ഹിപ് ഹോപ് തമിഴയില്ലാതെ എന്ത് ‘തനി ഒരുവൻ’! വില്ലനായെത്തുന്നത് ഫഹദ് ഫാസിലോ? സോഷ്യൽ മീഡിയ ചർച്ചകളിങ്ങനെ
തനി ഒരുവൻ
മികച്ച തിരക്കഥ, സംവിധാനം, ആക്ഷൻ, ജയം രവി-നയൻതാര കോംബോ, ഒപ്പം നായകനൊപ്പമോ ഒരുപടി മുകളിലോ നിൽക്കുന്ന അരവിന്ദ് സ്വാമിയുടെ വില്ലൻ വേഷം. ഇതായിരുന്നു തനി ഒരുവൻ എന്ന ചിത്രത്തിൽ പ്രേക്ഷകരെ ഏറെ ആകർഷിച്ചത്. ഒപ്പം ടെക്നിക്കൽ സൈഡും മികച്ചുനിന്നു. 2015 ൽ പുറത്തിറങ്ങിയ തനി ഒരുവൻ ആ വർഷത്തെ തമിഴിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു. ചിത്രത്തിന്റെ എട്ടാം റിലീസിംഗ് വാർഷികത്തോടനുബന്ധിച്ച് തനി ഒരുവൻ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് സംവിധായകൻ മോഹൻ രാജ. ഇതോടെ നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
പ്രൊമോ വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. എജിഎസ് എന്റർടെയ്ൻമെന്റാണ് രണ്ടാം ഭാഗവും നിർമ്മിക്കുന്നത്. ജയം രവിയും നയൻതാരയും ഐപിഎസ് മിത്രൻ, ഫോറൻസിക് സ്പെഷ്യലിസ്റ്റ് മഹിമ എന്നീ കഥാപാത്രങ്ങളെ തന്നെയാണ് അവതരിപ്പിക്കുക എന്നാണ് പ്രൊമോ വീഡിയോ നൽകുന്ന സൂചന. ഹിപ്ഹോപ് തമിഴയാണ് തനി ഒരുവന് സംഗീതം നൽകിയത്. രണ്ടാം ഭാഗത്തിൽ സാം സിഎസാണ് സംഗീത സംവിധാനം. നീരവ് ഷാ ഡിഒപി നിർവഹിക്കും. തനി ഒരുവൻ 2ന്റെ പ്രൊമോ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് സംവിധായകൻ എഎൽ വിജയിയാണ്.
തമിഴ് സിനിമയിലെ ഏറ്റവും മികച്ച സഹോദര ബന്ധമാണ് ജയം രവിയും മോഹൻ രാജയും തമ്മിലുള്ളത്. ജയം എന്ന ചിത്രത്തിലൂടെ അനിയന് ജയം രവി എന്ന പേര് സമ്പാദിച്ചത് മുതൽ ഇന്നും ജയം രവിക്ക് കൂടുതൽ മികച്ച വേഷങ്ങൾ നൽകുന്നത് വരെയും ഈ ബന്ധം ദൃഢമായി തുടരുകയാണ്. ഇത്രയും സഹോദര സ്നേഹമുള്ള വേറൊരു സംവിധായകനും തമിഴ് സിനിമയിൽ ഉണ്ടാകാൻ ഇടയില്ല എന്ന രീതിയിലുള്ള ചർച്ചകളാണ് ചിത്രവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലെ മൂവി ഗ്രൂപ്പുകളിൽ നടക്കുന്നത്. ജയം എന്ന സിനിമയ്ക്ക് പിന്നാലെ എത്തിയ എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന ചിത്രം കേരളത്തിലടക്കം സൂപ്പർ ഹിറ്റായി.
വീണ്ടും തുടരെ ഹിറ്റുകൾ വന്നു കൊണ്ടേയിരുന്നു. ഉനക്കും എനക്കും, സംതിങ് സംതിങ്, സന്തോഷ് സുബ്രമണ്യം, തില്ലാലങ്കടി എന്നിങ്ങനെ സിനിമകൾ വന്നു ഹിറ്റടിച്ചു. 8 വർഷങ്ങൾക്ക് ശേഷം സഹോദരൻമാരുടെ ആ കൂട്ട് കെട്ട് വീണ്ടും ഒന്നിക്കുകയാണ് തനി ഒരുവന്റെ രണ്ടാം ഭാഗത്തിലൂടെ. പൊന്നിയിൻ സെൽവൻ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ജയം രവിയുടെ പുതിയ പെർഫോമൻസുകൾക്കായി കോളിവുഡ് മാത്രമല്ല, മോളിവുഡും കാത്തിരിക്കുകയാണ്.
ഈ സിനിമയെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് ആക്കം കൂടുന്നത് അരവിന്ദ് സ്വാമി എന്ന ലെജന്റിന്റെ സാന്നിധ്യം ഉണ്ടാകുമെന്ന പ്രതീക്ഷ കൂടിയാണ്. 1991-ൽ മണിരത്നം ഒരുക്കിയ ദളപതിയിലൂടെ തമിഴകത്ത് അരങ്ങേറിയ അരവിന്ദ് സ്വാമി റോജ എന്ന സിനിമയിലൂടെയാണ് റൊമാന്റിക് ഹീറോ ആയി കൂടുതൽ പ്രേക്ഷക പ്രീതി നേടിയത്. ഡാഡി, ബോംബെ, മിൻസാരകനവ്, ദേവരാഗം, എൻ ശ്വാസ കാട്രേ, കടൽ എന്നിങ്ങനെ നിരവധി സിനിമകളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച അദ്ദേഹം പിന്നീട് ഇടവേളയെടുക്കുകയും ചെയ്തു.
തിരിച്ചുവരവിൽ കൊടൂര വില്ലനായുള്ള അദ്ദേഹത്തിന്റെ എൻട്രിയായിരുന്നു തനി ഒരുവനിലേത്. സ്റ്റൈലിഷ് വില്ലൻ എന്നതും അദ്ദേഹത്തെ ഏറെ വ്യത്യസ്തനാക്കിയിരുന്നു. ആദ്യ ഭാഗത്തിൽ അദ്ദേഹത്തിന്റെ കഥാപാത്രം വടികൊണ്ട് വീഴുന്നതായാണ് ക്ലൈമാക്സിൽ കാണിച്ചിരുന്നത്. അതുകൊണ്ടു തന്നെ രണ്ടാം ഭാഗം പറയുന്നത് മറ്റൊരു കഥയായിരിക്കാമെന്നാണ് സൂചന. ആദ്യ ഭാഗത്തിൽ വില്ലനെത്തേടി നായകൻ പോയെങ്കിൽ രണ്ടാം ഭാഗത്തിൽ നായകനെത്തേടി വില്ലനെത്തും എന്നാണ് പ്രൊമോ വിഡിയോയിൽ പറയുന്നത്. ചിത്രത്തിലെ കൂടുതൽ കാസ്റ്റിംഗ് വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയാൻ കഴിഞ്ഞേക്കും.