്. സ്വാഭാവികമായ നിറങ്ങളേക്കാൾ കുറച്ച് ഫിൽറ്ററുകൾ ആഡ് ചെയ്ത ചിത്രങ്ങളാണ് പിൻക്യാമറ ഉപയോഗിക്കുമ്പോൾ ലഭിക്കുക. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഫിൽറ്ററുകളുള്ള ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് ഈ ഫീച്ചർ ഇഷ്ടപ്പെടുമെന്നുറപ്പാണ്. ആർട്ടിഫിഷ്യൽ ബ്യുട്ടീ ഫിൽറ്ററുകൾ ഇഷ്ടമുള്ളവർക്ക് ഉപയോഗിക്കാൻ ഒരുപാട് ഫിൽറ്ററുകളും വിവോ U10 ലുണ്ട്. വീഡിയോകൾ റെക്കോർഡ് ചെയ്യുമ്പോൾ ഫോക്കസ് ചെയ്യാൻ കുറച്ച് സെക്കൻഡുകൾ അധികം ഫോണെടുക്കുന്നുണ്ട്.

ബാറ്ററി

5000 mAh ആണ് വിവോ 10 ന്റെ ബാറ്ററി ശേഷി. 18 W ചാർജറും ഹാൻഡ്സെറ്റിനൊപ്പം ലഭിക്കും. 12 മണിക്കൂർ തുടർച്ചയായി ഉപയോഗിച്ചാലും ഫോണിൽ മുപ്പത് ശതമാനം ബാറ്ററി അവശേഷിക്കും. ഇനി നെറ്റും, ബ്രൗസിങ്ങും ഒന്നുമില്ലാതെ കോളുകൾക്കും, ഫോട്ടോകൾ എടുക്കാനും വല്ലപ്പോഴും വിഡിയോകൾ കാണാനുമാണ് ഫോൺ ഉപയോഗിക്കുന്നതെങ്കിൽ വിവോ 10 രണ്ട് ദിവസം നീണ്ടുനിൽക്കും. വൺപ്ലസ് ചാർജറിന്റെ അത്ര സ്പീഡില്ലെങ്കിലും ഈ പ്രൈസ് റേഞ്ചിൽ 18W ചാർജറും ഒരു പുതിയ ഡീലാണ്‌. ഇരുനൂറ് മിനിറ്റുകൾക്കുള്ളിൽ ഫോൺ പൂജ്യത്തിൽ നിന്നും നൂറ് ശതമാനം വരെ ചാർജാവും.

Vivo U10 വിപണിയിൽ

സ്ക്രീൻ റെക്കോർഡിങ്, ബൈക്ക് മോഡ്, ആപ്പ് ക്ളോണിങ് എന്നീ പുതിയ ഫീച്ചറുകൾ വെച്ചുനോക്കുമ്പോൾ വിവോ U10 അതിന്റെ വിലയ്‌ക്കൊത്ത മൂല്യമുള്ള ഹാൻഡ്‌സെറ്റാണ്. ഷവോമി, റിയൽമി എന്നീ ബ്രാൻഡുകളുടെ ഏറ്റവും കൂടുതൽ ഫോണുകൾ ഇറങ്ങുന്ന പ്രൈസ് സെഗ്‌മെന്റിലാണ് വിവോ U10 എത്തുന്നത്. റെഡ്മി 8 , റിയൽമി 5 എന്നീ ഫോണുകൾ വിവോ U10 സ്മാർട്ഫോണിനെക്കാൾ കുറഞ്ഞ പ്രൈസ് ടാഗുമായാണ് എത്തുന്നത്. അതുകൊണ്ടുതന്നെ പതിനായിരം രൂപ ബഡ്ജറ്റിൽ ഫോൺ വാങ്ങാൻ തീരുമാനിക്കുന്നവർക്ക് ഫോണിന്റെ വിലയായ 10990 ലെ 990 രൂപ ചിലപ്പോൾ അധികമായി തോന്നിയേക്കാം.

Similar Posts